
തിരുവനന്തപുരം:സർവകലാശാലകൾക്ക് സ്വന്തമായി വികസിപ്പിച്ച ഇ.ആർ.പി(എന്റർപ്രൈസ് റിസോഴ്സ് പ്ലാനിംഗ്) സോഫ്റ്റ്‌വെയറുകളിലേക്ക് മാറുന്നതിനുളള സാദ്ധ്യതകൾ പരിശോധിക്കുന്നതിന് ഉന്നതവിദ്യാഭ്യാസകൗൺസിൽ യോഗം വിളിച്ചുചേർത്തു.
കെ-റീപ്പിന് പകരം സ്വന്തമായി വികസിപ്പിച്ച സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ തീരുമാനിച്ചതായി കേരള സർവകലാശാല അധികൃതർ അറിയിച്ചു.
സർവകലാശാലകളിൽ ഉപയോഗിച്ചുവരുന്ന, മഹാരാഷ്ട്രയിലെ കമ്പനി വികസിപ്പിച്ച
കെ-റീപ്പ് സോഫ്റ്റ്‌വെയറിനെക്കുറിച്ച് പരാതിയുയർന്ന
സാഹചര്യത്തിലായിരുന്നു മന്ത്രി റോജി.എം.ജോണിന്റെ അദ്ധ്യക്ഷതയിലുളള യോഗം.
ഓരോ സർവകലാശാലയും സ്വന്തം ഇ.ആർ.പി സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനാൽ, വിദ്യാർത്ഥികളുടെ അന്തർസർവകലാശാല സേവനങ്ങൾ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയായി. ഇതിനായി പൊതുവായ പ്രവർത്തനങ്ങൾ മാത്രം നിർവഹിക്കുന്ന ഏകീകൃത സോഫ്റ്റ്‌വെയർ ഉപയോഗിക്കാം.
ഓരോ സർവകലാശാലയും ഉപയോഗിക്കുന്ന ഇ.ആർ.പി സംവിധാനങ്ങൾ അക്കാഡമിക് ബാങ്ക് ഒഫ് ക്രെഡിറ്റ്‌സ് (എബിസി), നാഷണൽ അക്കാഡമിക് ഡെപ്പോസിറ്ററി (എൻഎഡി)എന്നിവയുമായി ബന്ധിപ്പിച്ചിരിക്കണമെന്നും വിദ്യാർത്ഥികൾക്ക് തടസ്സമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.
പരീക്ഷാഫലം പ്രഖ്യാപിക്കുന്നദിവസം ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിലൂടെ വിദ്യാർത്ഥികളുടെ മൊബൈൽഫോണുകളിൽ ലഭിക്കുന്നതും ഉറപ്പാക്കണം.
ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത് ശങ്കർ, മെമ്പർ സെക്രട്ടറി ഡോ.ആബിദഫാറൂഖി, കണ്ണൂർ, ഡിജിറ്റൽസർവകലാശാലകളുടെ വൈസ് ചാൻസലർമാർ, രജിസ്ട്രാർമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |