SignIn
Kerala Kaumudi Online
Monday, 29 June 2026 8.07 PM IST

കോതമംഗലം കോട്ടപ്പടിയിലെ കാട്ടാനയെ മയക്കുവെടി വയ്‌ക്കാൻ തീരുമാനം; കിണറ്റിലെ വെള്ളം വറ്റിക്കുമെന്ന് ഡിഎഫ്ഒ

READ ENGLISH VERSION

elephant

കോതമംഗലം: കോട്ടപ്പടിയിൽ സ്വകാര്യവ്യക്തിയുടെ പറമ്പിലെ കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വയ്‌ക്കുമെന്ന് മലയാറ്റൂർ ഡിഎഫ്‌ഒ അറിയിച്ചു. കിണറ്റിലെ വെള്ളം വറ്റിച്ച ശേഷമാകും ആനയെ മയക്കുവെടി വയ്‌ക്കുക എന്നാണ് വിവരം. വെള്ളിയാഴ്‌ച പുലർച്ചെ രണ്ട് മണിയോടെയാണ് പത്ത് വയസുള്ള കൊമ്പനാന കിണറ്റിൽ വീണത്. 12 മണിക്കൂറിന് ശേഷവും ആനയെ പുറത്തെത്തിക്കാൻ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല.

കോട്ടപ്പടി പഞ്ചായത്തിലെ 1,2,3,4 വാർഡുകളിൽ 24 മണിക്കൂർ നേരത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആനയുടെ ആരോഗ്യം നോക്കിയ ശേഷമാകും മയക്കുവെടി വയ്‌‌ക്കുക. കിണറിന്റെ വശങ്ങളിലെ മണ്ണ് ഇടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് ആനയ്‌ക്ക് തലയിലും മറ്റ് ഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തെ ജനങ്ങൾക്ക് നേരെ ആന ചിന്നംവിളിക്കുന്നുമുണ്ട്.

വന്യമൃഗങ്ങൾ സ്ഥിരം ഇറങ്ങുന്ന മേഖലയാണിത്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ഭാഗത്തുനിന്ന് നേരത്തെ പരാതികൾ ഉയർന്നിരുന്നു. കോതമംഗലത്ത് ഒരു മാസം മുമ്പ് സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അന്നും സ്വകാര്യ വ്യക്തിയുടെ കിണറ്റിലായിരുന്നു ആന വീണത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലായിരുന്നു ആനയെ രക്ഷിച്ചത്. കിണറ്റിൽ വീണ ആനയെ രക്ഷിക്കാൻ വശം ഇടിക്കുന്നതിന് ജെസിബിയടക്കം കൊണ്ടുവന്നെങ്കിലും ഇത് നാട്ടുകാർ തടഞ്ഞിരുന്നു. സ്ഥലത്തെ സ്ഥിരം ശല്യക്കാരനായ ആനയാണെന്നും മയക്കുവെടിവച്ച് ആനയെ ഇവിടെനിന്നും കൊണ്ടുപോകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ജനവാസ മേഖലയിലൂടെ മൂന്ന് കിലോമീറ്ററോളം അകലെ വനത്തിലേക്ക് ആനയെ വിടാൻ അനുവദിക്കില്ലെന്നാണ് ജനങ്ങൾ നിലപാടെടുത്തത്. തുടർന്നാണ് ആനയെ മയക്കുവെടി വയ്‌ക്കും എന്ന് ഡിഎഫ്ഒ പ്രഖ്യാപിച്ചത്. ആനയെ മയക്കുവെടി വയ്‌ക്കുക എന്നത് പൊതുവികാരമാണെന്ന് സ്ഥലത്തെത്തിയ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WILD ELEPHANT, DFO, KOTHAMANGALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA