SignIn
Kerala Kaumudi Online
Monday, 21 September 2026 12.41 PM IST

ഏറ്റവും കൂടുതല്‍ കാലം എം പിയായിട്ടും തഴ‌ഞ്ഞത് എന്തിനെന്ന് കേന്ദ്രം വ്യക്തമാക്കണം, കൊടിക്കുന്നിലിനെ പിന്തുണച്ച് മുഖ്യമന്ത്രി

READ ENGLISH VERSION
d

തിരുവനന്തപുരം : പാർലമെന്ററി കീഴ്‌വഴക്കങ്ങൾ ലംഘിച്ച് കൊണ്ട് ലോ‌ക്സഭാ പ്രോടെം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിട്ടും മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംഘപരിവാർ പിന്തുടരുന്ന സവർണ്ണ രാഷ്ട്രീയമാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് സംശയിക്കുന്നവർക്ക് എന്താണ് ബി.ജെ.പിയുടെ മറുപടിയെന്നും അദ്ദേഹം ചോദിച്ചു.

പാർലമെന്ററി ജനാധിപത്യ മര്യാദകളെയും സഭയിലെ കീഴ്‌വഴക്കങ്ങളെയും അംഗീകരിക്കില്ല എന്ന ധാർഷ്ട്യമാണ് ബിജെപിക്ക്. ഇക്കഴിഞ്ഞ ലോക്സഭയിൽ ഡെപ്യൂട്ടി സ്പീക്കർ പദവി അഞ്ചു വർഷവും ഒഴിച്ചിടുകയായിരുന്നു. പ്രതിപക്ഷ കക്ഷിയിൽപെട്ട ആരെയും ആ സ്ഥാനത്ത് അംഗീകരിക്കാൻ കഴിയില്ല എന്ന മനോഭാവമായിരുന്നു ഇതിന്റെ പിന്നിൽ. ബി.ജെ.പി നേതൃത്വത്തിന്റെ ഈ ധിക്കാരപരമായ സമീപനം ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമായി മാത്രമേ കാണാൻ കഴിയൂവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കേന്ദ്രനടപടിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. മോദിക്കും ബി.ജെ.പിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലും പാര്‍ലമെന്ററി കീഴ്വഴക്കങ്ങള്‍ ലംഘിക്കുന്നത് ജനവിധിയോടും രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണെന്ന് വി.ഡി. സതീശൻ പറഞ്ഞു.

ദളിത് വിഭാഗത്തില്‍പ്പെട്ട കൊടിക്കുന്നിലിനെ പ്രോടെം സ്പീക്കര്‍ ആക്കാത്ത നടപടി ബി.ജെ.പിയും സംഘപരിവാറും പിന്തുടരുന്ന വിഭാഗീയ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നു കരുതേണ്ടി വരും. ജനങ്ങള്‍ തിരിച്ചടി നല്‍കിയിട്ടും ജനാധിപത്യത്തെയും ഭരണഘടനയെയും ബി.ജെ.പിയും മോദിയും അവഹേളിക്കുന്നത് അംഗീകരിക്കാനാകില്ല. കൊടിക്കുന്നില്‍ സുരേഷിനോട് കാട്ടിയ അനീതി കേരളത്തോടുള്ള ബി.ജെ.പിയുടെ അവഗണനയും അവഹേളനവുമാണ്. ബി.ജെ.പിയുടെ ദളിത് വിരുദ്ധ മുഖമാണ് ഒരിക്കല്‍ കൂടി അനാവരണം ചെയ്യപ്പെട്ടിരിക്കുന്നതെന്നും സതീശൻ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KODIKUNIL, KODIKUNNIL SURESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA