SignIn
Kerala Kaumudi Online
Monday, 25 May 2026 10.39 PM IST

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു; രക്ഷിക്കാൻ ശ്രമം തുടരുന്നു

elephant

കൊച്ചി: കോതമംഗലം കോട്ടപ്പടിയിൽ കാട്ടാന കിണറ്റിൽ വീണു. സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് ആന വീണത്. അർദ്ധരാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. വനംവകുപ്പും പൊലീസും സ്ഥലത്തെത്തി, രക്ഷാപ്രവർത്തനം തുടങ്ങി.

ശബ്ദം കേട്ട് നാട്ടുകാർ വന്ന് നോക്കിയപ്പോഴാണ് കിണറ്റിൽ ആനയെ കണ്ടത്. തുടർന്ന് പൊലീസിനെയും വനംവകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു. വീതിയുള്ള കിണറാണ്. ഇതിന്റെ ഒരു ഭാഗം ഇടിച്ച ശേഷം അതുവഴി ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്.

വന്യമൃഗങ്ങൾ സ്ഥിരം ഇറങ്ങുന്ന മേഖലയാണിത്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ഭാഗത്തുനിന്ന് നേരത്തെ പരാതികൾ ഉയർന്നിരുന്നു. കോതമംഗലത്ത് ഒരു മാസം മുമ്പ് സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അന്നും സ്വകാര്യ വ്യക്തിയുടെ കിണറ്റിലായിരുന്നു ആന വീണത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലായിരുന്നു ആനയെ രക്ഷിച്ചത്.

അതേസമയം, പാലക്കാട് ട്രെയിൻ തട്ടിയ ആനയെ താത്ക്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വലതുകാലിന്റെ പിന്നിൽ പരിക്കേറ്റ നിലയിലായിരുന്നു ആനയെ കണ്ടെത്തിയത്. എഴുന്നേറ്റ് നിൽക്കാൻ സാധിക്കാത്ത സ്ഥിതിയായതിനാലാണ് ചികിത്സ നൽകാനായി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. പരിക്ക് ഭേദമായതിന് ശേഷം കാട്ടിൽ വിടാനാണ് വനംവകുപ്പിന്റെ തീരുമാനം.

മലമ്പുഴ കൊട്ടേക്കാട് റെയിൽവേ ഗേറ്റിന് സമീപം പാളം മുറിച്ചുകടക്കുന്നതിനിടെയാണ് കാട്ടാനക്കൂട്ടത്തിലെ പിടിയാനയ്ക്ക് പരിക്കേറ്റത്. ഓടുന്നതിനിടെ താഴെ വീണപ്പോൾ ട്രെയിനിടിച്ചതാകാമെന്നാണ് കരുതുന്നത്. ആറ് ആനകളായിരുന്നു കൂട്ടത്തിലുണ്ടായിരുന്നത്. ആനകളുടെ ചിന്നംവിളി കേട്ടെത്തിയ നാട്ടുകാരാണ് വിവരം ആദ്യമറിഞ്ഞത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പിന്നീട് മറ്റ് ആനകൾ കാട്ടിലേക്ക് തിരിച്ചുപോയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELEPHANT, WELL, KOTHAMANGALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA