തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൃത്യമായി ആസൂത്രണം ചെയ്‌താണ് യൂണിവേഴ്‌സിറ്റി കോമ്പൗണ്ടിലും ഹോസ്റ്റലിനുള്ളിലും കയറി വിദ്യാർത്ഥികളെ ആക്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ നേടിയ ചരിത്രവിജയത്തിൽ അസ്വസ്ഥരായവരാണ് ഇത്തരത്തിലൊരു അക്രമത്തിന് മുതിർന്നതെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'സംഭവസ്ഥലത്തുണ്ടായ തീ അണയ്‌ക്കാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചതിനെ തുടർന്ന് സഹായത്തിനെത്തിയ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ പൊലീസ് ക്രൂരമായി മർദിക്കുകയായിരുന്നു. സർക്കിൾ ഇൻസ്‌പെക്‌ടറും എസ്ഐയും ചേർന്നാണ് യാതൊരു പ്രകോപനവുമില്ലാതെ വിദ്യാർത്ഥികളെ തലയ്‌ക്കടിച്ച് പരിക്കേൽപിച്ചത്. ഹോസ്റ്റലിൽ കയറി അക്രമം അഴിച്ചുവിട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും കടുത്ത നടപടി സ്വീകരിക്കണം.
അക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ എത്തിക്കാൻപോലുമാകാത്തവിധം ആംബുലൻസുകൾ തടയുകയും ചികിത്സ നിഷേധിക്കുകയും ചെയ്യുന്ന ക്രൂരമായ നിലപാടാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം ഉയർത്തും'- എംവി ഗോവിന്ദൻ പറഞ്ഞു. ലാത്തിച്ചാർജ് കൊണ്ടോ ടിയർ ഗ്യാസ് പ്രയോഗത്തിലൂടെയോ വിദ്യാർത്ഥി പ്രസ്ഥാനത്തെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അക്രമത്തിനും അടിച്ചമർത്തലുകൾക്കും മുന്നിൽ കീഴടങ്ങാൻ എസ്‌എഫ്‌ഐക്കോ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കോ മനസില്ല. വിദ്യാർത്ഥികളെയും ജനങ്ങളെയും അടിച്ചമർത്തി മുന്നോട്ട് പോകാമെന്ന് കരുതുന്ന യുഡിഎഫ് നേതൃത്വത്തിനെതിരെ ജനങ്ങളെ അണിനിരത്തി വരും ദിവസങ്ങളിൽ പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
M.V. Govindan accused Youth Congress workers and police of attacking SFI students and warned of intensified protests.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |