
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി. ക്ഷാമമുള്ള 18 ഇനം മരുന്ന് ഉൾപ്പെടെ ഉടൻ വാങ്ങാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ) ബോർഡ് യോഗത്തിൽ തീരുമാനം. പഞ്ഞിയും സർജിക്കൽ സാമഗ്രികൾ അടക്കമുള്ളവയും വാങ്ങും. ഈ മാസം പകുതിയോടെ ക്ഷാമമുള്ള എല്ലാ മരുന്നുകളും ആശുപത്രികളിലെത്തിക്കാനാണ് നീക്കം.
ആഗസ്റ്റിൽ അംഗീകരിച്ച ടെൻഡർ പ്രകാരമായിരിക്കും മരുന്നുകൾ വാങ്ങുക. ഇടനിലക്കാരെ ഒഴിവാക്കണമെന്ന ആരോഗ്യമന്ത്രി കെ.മുരളീധരന്റെ നിർദ്ദേശം ഇത്തവണ പാലിക്കാൻ കഴിയില്ലെന്നും യോഗം നിലപാടെടുത്തു. നേരത്തെ നടപടിക്രമങ്ങൾ പൂർത്തിയായതാണ് കാരണം. അത് റദ്ദാക്കിയാൽ മരുന്ന് ക്ഷാമം കൂടുതൽ രൂക്ഷമാകും.
കെ.എം.എസ്.സി.എൽ ചെയർപേഴ്സൺ കൂടിയായ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമ്മിള മേരി ജോസഫ്, എം.ഡിയുടെ ചുമതലയുള്ള ജനറൽ മാനേജർ ആർ.യു. രാകേഷ് ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |