
തിരുവനന്തപുരം: ലോകത്തെ ഏത് വമ്പൻ കപ്പലിനും അടുക്കാനാവുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധമായി കപ്പൽശാല യാഥാർത്ഥ്യമായാൽ കേരളം കടൽശക്തിയായി മാറും. മദർഷിപ്പുകൾ നിർമ്മിക്കാനും അറ്റകുറ്റപ്പണിക്കുമുള്ള കപ്പൽനിർമ്മാണ കേന്ദ്രത്തിന് ആവശ്യമായ ഭൂമിയേറ്റെടുത്ത് കൈമാറുമെന്നാണ് ബഡ്ജറ്റിലെ പ്രഖ്യാപനം. കടലിന് അഭിമുഖമായി ഒരു കിലോമീറ്റർ ദൂരത്തിൽ 2500–3000 ഏക്കർ വിസ്തൃതിയിൽ ഭൂമി കണ്ടെത്താൻ കേന്ദ്രഷിപ്പിംഗ് മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. കപ്പൽനിർമ്മാണ പദ്ധതികൾക്ക് 20,000കോടിയുടെ കേന്ദ്രപാക്കേജുമുണ്ട്. കപ്പൽശാലയ്ക്ക് പൊതു-സ്വകാര്യ പങ്കാളിത്തമാണ് പരിഗണനയിൽ.
ഇത്രയും ഭൂമി കണ്ടെത്താനാവുമോയെന്ന് മാരിടൈം ബോർഡ് പരിശോധിക്കുന്നുണ്ട്. ബാർജ്ജുകളും ടഗുകളും മിനിക്രൂയിസുമൊക്കെ നിർമ്മിക്കാനുള്ള ഭൂമി പലേടത്തായി കണ്ടെത്തുന്നതും പരിഗണനയിലാണ്. മാരിടൈം അമൃത്കാൽ വിഷൻ-2047ൽ ഉൾപ്പെടുത്തിയാൽ കേന്ദ്രസഹായം ഉറപ്പാണ്. 80 ലക്ഷംകോടിയുടെ പദ്ധതികളാണ് കേന്ദ്രം നടപ്പാക്കുന്നത്. ഏകോപനത്തിന് മുതിർന്ന ഐ.എ.എസുദ്യോഗസ്ഥനെ ചുമതലപ്പെടുത്താൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നെങ്കിലും ഗൗനിച്ചിരുന്നില്ല.
പൂവാർ അനുയോജ്യം
വിഴിഞ്ഞത്തിന് 10കിലോമീറ്ററടുത്ത് പൂവാറിൽ കപ്പൽശാലയ്ക്ക് സാദ്ധ്യതാപഠനം നടത്തിയിരുന്നു. അരകിലോമീറ്റർ വരെ കടലിന് 13മീറ്റർ സ്വാഭാവിക ആഴമുള്ളതിനാൽ ഇടയ്ക്കിടെ ഡ്രജ്ജിംഗ് വേണ്ടിവരില്ലെന്നും ഇരുപതിനായിരത്തിലേറെ കണ്ടെയ്നറുകൾ വഹിക്കാനാവുന്ന മദർഷിപ്പുകൾ പോലും നിർമ്മിക്കാൻ അനുയോജ്യമാണെന്നുമാന്നും കൊച്ചിൻ പോർട്ട്‌ട്രസ്റ്റിന്റെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര കപ്പൽച്ചാലിലേക്ക് 10 നോട്ടിക്കൽമൈൽ ദൂരമേയുള്ളെന്നതും അനുകൂലം. കപ്പൽശാല വന്നാൽ വൻതോതിൽ നിക്ഷേപവും തൊഴിലവസരങ്ങളുമുണ്ടാവും.
ഭൂമിയാണ് കടമ്പ
കടലിന് അഭിമുഖമായി 2500ഏക്കർ ഭൂമി ഏറ്റെടുക്കുന്നതാണ് വെല്ലുവിളി. വാണിജ്യ കപ്പലുകൾ നിർമ്മിക്കാൻ തക്ക ആഴമുള്ള തീരക്കടൽ വേണമെന്നാണ് കേന്ദ്രനിർദ്ദേശം.
തൂത്തുക്കുടിയിൽ
തുടക്കമിട്ടു
കൊറിയൻ കമ്പനിയായ ഹ്യുണ്ടായിയുമായി ചേർന്ന് തൂത്തുക്കുടിയിൽ 38,000കോടി ചെലവിൽ കപ്പൽശാലയ്ക്ക് തമിഴ് നാട് നടപടിതുടങ്ങി. കേന്ദ്രത്തിന്റെ പ്രാഥമികാനുമതി ലഭിച്ചു. എച്ച്.ഡി കൊറിയ ഷിപ്പ്ബിൽഡിംഗ് കമ്പനിയുമായി ചേർന്ന് കമ്പനിയുമുണ്ടാക്കി.
80 ലക്ഷം കോടിയുടെ
മാരിടൈം അമൃത്കാൽ
തീരദേശ സംസ്ഥാനങ്ങളിൽ സുസ്ഥിരവളർച്ച ലക്ഷ്യമിട്ടുള്ളതാണ് കേന്ദ്രത്തിന്റെ മാരിടൈം അമൃത്കാൽ അടിസ്ഥാന സൗകര്യ വികസന പദ്ധതി. 80 ലക്ഷംകോടിയുടെ പദ്ധതിയാണ്. കപ്പൽനിർമ്മാണ-അറ്റകുറ്റപ്പണി ക്ലസ്റ്ററുകൾ, റിവർക്രൂയിസ് പദ്ധതികൾ, ഉൾനാടൻ ജലഗതാഗത പദ്ധതികൾ, തുറമുഖങ്ങൾ എന്നിവയെല്ലാം ഉൾപ്പെടും.
₹2000കോടി
ഒരു ചരക്കുകപ്പൽ
നിർമ്മാണത്തിന് ചെലവ്
15,000
തൊഴിലവസരങ്ങൾ
''കപ്പൽനിർമ്മാണ കേന്ദ്രത്തിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് അടിസ്ഥാനസൗകര്യം ഒരുക്കും. തൊഴിലവസരങ്ങളിൽ തീരപ്രദേശത്തുള്ലവർക്ക് സംവരണം നൽകും''
-വി.ഡി.സതീശൻ,
മുഖ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |