SignIn
Kerala Kaumudi Online
Friday, 02 October 2026 2.41 AM IST

ദീപ്തസ്മരണയായി കൃഷ്ണമൂർത്തി; സൂര്യ ഫെസ്റ്റിവലിന് തുടക്കം

soorya

തിരുവനന്തപുരം: 48 വർഷം നയിച്ച സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം. സൂര്യകൃഷ്ണമൂർത്തിയുടെ ദീപ്തസ്മരണയിൽ അരങ്ങേറിയ മേളയുടെ തുടക്കത്തിൽ അദ്ദേഹത്തിന്റെയും മക്കളായ ലക്ഷ്മണിന്റെയും സീതയുടെയും ശബ്ദസന്ദേശങ്ങൾ കേൾപ്പിച്ചത് വികാരസാന്ദ്രമാക്കി.

കെ.എസ്.ഹരിശങ്കറിന്റെ കർണാടക സംഗീതക്കച്ചേരിയോടെയായിരുന്നു തുടക്കം. തംബുരു മീട്ടി ഭാര്യ ഗാഥ സിദ്ധാർത്ഥനും പങ്കാളിയായി. സൂര്യകൃഷ്ണമൂർത്തിയോടുള്ള ആദരസൂചകമായി ഗണേശം ഓഡിറ്റോറിയത്തിന് മുന്നിലെ ഗവ. ഗസ്റ്റ് ഹൗസ്-ആർട്സ് കോളേജ് റോഡ് ഉടൻ സൂര്യവീഥി എന്ന് അറിയപ്പെടുമെന്ന് സംഘാടകർ അറിയിച്ചു.

ഇന്ത്യയിലുടനീളമുള്ള രണ്ടായിരത്തിലധികം കലാകാരന്മാർ ഇത്തവണ മേളയിലെത്തും. തിരുവനന്തപുരം തൈക്കാടുള്ള ഗണേശം ഓഡിറ്റോറിയത്തിൽ വൈകിട്ട് 6.45ന് പരിപാടികൾ ആരംഭിക്കും. സംഗീതം, നൃത്തം, നാടകം, സിനിമ (മലയാളം-തമിഴ് ചലച്ചിത്രമേള, ഇന്ത്യൻ പനോരമ ഫിലിം ഫെസ്റ്റിവൽ), പെയിന്റിംഗ് എക്സിബിഷൻ, സാഹിത്യോത്സവം തുടങ്ങിയവ ഫെസ്റ്റിവലിന്റെ ഭാഗമാകും.

ഒക്ടോബർ 10 വരെ നടക്കുന്ന നൃത്തസംഗീതമേളയിൽ പാർശ്വനാഥ് ഉപാദ്ധ്യായയും സംഘവും, മീനാക്ഷി ശ്രീനിവാസൻ, പ്രിയദർശിനി ഗോവിന്ദ്, ഹരീഷ് രാമകൃഷ്ണൻ, പല്ലവി കൃഷ്ണൻ, ലക്ഷ്മീ ഗോപാലസ്വാമി, ആശാശരത്, നവ്യാനായർ, ജാനകി രംഗരാജൻ എന്നിവർ പങ്കെടുക്കും.

111 ദിവസങ്ങൾ നീണ്ട കലാവസന്തം 2027 ജനുവരി 21ന് എം.ജയചന്ദ്രനും കാവാലം ശ്രീകുമാറും ചേർന്നവതരിപ്പിക്കുന്ന കർണാടകസംഗീത ജുഗൽബന്ദിയോടെ സമാപിക്കും. അടുത്തവർഷം ഫെസ്റ്റിവലിന്റെ സുവർണ്ണജൂബിലി ആഘോഷിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SOORYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA