SignIn
Kerala Kaumudi Online
Wednesday, 29 July 2026 1.42 PM IST

ചാറ്റ് ചെയ്ത് വശത്താക്കി കണ്ണിയാക്കും, അദ്ധ്യാപികമാരുടെ ലക്ഷ്യം കോളേജ് വിദ്യാർത്ഥിനികൾ; എല്ലാം ആഡംബരത്തിനായി

vadakara-mdma-case
ലഹരിക്കേസിൽ അറസ്റ്റിലായ അദ്ധ്യാപികമാർ

കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അദ്ധ്യാപികമാർ ലഹരിക്കച്ചവടത്തിനായി ലക്ഷ്യം വച്ചത് കോളേജ് വിദ്യാർത്ഥിനികളെയാണെന്ന് വിവരം. ഇതുമായി ബന്ധപ്പെട്ട നിർണായക വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു. വിദ്യാർത്ഥിനികളെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് ചാറ്റിംഗിലൂടെ കണ്ണിയാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണം ഡെലിവറി ചെയ്യുന്ന ആപ്പിന്റെ മറവിലായിരുന്നു ലഹരി എത്തിച്ച് നൽകിയത്.

ഇവരുടെ ഇടപാടുകൾ ആർക്കും സംശയം തോന്നാത്ത വിധത്തിലായിരുന്നു. അദ്ധ്യാപികമാരാണെന്നതുകൊണ്ട് തന്നെ ആരും സംശയിച്ചിരുന്നില്ല. സൂംബ ക്ലാസും ബൺ വിൽപനയും ലഹരിക്കടത്തിന് മറയാക്കി നടത്തിയിരുന്നു. ഫുഡ് ആപ്പ് വഴി ലഹരി കടത്തിയിരുന്ന ഡെലിവറി ബോയ് കൂടെ അറസ്റ്റിലായതോടെ കൂടുതൽ വിവരങ്ങൾ ലഭിച്ചത്. മൂന്ന് അദ്ധ്യാപികമാരും ആദ്യം ലഹരി ഉപയോഗിച്ചായിരുന്നു തുടക്കം. പിന്നീട് ലഹരി ഉപയോഗിക്കാൻ പണമില്ലാതെ വന്നതോടെയാണ് ഏജന്റുമാരായി മാറിയതെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.

കൂടുതൽ അദ്ധ്യാപികമാരെ ലഹരിക്കണ്ണിയിൽ പെടുത്താനുള്ള ശ്രമം നടന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ബംഗളൂരുവിൽ നിന്നാണ് ലഹരി മരുന്ന് കോഴിക്കോട്ടേക്ക് എത്തിച്ചത്. അദ്ധ്യാപികമാർ ബംഗളൂരുവിലേക്ക് യാത്ര ചെയ്തതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. അദ്ധ്യാപക ജോലി താത്കാലികമായതിനാൽ തുച്ഛമായ ശമ്പളമാണ് ലഭിച്ചിരുന്നത്. എന്നാൽ ഇവർ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. ഇടപാടുകൾക്ക് കമ്മിഷൻ ലഭിച്ചിരുന്നെന്നാണ് വിവരം.

ലഭിച്ച പണം എന്തൊക്കെ ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചത്, മറ്റ് അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടോ, സ്വത്ത് വാങ്ങാനോ മറ്റോ ഉപയോഗിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. രണ്ടാഴ്ച മുമ്പ് എം.ഡി.എം.എ കേസിൽ അറസ്റ്റിലായ റിസ്വാനിൽ നിന്നാണ് അദ്ധ്യാപികമാരിലേക്ക് അന്വേഷണമെത്തുന്നത്. റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VADAKARA MDMA CASE, MDMA CASE KERALA, VADAKARA TEACHERS ARREST, VADAKARA MDMA, COLLEGE STUDENTS DRUG CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA