
കൊല്ലം: പദ്മഭൂഷൺ പുരസ്കാരം ലഭിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കത്ത്. അർപ്പണബോധം, കഠിനാദ്ധ്വാനം, രാഷ്ട്രത്തോടുള്ള സമർപ്പണം എന്നിവയിലൂടെ ഒരു വ്യക്തിക്ക് രാഷ്ട്രപുരോഗതിക്ക് പുതിയ ദിശാബോധം നൽകാൻ കഴിയുമെന്നതിന്റെ പ്രചോദനാത്മകമായ ഉദാഹരണമാണ് വെള്ളാപ്പള്ളി നടേശനെന്ന് അമിത് ഷായുടെ കത്തിൽ പറയുന്നു.
സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെയും പിന്നാക്കം നിൽക്കുന്നവരുടെയും ഉന്നമനം, വിദ്യാഭ്യാസ വ്യാപനം, സാമൂഹ്യശാക്തീകരണം എന്നിവയ്ക്കായി വെള്ളാപ്പള്ളി നടേശൻ നൽകിയ ആജീവനാന്ത സംഭാവനകൾ തീർച്ചയായും പ്രചോദനാത്മകമാണ്. ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിലൂടെ സാമൂഹിക സമത്വം, ആത്മാഭിമാനം, സംഘടനാബോധം എന്നിവ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, യുവജന വികസനം, പൊതുജനക്ഷേമം എന്നീ മേഖലകളിലെ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വം ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ ക്രിയാത്മക പരിവർത്തനങ്ങൾക്ക് വഴിയൊരുക്കി. സേവനം, സമത്വം, സാമൂഹിക നീതി എന്നിവയോടുള്ള വെള്ളാപ്പള്ളിയുടെ പ്രതിബദ്ധത സാമൂഹ്യ സേവനരംഗത്തും സാമൂഹിക നേതൃത്വത്തിലും ഏർപ്പെട്ടിരിക്കുന്നവർക്ക് മാതൃകയാണ്.
വെള്ളാപ്പള്ളിയുടെ പ്രവർത്തനങ്ങൾ പൊതുനന്മയ്ക്കായുള്ള മനോഭാവത്തെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നു. പദ്മഭൂഷൺ പുരസ്കാരം വെള്ളാപ്പള്ളി നടേശന്റെ സേവനപാതയ്ക്ക് നവോർജ്ജവും നവോന്മേഷവും വിശാലമായ ലക്ഷ്യബോധവും പ്രദാനം ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അമിത് ഷായുടെ കത്തിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |