SignIn
Kerala Kaumudi Online
Wednesday, 30 September 2026 11.49 PM IST

മുഖ്യമന്ത്രിയോട് കെ.ജി.എം.ഒ എ: രോഗികൾ കൂടുന്തോറും കൂടുതൽ ആരോഗ്യ പ്രവർത്തകർ വേണം

pinaryi-

തിരുവനന്തപുരം: കൊവിഡിനോടൊപ്പം കൊവിഡിതര ചികിത്സയും പ്രതിരോധ പ്രവർത്തനങ്ങളും നടത്താൻ ആവശ്യമായ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ പി.എച്ച്.സി മുതൽ കൊവിഡ് ആശുപത്രികളിൽ വരെ നിയമിക്കണമെന്ന് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) ആവശ്യപ്പെട്ടു.
വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരിൽ മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ ഉണ്ടാവുകയും പലരും കൊവിഡ് രോഗബാധിതരാവുകയും ചെയ്യുന്ന സാഹചര്യമുണ്ട്. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ആരോഗ്യ പ്രവർത്തകരെ നിയമിക്കേണ്ടത് അത്യാവശ്യമാണെന്നതടക്കമുള്ള നിർദ്ദേശങ്ങൾ അടങ്ങിയ കത്ത് കെ.ജി.എം.ഒ.എ പ്രസിഡന്റ് ഡോ. ജി എസ് വിജയകൃഷ്ണനും ജനറൽ സെക്രട്ടറി ഡോ.ടി.എൻ. സുരേഷും മുഖ്യമന്ത്രിക്ക് നൽകി.

പി.ജി പഠനത്തിന് പോയ ഡോക്ടർമാരെ പഠനം പൂർത്തിയാകുന്ന തീയതിയിൽ തന്നെ തിരികെ പ്രവേശിപ്പിക്കാനുള്ള നടപടികൾ വൈകരുത്.

ചികിത്സാ സംവിധാനം

 വീടുകളിൽ കഴിയാൻ ബുദ്ധിമുട്ടുള്ള ഗുരുതരമല്ലാത്ത കാറ്റഗറി എ രോഗികൾക്കും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജാവുന്നവർക്കും വേണ്ടി

പഞ്ചായത്ത് /ബ്ലോക്ക് തലത്തിൽ തയ്യാറാക്കുന്ന ഡൊമിസിലിയറി കെയർ സെന്ററുകളിലും സ്റ്റെപ് ഡൗൺ സി.എഫ്.എൽ.ടി.സികളിലും ഡോക്ടർമാരുടെ സാന്നിദ്ധ്യം ഒഴിവാക്കി ടെലി കൺസൾട്ടേഷൻ സംവിധാനം നടപ്പാക്കണം. കൂടുതൽ സി.എഫ്.എൽ.ടി.സികൾ തുടങ്ങുന്നതിനെക്കാൾ നിലവിലുള്ളവയിലെ കിടക്കകൾ വർദ്ധിപ്പിക്കണം.

 വിരമിച്ചവരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ നിയമിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്റർ സ്ഥാപിക്കണം.

 കൊവിഡ് ആശുപത്രികൾ, സി.എസ്.എൽ.ടി.സി കൾ എന്നിവയിലേക്കുള്ള പ്രവേശനത്തിന് അഡ്മിഷൻ റഫറൽ പ്രോട്ടോക്കോൾ വേണം. കിടക്കകൾ കാറ്റഗറി ബി,സി വിഭാഗം രോഗികൾക്കായി മാറ്റിവയ്ക്കണം.

വാക്സിനേഷൻ മുൻഗണന

 18നും 45 വയസിനും ഇടയിലുള്ളവരുടെ വാക്സിനേഷനിൽ മുൻഗണനാ വിഭാഗങ്ങളെ നിശ്ചയിക്കണം. ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നവർ, മാദ്ധ്യമ പ്രവർത്തകർ എന്നിവർക്കൊപ്പം അണുബാധയ്ക്ക് ഏറ്റവുമധികം സാദ്ധ്യതയുള്ള ആരോഗ്യ പ്രവർത്തകരുടെ അടുത്ത ബന്ധുക്കളെയും (പങ്കാളി,മക്കൾ എന്നിവർ) മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA