SignIn
Kerala Kaumudi Online
Friday, 02 October 2026 1.12 AM IST

വി.ഡിയെ വെട്ടിലാക്കി യു.ഡി.എഫ് കൺവീനർ

cartoon
f

തിരുവനന്തപുരം: പത്തരമാറ്റ് തിളക്കത്തോടെ അധികാരമേറ്റ യു.ഡി.എഫ് സർക്കാരിന്റെ മധുവിധുകാലം മാറുംമുമ്പെ അകത്തളത്തിലെ മുറുമുറുപ്പ് മറനീക്കി പുറത്തുവന്നു. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശാണ് ഇന്നലെ അതൃപ്തിയുടെ ആദ്യവെടി പൊട്ടിച്ചത്. ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷനെയും സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയെയും നിശ്ചയിച്ചതുൾപ്പെടെയുള്ള പല തീരുമാനങ്ങളും മാദ്ധ്യമ വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നാണ് വാർത്താസമ്മേളനത്തിൽ യു.ഡി.എഫ് കൺവീനറുടെ തുറന്നുപറച്ചിൽ. തന്നെ യു.ഡി.എഫ് കൺവീനറായി നിയോഗിച്ചത് എ.ഐ.സി.സി നേതൃത്വമാണെന്നും അതൃപ്തി രേഖാമൂലം അവിടെ ഇന്ന് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിലും ഘടകകക്ഷികളിലും അമ്പരപ്പുണ്ടാക്കിയ പരസ്യപ്രതികരണത്തിനു പിന്നാലെ കോൺഗ്രസിലെ ചില നേതാക്കൾ അടൂർ പ്രകാശിന്റെ നിലപാടിനെ രഹസ്യമായി പിന്തുണച്ചു. മന്ത്രിസഭയിലെ ചില അംഗങ്ങൾ അതു പാടേ തള്ളി. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നീക്കങ്ങൾക്ക് പ്രതിരോധവും കവചവും ഒരുക്കുന്ന നിലയിലാണ് കോൺഗ്രസിനുള്ളിലെ പടനീക്കം എന്നാണ് രാഷ്ട്രീയ നിരീക്ഷണം. വരും ദിവസങ്ങളിൽ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറിക്കുള്ള വഴിമരുന്നായി യു.ഡി.എഫ് കൺവീനറുടെ പ്രതികരണം മാറിയേക്കും.

മന്ത്രി പി.സി. വിഷ്ണുനാഥിന്റെ വകുപ്പിൽപ്പെട്ട ചില സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാരെ പ്രഖ്യാപിച്ചതും യു.ഡി.എഫിൽ ചർച്ച ചെയ്യാതെയായിരുന്നു. അതിനു പിന്നാലെയാണ് എം.കെ. മുനീറിന്റെയും ജി.ദേവരാജന്റെയും നിയമനം. പി.എം.ശ്രീ, ഗവൺമെന്റ് പ്ളീഡർ നിയമനം തുടങ്ങി പല വിഷയങ്ങളിലും മുഖ്യമന്ത്രി കൂടിയാലോചനയില്ലാതെ തീരുമാനമെടുക്കുന്നു എന്ന ആക്ഷേപം നേരത്തെ പുറത്തുവന്നിരുന്നു. ബോർഡ്, കോർപ്പറേഷൻ വീതം വയ്പ് യു.ഡി.എഫിൽ ചർച്ച ചെയ്താവണമെന്നാണ് ഒന്നരമാസം മുമ്പ് തീരുമാനിച്ചത്. ഒരുവിധ ചർച്ചയുമുണ്ടായില്ല. മുഖ്യമന്ത്രി മുന്നണിയെ ഹൈജാക്ക് ചെയ്യുകയാണെന്ന വാക്ക് താൻ ഉപയോഗിക്കുന്നില്ലെന്നും കൂട്ടായ ആലോചനയാണ് വേണ്ടതെന്നും മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അടൂർ പ്രകാശ് പറഞ്ഞു. ചിറയിൻകീഴിൽ രമ്യാഹരിദാസ് എം.എൽ.എ ഉണ്ടാക്കിയ കൈയാങ്കളി വിവാദം തീർത്തും ദൗർഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം പ്രതികരിച്ചു.

മന്ത്രിമാരുടെ യാത്രകൾ സുതാര്യമാകണം: അടൂർ പ്രകാശ്

1. മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റർ, വിമാന യാത്രകളും മറ്റു മന്ത്രിമാരുടെ യാത്രകളും ജനങ്ങൾക്കു കൂടി ബോദ്ധ്യപ്പെടും വിധമായിരിക്കണം.

2. കാബിനറ്റ് പദവി നൽകിയ രണ്ട് പേർ അർഹതയുള്ളവരാണ്. തള്ളിപ്പറയാൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ യു.ഡി.എഫ് അറിഞ്ഞിരിക്കണം.

3. മുഖ്യമന്ത്രിക്ക് തിരിക്കുകളുണ്ടാകും. എന്നാൽ,​ കൺവീനറെന്ന നിലയ്ക്ക് മാദ്ധ്യമങ്ങളിലൂടെ തീരുമാനങ്ങൾ അറിയേണ്ടിവരുന്നത് ദുഃഖകരമാണ്.

4. യു.ഡി.എഫ് യോഗം വിളിക്കേണ്ടത് കൺവീനറെന്ന നിലയ്ക്ക് താനാണെങ്കിലും അതിന് ചെയർമാനായ മുഖ്യമന്ത്രിയുടെ അനുവാദം വേണം.

5. മുഖ്യമന്ത്രി നൽകുന്ന നിർദ്ദേശം അനുസരിച്ചാണ് കൺവീനർ പ്രവർത്തിക്കേണ്ടത് എന്ന സാമാന്യ മര്യാദ വച്ചാണ് ഇതുവരെയും പ്രവർത്തിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD SATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA