SignIn
Kerala Kaumudi Online
Saturday, 18 July 2026 7.37 AM IST

വിഷുപ്പുലരിയെ വരവേറ്റ് മലയാളികൾ; ഗുരുവായൂരിലും ശബരിമലയിലും വൻ ഭക്തജനത്തിരക്ക്

READ ENGLISH VERSION
vishu

തൃശൂർ: ഐശ്വര്യത്തിന്റെയും സ്നേഹത്തിന്റെയും കാർഷിക സമൃദ്ധിയുടെയും ഒരു വിഷുക്കാലം കൂടി വന്നെത്തിയിരിക്കുന്നു. ഏറെ പ്രതീക്ഷകളുമായി വിഷുക്കണി കണ്ടുണർന്ന മലയാളികൾ ഇന്ന് ആഘോഷത്തിന്റെ തിരക്കിലാണ്. വിഷുക്കണി ദർശനത്തിനായി ഗുരുവായൂർ ക്ഷേത്രത്തിൽ പുലർച്ചെ മുതൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 2.45മുതലായിരുന്നു ക്ഷേത്രത്തിൽ വിഷുക്കണി ദർശനം.

ശ്രീകോവിലിന്റെ മുഖമണ്ഡപത്തിലാണ് കണിയൊരുക്കിയത്. വിഷുക്കണി ദർശനത്തിനായുള്ള ഭക്തരുടെ നീണ്ടനിര ഇന്നലെ വൈകിട്ടോടെ ക്ഷേത്ര സന്നിധിയിൽ രൂപപ്പെട്ടു. ഓട്ടുരുളിയിൽ ഉണക്കലരി, നാളികേരം, ചക്ക, മാമ്പഴം, വെള്ളരി, മുല്ലപ്പൂവ്, ഗ്രന്ഥം, വാൽക്കണ്ണാടി, സ്വർണം, പുതുപ്പണം, അലക്കിയ മുണ്ട്, കണിക്കൊന്ന തുടങ്ങിയവയാണ് കണികാണാൻ ഒരുക്കിയിരിക്കുന്നത്. അലങ്കാരത്തോടെയുള്ള സ്വർണത്തിടമ്പ് പൊൻപീഠത്തിലും വച്ചിട്ടുണ്ട്. ശ്രീകോവിലിന് പുറത്ത് നമസ്‌കാര മണ്ഡപത്തിലും കണി ഒരുക്കിയിട്ടുണ്ട്.

വിഷുക്കണി ദർശനത്തിനായി ശബരിമലയിലും ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചെ നാല് മണി മുതൽ ദർശനം ആരംഭിച്ചു. നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ച് ആദ്യം അയ്യപ്പസ്വാമിയെയാണ് കണി കാണിച്ചത്. തുടർന്ന് തീർത്ഥാടകർക്ക് വിഷുക്കണി ദർശനത്തിന് അവസരമൊരുക്കി. തന്ത്രി കണ്ഠരര് രാജീവര്, മകൻ കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവർ ഭക്തർക്ക് വിഷുകൈനീട്ടം നൽകി.

മാളികപ്പുറത്തും പമ്പാ ഗണപതി കോവിലിലും വിഷുക്കണി ഒരുക്കിയിട്ടുണ്ട്. ഇന്നലെ രാത്രി മേൽശാന്തി അരുൺകുമാർ നമ്പൂതിരിയും കീഴ്ശാന്തി എസ്.കൃഷ്ണൻ പോറ്റിയും പരികർമ്മികളും ചേർന്ന് കണി ഒരുക്കിയശേഷമാണ് ശബരിമല നടയടച്ചത്. തിരക്ക് പരിഗണിച്ച് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. ഇത്തവണ വിഷുക്കൈനീട്ടമെന്ന രീതിയിൽ അയ്യപ്പചിത്രമുള്ള ലോക്കറ്റുകൾ ദേവസ്വം ബോർഡ് സമ്മാനിക്കും. രാവിലെ പത്ത് മണിക്ക് മന്ത്രി വിഎൻ വാസവൻ ഈ ലോക്കറ്റുകൾ പുറത്തിറക്കും. ഓൺലൈൻ വഴിയും ഈ ലോക്കറ്റുകൾ വാങ്ങാൻ കഴിയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VISHU, CELEBRATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA