SignIn
Kerala Kaumudi Online
Thursday, 17 September 2026 3.05 AM IST

കൊടിക്കുന്നിൽ ഉൾപ്പെടെ 12 പേർക്ക് പരിക്ക് ( ഡെക്ക് ) കുട്ടനാട്ടിൽ യു.ഡി.എഫ് ബ്ളാക്ക് മാർച്ചിൽ സംഘർഷം

മാർച്ച് നെല്ലിന്റെ വില കിട്ടാത്തതിൽ പ്രതിഷേധിച്ച്

കുട്ടനാട്: പുഞ്ചകൃഷിയിൽ സംഭരിച്ച നെല്ലിന്റെ വില ലഭിക്കാത്തതിൽ പ്രതിഷേധിച്ച്, മങ്കൊമ്പ് നെൽഗവേഷണ കേന്ദ്രത്തിൽ മന്ത്രിമാർ പങ്കെടുത്ത കരുതലും കൈത്താങ്ങും അദാലത്ത് വേദിയിലേക്ക് യു.ഡി.എഫ് കുട്ടനാട് മണ്ഡലം കമ്മിറ്റി നടത്തിയ ബ്ളാക്ക് മാർച്ച് സംഘർഷത്തിൽ കലാശിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി ഉൾപ്പെടെ 9 കോൺഗ്രസ് നേതാക്കൾക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു. സംഘർഷത്തിൽ അമ്പലപ്പുഴ ഡിവൈ എസ്.പി ഉൾപ്പെടെ 3 പൊലീസുകാർക്കും പരിക്കേറ്റു.

കുട്ടനാട് സൗത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സി.വി.രാജീവ്,ഡി.സി.സി ജില്ലാ വൈസ് പ്രസിഡന്റ് സജു ജോസഫ്, യു.ഡി.എഫ് ചെയർമാൻ ജോസഫ് ചേക്കേടൻ, ബ്ളോക്ക് പഞ്ചായത്ത് അംഗം മധു സി.കുളങ്ങര എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ജോഷി കൊല്ലറ , ജി.സുരാജ്, വനിത കോൺസ്റ്റബിൾ ബിന്ദുപണിക്കർ എന്നിവർ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലും തങ്കച്ചൻ ചമ്പക്കുളം സി.എച്ച്.സിയിലും ജോർജ്മാത്യു പഞ്ഞിമരം നെടുമുടി സി.എച്ച്.സിയിലും ചികിത്സ തേടി. പൊലീസിന്റെ ബലപ്രയോഗത്തിൽ കൊടിക്കുന്നിൽ സുരേഷിന്റെ വലത് കഴുത്തിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പൊലീസാണ് എം.പിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ഡിവൈ എസ്.പിയുടെ ഇടതുകൈയിലെ മോതിരവിരലിനാണ് പരിക്കേറ്റത്.


ഇന്നലെ ഉച്ചയ്ക്ക് 12മണിയോടെ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലാണ് സംഭവം. 11മണിയോടെ സ്ത്രീകൾ ഉൾപ്പെടെ 250ഓളം കർഷകർ കറുത്ത വസ്ത്രംധരിച്ച് കരിങ്കൊടിയേന്തി മങ്കോമ്പ് ബ്ളോക്ക് ജംഗ്ഷനിൽ നിന്ന് മാർച്ച് ചെയ്തു. താലൂക്ക് ഓഫീസ് റോഡിലെത്തിയപ്പോൾ അമ്പലപ്പുഴ ഡിവൈ എസ്.പി ബിജു വി.നായരുടെ നേതൃത്വത്തിൽ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. കർഷകർക്ക് പണം നൽകാനായി പാഡി ഓഫീസിൽ നിന്ന് നൽകുന്ന പാഡി റസീപ്റ്റ് ഷീറ്റുകൾ (പി.ആർ.എസ്) കത്തിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി സമരം ഉദ്ഘാടനം ചെയ്തു. പ്രവർത്തകർ ബാരിക്കേഡ് തള്ളിമറിക്കാൻ ശ്രമിച്ചു. ഡിവൈ എസ്.പി നിലത്തു വീണതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. തുടർന്ന് കൊടിക്കുന്നിൽ സുരേഷിന്റെ നേതൃത്വത്തിൽ സമരക്കാർ എ.സി റോഡ് ഉപരോധിച്ചു. ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കൊടിക്കുന്നിൽ ഉൾപ്പെടെ കണ്ടാലറിയാവുന്ന 100പേർക്ക് എതിരെ കേസ്സെടുത്തു.

കർഷകരോട് പ്രതിബദ്ധതയില്ലാത്ത സർക്കാരാണ് ഭരിക്കുന്നത്. മന്ത്രിമാർ പങ്കെടുത്ത അദാലത്തിൽ നെൽവില കിട്ടുന്നില്ലെന്ന് അറിയിക്കാനാണ് സമാധാന പരമായി മാർച്ച് നടത്തിയത്. പ്രകോപനമില്ലാതെ ജനപ്രതിനിധികളെയും കർഷകരെയും മർദ്ദിക്കുകയായിരുന്നു. നെല്ലിന്റെ വില കിട്ടും വരെ കർഷകർക്കൊപ്പം സമരമുഖത്ത് ഉണ്ടാകും

കൊടിക്കുന്നിൽ സുരേഷ് എം.പി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA