SignIn
Kerala Kaumudi Online
Monday, 14 September 2026 1.38 PM IST

ഉണരുന്ന കേരളം

t

കൊച്ചി: കൊവിഡിന്റെ പിടി അയഞ്ഞതോടെ കേരളാ ടൂറിസം ഉയിർപ്പിന്റെ വഴിയിലാണ്. സ്‌തംഭിച്ചുപോയ വിനോദസഞ്ചാര മേഖലയെ പഴയപ്രതാപത്തിലേക്ക് തിരിച്ചെത്തിക്കുക മാത്രമല്ല, പുത്തൻ ആശയങ്ങളിലൂടെ കൂടുതൽ ആകർഷകമാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.

2017-18ൽ 36,​000 കോടി രൂപ വരുമാനം സംസ്ഥാന ടൂറിസം നേടിയിരുന്നു. 2018-19ൽ 40,000 കോടിയായി. 2019-20ൽ 45,​000 കോടി പ്രതീക്ഷിച്ചെങ്കിലും കൊവിഡ് ഭീതിമൂലം 35,​000 കോടിയിലൊതുങ്ങി. 2020-21ൽ 50,​000 കോടി രൂപയ്ക്കുമേൽ പ്രതീക്ഷിച്ചിരിക്കേയായിരുന്നു കൊവിഡ് താണ്ഡവം. ടൂറിസത്തിന്റെ വഴിയടഞ്ഞതോടെ വരുമാനവും നഷ്‌ടപ്പെട്ടു. ഹോംസ്റ്റേ, റിസോർട്ടുകൾ, ഹോട്ടലുകൾ, ടൂറിസത്തെ ആശ്രയിച്ച് കഴിയുന്ന വഴിയോര കച്ചവടക്കാർ തുടങ്ങിയവരുടെ വരുമാനവും നിലച്ചു. കേരളത്തിന്റെ ടൂറിസം രംഗത്ത് 20 ലക്ഷം പേർ നേരിട്ടും പരോക്ഷമായും തൊഴിലെടുക്കുന്നുണ്ട്.

 കരകയറ്റം അതിവേഗം

നടപ്പുവർഷം ഇതിനകം (2021-22 ഏപ്രിൽ-സെപ്‌തംബർ) 22.54 ലക്ഷം ആഭ്യന്തര സഞ്ചാരികൾ വന്നുവെന്നാണ് ടൂറിസം വകുപ്പിന്റെ കണക്ക്. 15,000 വിദേശികളുമെത്തി. ഫാം ടൂറിസം, കാരവൻ ടൂറിസം തുടങ്ങിയ പദ്ധതികളിലൂടെ കൂടുതൽ ആഭ്യന്തര-വിദേശ സഞ്ചാരികളെ ആകർഷിക്കാനുള്ള നടപടികൾ ആസൂത്രണം ചെയ്‌തിട്ടുണ്ട്.

കൊവിഡിന് മുമ്പത്തേതിന്റെ 30-40 ശതമാനം വരെ വരുമാനം നടപ്പുവർഷം തിരിച്ചുപിടിക്കാമെന്നാണ് വിലയിരുത്തൽ. പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം വാരാന്ത്യങ്ങളിൽ വൻ തിരക്കുണ്ട്. നിയന്ത്രണങ്ങൾ അയയുന്നതോടെ മറ്റു സംസ്ഥാനക്കാരും വരും. ഒക്‌ടോബർ - നവംബറോടെ വിമാന സർവീസുകൾ വീണ്ടും സജീവമായേക്കാം. ഇത് വിദേശികൾ നേരിട്ടെത്താനും സഹായിക്കും.

സൗജന്യ വീസയും ക്രൂസ് കപ്പലും

 അഞ്ചുലക്ഷം പേർക്ക് സൗജന്യ വീസ അനുവദിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം കൂടുതൽ സഞ്ചാരികളെ കേരളത്തിലേക്കും ആകർഷിക്കുമെന്നാണ് പ്രതീക്ഷ.

 1,200 ആഭ്യന്തര സഞ്ചാരികളുമായി കഴിഞ്ഞദിവസം കൊർഡേലിയ എന്ന ആഡംബരക്കപ്പൽ കൊച്ചിയിലെത്തി. കൊവിഡിനുശേഷം ആദ്യമായാണൊരു ക്രൂസ് കപ്പൽ കേരളത്തെ പുണർന്നത്.

 വിദേശ സഞ്ചാരികളുമായും കൊച്ചിയിലേക്ക് കപ്പലുകളെത്തും. ഇതു ടൂറിസത്തിന് കൂടുതൽ ഉണർവേകുമെന്നാണ് പ്രതീക്ഷ.

'സർക്കാരും ടൂറിസം മേഖലയും ഒത്തൊരുമിച്ച് ടൂറിസത്തിന് പുതിയ ഉണർവേകാനുള്ള പരിശ്രമങ്ങൾ ദൃശ്യമാണ്. കേരളാ ടൂറിസത്തിന് ഇനി പുതിയ മുഖമാണുണ്ടാവുക. പുതിയ ഉത്‌പന്നങ്ങളും പുതിയ മാർക്കറ്റിംഗ് തന്ത്രങ്ങളുമുണ്ടാവും. വരുംവർഷങ്ങളിൽ ഇത് പുതിയ കുതിപ്പാകും".

- ഇ.എം. നജീബ്,

പ്രസിഡന്റ്,​ കോൺഫെഡറേഷൻ ഒഫ് ടൂറിസം ഇൻഡസ്‌ട്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA TOURISM, TOURISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA