
തിരുവനന്തപുരം: രാഷ്ട്രീയ ഉന്നംവച്ച് എന്തു വൃത്തികെട്ട നിലപാട് സ്വീകരിക്കുന്നതിനും ഇ.ഡിക്ക് മടിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സീതാറാംയെച്ചൂരി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പിണറായിയേയും കുടുംബത്തേയും തകർക്കാൻ ആർ.എസ്.എസും ബി.ജെ.പിയും ഇ.ഡിയെ ഉപയോഗിക്കുകയാണ്.
3.28 കോടി കൈക്കൂലി വാങ്ങിയെന്നാണ് ആദ്യം പുറത്തുവന്നത്. അതു ചെറുതായിപ്പോയെന്ന് തോന്നിയതുകൊണ്ടാകാം പിന്നീടത് 20 കോടിയാക്കിയത്. പാർട്ടിയെ പ്രതിയാക്കുകയെന്ന പുതിയ രീതി കരുവന്നൂർ ബാങ്ക് കേസിൽ ഇ.ഡി പ്രയോഗിച്ചിട്ടുണ്ട്. പാർട്ടി ജില്ലാ സെക്രട്ടറിയെയാണ് കേസിൽ പ്രതിയാക്കിയിട്ടുള്ളത്. ഇ.ഡിയുടെ അധികാരം നഷ്ടപ്പെടുമെന്ന് മനസിലാക്കിയാണ് പിണറായിക്കെതിരെ പുതിയ കേസെടുക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്. കേസുകൊണ്ട് സി.പി.എമ്മിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. പിണറായി വിജയനേയും സി.പി.എമ്മിനേയും മാദ്ധ്യമങ്ങൾ എഴുതിയുണ്ടാക്കിയതല്ല. ത്യാഗോജ്ജ്വലമായ പ്രവർത്തനത്തിന്റെ ഉൽപ്പന്നമായി വളർന്നതാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
സി.പി.എമ്മിനെതിരേ കോൺഗ്രസ് കളിക്കുന്ന വൃത്തികെട്ട രാഷ്ട്രീയം ബി.ജെ.പിക്കാണ് ശക്തിപകരുന്നതെന്ന് സി.പി.എം നേതാവ് ബൃന്ദാകാരാട്ട് പറഞ്ഞു. പിണറായി വിജയനെതിരേ ഒരു കോൺഗ്രസ് എം.എൽ.എ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോയി പരാജയപ്പെട്ടു. തക്കംപാർത്തിരുന്ന എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അതിൽ ചാടി വീഴുകയായിരുന്നു. 'ഇഡി ചെയ്യുന്നത് ശരി' എന്നാണ് ഇവിടത്തെ കോൺഗ്രസ് പ്രസിഡന്റ് പറയുന്നത്. രാഹുൽഗാന്ധി മുതൽ കോൺഗ്രസ് മുഖ്യമന്ത്രിമാരെയെല്ലാം ലക്ഷ്യമിട്ട് ഇഡി വന്നപ്പോൾ അവർ ശരിയായിരുന്നോ എന്ന് സണ്ണി ജോസഫ് വ്യക്തമാക്കണമെന്നും ബൃന്ദാകാരാട്ട് പറഞ്ഞു.
മുൻ വിവരാവകാശ കമ്മിഷണറും എഴുത്തുകാരനുമായ കെ.വി. സുധാകരൻ ഇംഗ്ലീഷിൽ രചിച്ച് ചിന്ത പബ്ളിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന വി.എസ്.അച്യുതാനന്ദന്റെ ജീവചരിത്രം 'റെഡ് സോയിൽ അയൺ വിൽ, ദ ജേർണി ഒഫ് വി.എസ്. ബൃന്ദ കാരാട്ട് പ്രകാശനം ചെയ്തു. കോഴിക്കോട് ചിലങ്ക ഫ്‌ളോട്ടിംഗ് തിയേറ്റർ 'മിസ' നാടകം അവതരിപ്പിച്ചു. യെച്ചൂരി: ഓർമ, കാലം ഫോട്ടോപ്രദർശനവുമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |