
തിരുവനന്തപുരം: മന്ത്രിമാരെ വഴിയിൽ തടയുന്നതടക്കം തുടരെ പ്രതിഷേധങ്ങളുണ്ടാവുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയോടെയുള്ള നടപടികളെടുക്കാൻ ഐ.ജിമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും ഡി.ജി.പി റവാഡ ചന്ദ്രശേഖർ നിർദ്ദേശം നൽകി. മന്ത്രിമാരുടെ യാത്രകളിലും പരിപാടികളിലും കൂടുതൽ സുരക്ഷ ഏർപ്പെടുത്തണം. പ്രതിഷേധക്കാർ വാഹനത്തിന് മുന്നിൽ ചാടാനിടയുള്ള സാഹചര്യം മുൻകൂട്ടി കാണണം. ജില്ലകളിൽ രഹസ്യാന്വേഷണം ശക്തിപ്പെടുത്തണം. മന്ത്രിമാരെ തടയുന്ന പ്രതിഷേധങ്ങൾ അക്രമത്തിലെത്താതിരിക്കാൻ ജാഗ്രത പാലിക്കണം. മന്ത്രിമാരുടെ വാഹന വ്യൂഹം കടന്നുപോകുന്നിടത്ത് പൊടുന്നനേയുണ്ടാവാനിടയുള്ള പ്രതിഷേധങ്ങൾ മുൻകൂട്ടി കണ്ടെത്താൻ സ്പെഷ്യൽ ബ്രാഞ്ചിന് നിർദ്ദേശം നൽകണം. പ്രതിഷേധങ്ങൾ രാഷ്ട്രീയ സംഘർഷങ്ങളിലേക്ക് വഴി മാറാതിരിക്കാൻ ശക്തമായ മുൻകരുതൽ വേണം. ഇന്റലിജൻസ് മേധാവി ദിനേന്ദ്ര കശ്യപ്, ഐ.ജിമാർ, ഡി.ഐ.ജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |