
ബംഗളൂരു: ഈഴവ - തീയ്യ വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും വെല്ലുവിളികളും പഠിച്ച് പരിഹാര നിർദ്ദേശങ്ങൾ സമർപ്പിക്കാൻ പ്രത്യേക കമ്മിഷനെ സംസ്ഥാന സർക്കാർ നിയോഗിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. യോഗം ത്രിദിന നേതൃത്വ ക്യാമ്പിന്റെ സമാപന സമ്മേളം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ നിർണായകമായ പങ്കു വഹിച്ച ഈഴവ - തീയ്യ വിഭാഗങ്ങൾ ഇന്ന് എല്ലാ മേഖലകളിലും പിന്നാക്കം പോയി. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഉയർന്ന ചെലവും പങ്കാളിത്തക്കുറവും, തൊഴിലില്ലായ്മ, സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക ദുർബലാവസ്ഥ, സംവരണത്തിലെ പോരായ്മകൾ, സർക്കാർ സർവീസുകളിലെ പ്രാതിനിധ്യക്കുറവ്, പരമ്പരാഗത തൊഴിൽ മേഖലകളുടെ തകർച്ച തുടങ്ങിയ പ്രശ്നങ്ങളാൽ വലിയ പ്രതിസന്ധിയിലാണ്.
ഈഴവ - തീയ്യ വിഭാഗങ്ങളുടെ യഥാർത്ഥ അവസ്ഥയെക്കുറിച്ച് വസ്തുനിഷ്ഠമായ പഠനങ്ങളോ ഔദ്യോഗിക വിവര ശേഖരണമോ സർക്കാർ തലത്തിൽ നടന്നിട്ടില്ല. പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിൽ അനുഭവപ്പെടുന്ന പരിമിതികൾ, ചെറുകിട വ്യാപാരികളും സംരംഭകരും നേരിടുന്ന പ്രതിസന്ധികൾ തുടങ്ങിയവ ഗൗരവമായി പഠിക്കേണ്ടതാണ്.
കേരളത്തിൽ വിവിധ സമുദായങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിഷനുകളെ നിയോഗിക്കുകയും അവരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ക്ഷേമ, സഹായ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. അതേ സമീപനം ഈഴവ - തീയ്യ വിഭാഗങ്ങളോടും സർക്കാർ സ്വീകരിക്കണം. നവോത്ഥാന പ്രസ്ഥാനങ്ങളുടെ കരുത്തിൽ കേരളത്തെ മുന്നോട്ടു നയിച്ച സമൂഹം ഇന്ന് വിവിധ മേഖലകളിൽ ആശങ്കാജനകമായ അവസ്ഥ നേരിടുമ്പോൾ സർക്കാർ കണ്ണടച്ച് നിൽക്കരുത്. ശാസ്ത്രീയ പഠനം നടത്തി അവരുടെ ഭാവി സുരക്ഷിതമാക്കാൻ വേണ്ട നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് സംസ്ഥാന സർക്കാരിൻ്റെ ഉത്തരവാദിത്വമാണ്- വെള്ളാപ്പള്ളി പറഞ്ഞു.
യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. യോഗം കൗൺസിലർമാർ, ബോർഡ് അംഗങ്ങൾ, യൂണിയൻ ഭാരവാഹികൾ ഉൾപ്പെടെ 700 പേർ പങ്കെടുത്തു.
യോഗം യൂണിയനുകൾ കർമ്മ പദ്ധതികളിലേക്ക് കടക്കണം: തുഷാർ
എസ്.എൻ.ഡി.പി യോഗം യൂണിയനുകൾ സമുദായ പുരോഗതിക്കായി വിദ്യാഭ്യാസ-സാമ്പത്തിക പദ്ധതികൾ ആവിഷ്കരിക്കണമെന്ന് വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബംഗളൂരുവിൽ യോഗം നേതൃത്വ പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
സംഘടനാ പ്രവർത്തനം ചടങ്ങുകളിലും പരമ്പരാഗത പരിപാടികളിലും ഒതുങ്ങരുത്. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന കർമ്മപദ്ധതികളിലേക്ക് വളരണം. സംഘടനയുടെ ഭാവി വളർച്ചയുടെ അടിത്തറ യൂണിയനുകളുടെ സ്വയം പര്യാപ്തതയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് ഓരോ യൂണിയനും സ്വന്തം പ്രവർത്തന മേഖലകളിൽ പുതിയ ആശയങ്ങളും ആധുനിക വികസന പദ്ധതികളും നടപ്പിലാക്കണം. സംഘടനയുടെ ശക്തി സാമ്പത്തികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റം സൃഷ്ടിക്കാനുള്ള ശേഷിയിലാണ് അളക്കപ്പെടേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നൈപുണ്യ വികസന കേന്ദ്രങ്ങൾ, തൊഴിൽ പരിശീലന പദ്ധതികൾ, സംരംഭകത്വ വികസന പരിപാടികൾ എന്നിവ ആരംഭിക്കണം. മലബാർ മേഖലയിലെ യൂണിയനുകൾ ഈ വിഷയത്തിൽ കൂടുതൽ ജാഗ്രതയും ദീർഘ വീക്ഷണവും പുലർത്തണമെന്നും തുഷാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |