SignIn
Kerala Kaumudi Online
Saturday, 20 June 2026 3.56 AM IST

വെള്ളാപ്പള്ളി നടേശൻ ഗുരുവരുൾ യാഥാർത്ഥ്യമാക്കിയ അതുല്യ നായകൻ: ഗവർണർ

ulkhadanam

കൊല്ലം: ഗുരുവരുളുകൾ അതിവേഗം യാഥാർത്ഥ്യമാക്കിക്കൊണ്ടിരിക്കുന്ന അതുല്യ നായകനാണ് വെള്ളാപ്പള്ളി നടേശനെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കൊല്ലത്ത് നടന്ന കേരളകൗമുദിയുടെ 113-ാം വാർഷികത്തിന്റെ ഉദ്ഘാടനത്തിനൊപ്പം എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി തുടർച്ചയായി പത്താം തവണയും തിരഞ്ഞെടുക്കപ്പെട്ട എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കേരളകൗമുദിയുടെ ആദരവും സമ്മാനിക്കുകയായിരുന്നു അദ്ദേഹം.

ഗുരുദേവൻ തിരിതെളിച്ച പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി യോഗം. വിദ്യാഭ്യാസത്തിലൂടെയേ സാമൂഹ്യമാറ്റം ഉണ്ടാവുകയുള്ളുവെന്ന് ഗുരുദേവൻ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് അദ്ദേഹം വിദ്യകൊണ്ട് പ്രബുദ്ധരാകൻ ആഹ്വാനം ചെയ്തത്. സാമ്പത്തിക പുരോഗതിക്കായി വ്യവസായങ്ങൾ ആരംഭിക്കാനും ഗുരു പറഞ്ഞു. ഗുരുവരുളുകൾ യാഥാർത്ഥ്യമാക്കാൻ മഹാനായ ആർ.ശങ്കറിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രസ്ഥാനമാണ് എസ്.എൻ ട്രസ്റ്റ്. യോഗത്തിന്റെയും ട്രസ്റ്റിന്റെയും ചാലകശക്തി ഗുരുദേവ ദർശനമാണ്. രണ്ട് പ്രസ്ഥാനങ്ങളുടെയും അമരക്കാരാനായി ഏറ്റവും കൂടുതൽ കാലം പ്രവർത്തിക്കാനുള്ള സൗഭാഗ്യം വെള്ളാപ്പള്ളി നടേശന് ലഭിച്ചിരിക്കുകയാണ്. ഗുരുദേവ ദർശനത്തിന്റെ പാതയിലൂടെ പിന്നാക്ക ജനതയുടെ മുന്നേറ്റത്തിനായി അദ്ദേഹം അക്ഷീണം പ്രവർത്തിക്കുകയാണ്.

വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അമരത്ത് എത്തിയ ശേഷം കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പടുത്തുയർത്തി. തല ചായ്ക്കാൻ ഇടമില്ലാത്തവർക്ക് അദ്ദേഹം സ്നേഹഭവനം പദ്ധതിയിലൂടെ വീട് നിർമ്മിച്ചുനൽകി. പുതുതലമുറയ്ക്ക് സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കാൻ പ്രത്യേക പരിശീലന പദ്ധതിക്കും തുടക്കമിട്ടു. ഇങ്ങനെ സമാനതകളില്ലാത്തതാണ് വെള്ളാപ്പള്ളി നടേശന്റെ കർമ്മശേഷിയെന്നും ഗവർണർ പറഞ്ഞു.

ജീവകാരുണ്യം, വിദ്യാഭ്യാസം, വ്യവസായം അടക്കമുള്ള വിവിധ രംഗങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച പതിനൊന്ന് പേർക്ക് കേരളകൗമുദിയുടെ ഉപഹാരവും ചടങ്ങിൽ ഗവർണർ സമ്മാനിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി അദ്ധ്യക്ഷനായി. വെള്ളാപ്പള്ളി നടേശൻ മുഖ്യപ്രഭാഷണം നടത്തി. കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി ആമുഖ പ്രഭാഷണം നടത്തി. കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു. വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ ഭാരവാഹികൾ, ജനപ്രതിനിധികൾ, സാംസ്കാരിക, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ അടക്കം നൂറുകണക്കിന് പേർ ചടങ്ങിന് സാക്ഷികളായി.

കേരളകൗമുദി അറിവിന്റെ വാതിൽ

തുറക്കുന്ന പ്രകാശം

പാർശ്വവത്കരിക്കപ്പെട്ട പിന്നാക്ക ജനതയിൽ പ്രകാശം പരത്തി അറിവിന്റെ ഗോപുരവാതിലുകൾ തുറന്നുനൽകിയ പത്രമാണ് കേരളകൗമുദിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ നിർദ്ദേശ പ്രകാരം 113 വർഷം മുമ്പ് മഹാനായ സി.വി.കുഞ്ഞുരാമൻ ആരംഭിച്ച കേരളകൗമുദി കേരളത്തിലെ സാമൂഹ്യ നവോത്ഥാനത്തിന്റെ ചാലകശക്തിയായി മാറി. പിന്നിട്ട 113 വർഷവും കേരളകൗമുദി ഗുരുദേവ സന്ദേശം ഉയർത്തിപ്പിടിച്ച് സാമൂഹ്യനീതിക്കായി പോരാടുകയായിരുന്നു. പിന്നാക്ക ജനതയ്ക്ക് വേണ്ടി കേരളകൗമുദി നടത്തുന്ന പോരാട്ടം മാതൃകയാണെന്നും ഗവർണർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VELLAPALLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA