
തിരുവനന്തപുരം: കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി. സംഭരണശേഷിയുടെ 20.89 ശതമാനത്തിലേക്ക് ഡാമുകളിലെ ജലനിരപ്പ് താഴ്ന്നു. ഇതോടെ ഉത്പാദനം കൂട്ടാനുമായില്ല. കാലവർഷം ഉടൻ സജീവമായില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ലോഡ് ഷെഡിംഗ് പ്രതീക്ഷിക്കാം. ശനിയാഴ്ച പലതവണയായി ഒരു മണിക്കൂറിൽ അധികമാണ് ലോഡ് ഷെഡിംഗ് ഏർപ്പെടുത്തിയത്. അന്നത്തെ ആഭ്യന്തര ഉത്പാദനം 19.6464 ദശലക്ഷം യൂണിറ്റ് മാത്രമായിരുന്നു.
കഴിഞ്ഞ ജൂണിൽ ഇതേസമയം ഡാമുകളിലെ ജലനിരപ്പ് 58 ശതമാനത്തിൽ കൂടുതലായിരുന്നു. വൈദ്യുതി ഉത്പാദനം 47 ദശലക്ഷം യൂണിറ്റിൽ അധികവും. ഉത്തരേന്ത്യയിൽ ചൂട് തുടരുന്നതിനാൽ വൈദ്യുതി വാങ്ങാൻ കിട്ടുന്നില്ല. ശനിയാഴ്ച രാത്രി 700 മെഗവാട്ടിന്റെ കുറവ് പരിഹരിക്കാൻ തത്സമയ മാർക്കറ്റിൽ നിന്ന് വിലകൂടിയ വൈദ്യുതി വാങ്ങാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇന്നലെ അവധിദിവസമായതും പരക്കെ മഴലഭിച്ചതിനാലും കടുത്ത നിയന്ത്രണം വേണ്ടിവന്നില്ല. 300 മെഗാവാട്ടിന്റെ കുറവാണ് ഇന്നലെ ഉണ്ടായത്.
ഉയർന്ന വിലയ്ക്ക് വാങ്ങാൻ ശ്രമം
ഡിസംബർ വരെ ഹ്രസ്വകാല കരാറുകൾ വഴി ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി നൽകിയ അപേക്ഷയിൽ റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്ന് വിഷയം കമ്മിഷൻ പരിഗണിക്കുന്നുണ്ട്. രണ്ടു ദിവസത്തിനകം ഉത്തരവുണ്ടായേക്കും. യൂണിറ്റിന് 10 രൂപ വരെ നൽകി വൈദ്യുതി വാങ്ങാനാണ് ശ്രമം. ബാദ്ധ്യത സർചാർജ്ജായി ഉപഭോക്താക്കൾ നൽകേണ്ടിവരും.
ഒന്നിനും തികയാതെ ആഭ്യന്തര ഉത്പാദനം
1. ആറു വർഷത്തിനിടെ വൈദ്യുതി ഉപഭോഗത്തിൽ വലിയ വർദ്ധനവുണ്ടായെങ്കിലും ആഭ്യന്തര ഉത്പാദനം കൂടിയില്ല.
2. 2020 ഏപ്രിലിൽ പീക്ക് സമയ ഉപയോഗം 3416 മെഗവാട്ടായിരുന്നത് 2026 ഏപ്രിലിൽ 5900 മെഗാവാട്ട് കടന്നു.
3. എയർകണ്ടീഷണറുകൾ അവശ്യവസ്തുവായതും ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമായും വൈദ്യുതി ഉപഭോഗം കൂട്ടി.
സോളാറും 'ബെസും" പരിഹാരം
1. സംസ്ഥാനത്ത് സോളാർ വൈദ്യുതിയുടെ സ്ഥാപിതശേഷി 2300 മെഗാവാട്ടിലേക്ക് എത്തുകയാണ്. ജലവൈദ്യുതി പദ്ധതികളുടെ സ്ഥാപിത ശേഷി 2200 മെഗവാട്ടിൽ താഴെയായി തുടരുകയാണ് .
2. ബാറ്ററി എനർജി സ്‌റ്റോറേജുകളിൽ (ബെസ്) സോളാർ വൈദ്യുതി ശേഖരിച്ച് രാത്രി ഉപയോഗിക്കുകയാണ് പരിഹാരം. അഞ്ചു കേന്ദ്രങ്ങളിലെ ബെസ് നിർമ്മാണം വേഗത്തിലാക്കേണ്ടതുണ്ട്.
ശനിയാഴ്ച ഉപഭോഗം 86.96 ദശലക്ഷം യൂണിറ്റ്
പീക് സമയ ഉപഭോഗം................ 4500 മെഗാവാട്ട്
പുറത്തുനിന്നു വാങ്ങിയത്........ 67.3151 ദശലക്ഷം യൂണിറ്റ്
ജലവൈദ്യുതി ഉത്പാദനം........ 16.7052 ദശലക്ഷം യൂണിറ്റ്
സോളർ അടക്കം ആകെ ഉത്പാദനം...................................... 19.6464 ദശലക്ഷം യൂണിറ്റ്
2025 ജൂണിൽ ഇതേദിവസം
ഉപഭോഗം................................... 79.7118 ദശലക്ഷം യൂണിറ്റ്
പീക് സമയ ഉപഭോഗം............. 4001 മെഗാവാട്ട്
പുറത്തുനിന്നു വാങ്ങിയത്..... 32.4234 ദശലക്ഷം യൂണിറ്റ്
ജലവൈദ്യുതി ഉത്പാദനം..... 40.8949 ദശലക്ഷം യൂണിറ്റ്
സോളാർ അടക്കം ആകെ
ഉത്പാദനം.................................... 47.2984 ദശലക്ഷം യൂണിറ്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |