തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ നിന്നാണ് വാവാ സുരേഷിന് ഇന്നത്തെ കോൾ വന്നത്. പറമ്പിൽ, കിണറിനായി കുഴിച്ച കുഴിയിൽ പാമ്പ് വീണു എന്ന് പറഞ്ഞാണ് വാവാ സുരേഷിന് കോൾ എത്തിയത്. സ്ഥലത്തെത്തിയ വാവ പാമ്പിനെ കണ്ടു. ഏകദേശം പത്ത് വയസുള്ള ഒരു അണലിയായിരുന്നു. കുറച്ചുനേരത്തെ ശ്രമഫലമായി കയറിൽ കുരുക്കിട്ട് അണലിയെ മുകളിൽ എത്തിച്ചു. അപ്പോഴാണ് അണലിയുടെ മൂക്കിൽക്കൂടി രക്തം വരുന്നത് വാവാ സുരേഷ് കണ്ടത്.
അപ്പോഴേക്കും അടുത്ത കോൾ എത്തി. കൈമനത്തിനടുത്തുള്ള കരുമം ഇടഗ്രാമത്തിലെ ഒരു വീട്ടിലെ മലിനജലം പോകുന്ന ഹോളിൽ ഒരു മൂർഖൻ പാമ്പ് കയറി എന്നാണ് വിളിച്ചയാൾ പറഞ്ഞത്. സ്ഥലത്തെത്തിയ വാവാ സുരേഷ് ചുറ്റുപാടും നിരീക്ഷിച്ചു. ഇവിടെനിന്ന് പാമ്പിനെ പിടികൂടുക ശ്രമകരമായ ജോലിയാണ്. എന്നാലും തെരച്ചിൽ തുടങ്ങി. മണിക്കൂറുകൾ നീണ്ട തെരച്ചിലിനിടയിൽ പൈപ്പിലേക്ക് ബക്കറ്റിൽ വെള്ളം ഒഴിച്ചുകൊണ്ടേയിരുന്നു. മൂർഖൻ പുറത്തേക്ക് തലയിട്ടെങ്കിലും പിന്നെയും അകത്തേക്ക് തന്നെ പോയി.
അവസാനം വാവാ സുരേഷ് ഹോളിനകത്തേയ്ക്ക് ഹോസ് (ഓസ്) ഇട്ട് അതിലൂടെ ഊതിക്കൊണ്ടിരുന്നു. ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ മൂർഖൻ പാമ്പ് പുറത്തേക്ക് ചാടി. കാണുക, കുഴിയിൽ വീണ അണലിയെ കുരുക്കിട്ടും മൂർഖൻ പാമ്പിനെ വെള്ളം നിറച്ചും പിടികൂടിയ വിശേഷങ്ങളുമായി എത്തിയ 'സ്നേക്ക് മാസ്റ്ററി'ന്റെ ഈ എപ്പിസോഡ്.

|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |