SignIn
Kerala Kaumudi Online
Friday, 02 October 2026 1.42 AM IST

വയോജന അവകാശം സമഗ്ര നിയമനിർമ്മാണം കൊണ്ടുവരും: മുഖ്യമന്ത്രി 

vd

തിരുവനന്തപുരം:വയോജനാവകാശങ്ങൾക്ക് നിയമപരിരക്ഷ ഉറപ്പാക്കാൻ സമഗ്ര നിയമനിർമ്മാണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇതിനുള്ള കരട് തയ്യാറാക്കിയുണ്ട്. വയോജനകമ്മിഷന്റെ വയോജനദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ ഇത്തരം നിയമനിർമ്മാണം ആദ്യമായിട്ടാണ്. ഇത് ഔദാര്യമല്ല, അവകാശമാണ്. പുരോഗതിക്ക് വയോജനപങ്കാളിത്തം ഉറപ്പാക്കാനാണ് സിൽവർ ഇക്കോണമി നടപ്പാക്കുന്നത്. പുതുതലമുറയേയും മുതിർന്നവരേയും ഒരുമിപ്പിക്കുന്ന സംവിധാനമാണിത്. 2036 ഓടെ പ്രായമാകുന്നവരുടെ എണ്ണം കേരളത്തിൽ ആകെ ജനസംഖ്യയുടെ 32 ശതമാനത്തോളമാകും.

സംസ്ഥാനതലത്തിൽ ഡയറക്ടറേറ്റും ജില്ലാതലത്തിൽ കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ സമിതികളും രൂപീകരിക്കും. പ്രായമായവരുടെ സ്ഥിതിവിവരക്കണക്ക് ശേഖരിച്ച് രജിസ്റ്ററുണ്ടാക്കും. വിദേശമാതൃകകൾ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. അടുത്ത അദ്ധ്യയനവർഷം കോളേജുകളിൽ കെയർഗിവിംഗ് കോഴ്സ് തുടങ്ങും. സാമ്പത്തികമായി പിന്നാക്കമുളളവർക്ക് തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ കെയർഗിവിംഗ് നൽകും. പാലിയേറ്റീവ് കെയർ ഇതോടൊപ്പം സംയോജിപ്പിക്കും.

സന്നദ്ധസംഘടനകൾ സഹകരിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. വയോജനങ്ങൾക്കായി കുടുംബശ്രീ മാതൃകയിൽ അയൽപ്പക്കസഹായശൃംഖലകളും തദ്ദേശസ്ഥാപനങ്ങളിൽ ഹെൽപ്പ്ഡസ്‌കുകളും തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കിടപ്പുരോഗികളെ വീടുകളിലെത്തി പരിശോധിക്കാനും മരുന്നുകളെത്തിക്കാനും പ്രത്യേകടീമിനെ രൂപീകരിച്ചതായി മന്ത്രി കെ.മുരളീധരൻ അറിയിച്ചു. പ്രായമായവരെ ആശുപത്രിയിൽ എത്തിക്കാനായി ഐ.സി.യു യൂണിറ്റുള്ള 108 ആംബുലൻസുകൾ 300 എണ്ണം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വയോജനങ്ങൾ ബാദ്ധ്യതയല്ല, സാദ്ധ്യതയാണ് എന്നതാണ് നയമെന്ന് അദ്ധ്യക്ഷനായ മന്ത്രി സി.പി.ജോൺ പറഞ്ഞു. വയോജനകമ്മിഷൻ ചെയർപേഴ്സൺ കെ.സോമപ്രസാദ്, വയോജനക്ഷേമവകുപ്പ് സെക്രട്ടറി രത്തൻ.യു.കേൽക്കർ, സ്‌പെഷ്യൽ സെക്രട്ടറി അബ്ദുൾനാസർ, ഡയറക്ടർ ഡോ.അരുൺ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA