തിരുവനന്തപുരം: മമ്മൂട്ടി ഇടത് യുവജന നേതാക്കളെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചതിന് പിന്നാലെ ഉയർന്നുവന്ന സൈബർ ആക്രമണത്തിന് മറുപടിയുമായി മുൻ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ കേളോത്ത്. എം വിജിൻ എംഎൽഎ, സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് തുടങ്ങിയ ഇടത് യുവനേതാക്കൾ മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തെ സന്ദർശിച്ചതിന് പിന്നാലെയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഒരു വിഭാഗം ഇടത് സൈബർ അണികളിൽ നിന്ന് കടുത്ത വിമർശനവും സൈബർ ആക്രമണവും ഉണ്ടായത്.
2026 മാർച്ചിൽ വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് സന്ദർശനത്തിനിടെ സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം പ്രവർത്തകർ രംഗത്തെത്തിയത്. ഈ സൈബർ ആക്രമണങ്ങളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റുമായി അനുശ്രീ കേളോത്ത് രംഗത്തെത്തിയത്.
ഇടതുപക്ഷ പ്രവർത്തകർക്ക് തന്നോടുള്ള നീരസം മനസിലാക്കിത്തന്നെയാവണം അത് പരിഹരിക്കാൻ വേണ്ടി മമ്മൂട്ടി ഇടത് യുവജന നേതാക്കളെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചതെന്നാണ് അനുശ്രീ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. നമ്മളിൽ ഉണ്ടാവുന്ന അതൃപ്തിയും നമ്മൾ ഉയർത്തുന്ന ആക്ഷേപങ്ങളോടും പ്രതികരിക്കേണ്ട ഒരു ഉത്തരവാദിത്തവും ഇല്ലാതിരിക്കെ തന്നെ അതിന് മമ്മൂട്ടി തയ്യാറാവുന്നത് ഇടത് പക്ഷത്ത് നിന്ന് താൻ വെറുക്കപ്പെടരുത് എന്ന ബോധ്യം കൊണ്ട് തന്നെയാണെന്നും അവർ കുറിപ്പിൽ പറയുന്നു.
വ്യക്തിപരമായി ആരോടൊക്കെ സൗഹൃദം കൂടണം എവിടെ പോവണം എന്നതൊക്കെ മമ്മൂട്ടിയുടെ മാത്രം അഭിപ്രായ സ്വാതന്ത്ര്യമാണ്. അതിലൊക്കെ ആശങ്കപ്പെടുന്നത് ഉചിതമാവില്ല. മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ച് പോയ നേതൃത്വമൊക്കെ പാർട്ടി കൂറില്ലാത്തവരാണെന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നതിന്റെ അപാകത അൽപ്പമെങ്കിലും തിരിച്ചറിയാൻ ശ്രമിക്കണമെന്നും അനുശ്രീ ചൂണ്ടിക്കാണിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇടതുപക്ഷ പ്രവർത്തകർക്ക് തന്നോടുള്ള നീരസം മനസ്സിലാക്കിത്തന്നെയാവണം അത് പരിഹരിക്കാൻ വേണ്ടി മമ്മൂട്ടി ഇടത് യുവജന നേതാക്കളെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചത്. നമ്മളിൽ ഉണ്ടാവുന്ന അതൃപ്തിയും നമ്മൾ ഉയർത്തുന്ന ആക്ഷേപങ്ങളോടും പ്രതികരിക്കേണ്ട ഒരു ഉത്തരവാദിത്തവും ഇല്ലാതിരിക്കെ തന്നെ അതിന് മമ്മൂട്ടി തയ്യാറാവുന്നത് ഇടത് പക്ഷത്ത് നിന്ന് താൻ വെറുക്കപ്പെടരുത് എന്ന ബോധ്യം കൊണ്ട് തന്നെയാണ്.വയനാട് വിഷയത്തിലെ തന്റെ ഭാഗത്ത് നിന്നുണ്ടായ അപക്വമായ ഇടപെടലിൽ മമ്മൂട്ടി തന്നെ ഖേദം പ്രകടിപ്പിച്ചതാണ്. നേതൃത്വം ആ വിഷയം വിശദീകരിച്ചതുമാണ്.
അസ്വസ്ഥതരാകുന്ന പാർട്ടി സഖാക്കൾ ഒന്നോർക്കുക, അസത്യങ്ങളുടെ പുതിയ കാലത്ത് മാധ്യമമേഖലയിൽ നാം പിടിച്ചു നിൽക്കുന്നത് ഒരേ ഒരു കൈരളിയിലൂടെയാണല്ലോ. കഴിഞ്ഞ എത്രയോ വർഷങ്ങളായി ഒരു രൂപ ലാഭം പോയിട്ട് പലപ്പോഴും കനത്ത നഷ്ടം സഹിച്ചും ആ മാധ്യമ സ്ഥാപനം നിലനിൽക്കുന്നത് മമ്മൂട്ടിയുടെ കൂടെ ഇടപെടലിന്റെ ഭാഗമായാണ്. വേണമെങ്കിൽ നമ്മളിൽ ചിലരുടെ അതിര് കടന്ന പ്രതികരണങ്ങൾ കണ്ടപ്പോൾ തന്നെ, ( ഭരണം കൂടി മാറിയ പശ്ചാത്തലത്തിൽ )കൈരളിയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് ഇറങ്ങി ഇടത്പക്ഷത്തിനെതിരെ രണ്ട് വരി പറഞ്ഞ് വലതുപക്ഷത്തിന്റെ കയ്യടി വാങ്ങാമായിരുന്നല്ലോ. നിലവിൽ അത് നമുക്ക് ഉണ്ടാക്കുന്ന ആഘാതം ചെറുതായിരിക്കില്ലെന്ന് നമ്മളല്ലേ മനസ്സിലാക്കേണ്ടത്. നിലനിൽപ്പിന് രാഷ്ട്രീയ അഭിപ്രായങ്ങൾ വെല്ലുവിളിയാകുന്ന സിനിമ മേഖലയിൽ പ്രവർത്തിക്കുമ്പോൾ തന്നെ ഒരു ലാഭവും മോഹിക്കാതെ നീണ്ട 26 വർഷമായി നമ്മുടെ രാഷ്ട്രീയ ചാനലിന്റെ ചെയർമാൻ സ്ഥാനത്ത് നിലകൊള്ളുന്നതും അത്ര ചെറിയ കാര്യമാണെന്ന് ഇപ്പോഴും തോന്നുന്നില്ല.
ഏറ്റവും ലളിതമായി പറഞ്ഞാൽ ഒരു പാർട്ടി മെമ്പറുടെ ബോധ്യത്തോട് കൂടി മമ്മൂട്ടി നമ്മളോട് പ്രതികരിക്കണം എന്ന് ചിന്തിക്കുന്ന സങ്കുചിത ബോധം കൈവെടിയേണ്ടതാണ്. വ്യക്തിപരമായി ആരോടൊക്കെ സൗഹൃദം കൂടണം എവിടെ പോവണം എന്നതൊക്കെ അദേഹത്തിന്റെ മാത്രം തീരുമാനമാണ്. അതിലൊക്കെ ആശങ്കപ്പെടുന്നത് ഉചിതമാവില്ല. മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ച് പോയ നേതൃത്വമൊക്കെ പാർട്ടി കൂറില്ലാത്തവരാണെന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നതിന്റെ അപാകത അൽപ്പമെങ്കിലും തിരിച്ചറിയാൻ ശ്രമിക്കണം.
പാർട്ടി ജില്ലാ സെക്രട്ടറിയോട് ഐക്യപ്പെടുന്നത് പോലെ തന്നെ പ്രധാനമാണ് പാർട്ടി വിശദീകരണങ്ങളോട് ഐക്യപ്പെടൽ.
മമ്മൂട്ടിയെ കാണാൻ പോവുന്നവരെല്ലാം സഖാവ് റഫീഖിന് എതിരല്ല...!
നേതൃത്വത്തെ ന്യായീകരിക്കുന്നവരൊക്കെ സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നവരാണെന്ന ചിന്തകൊണ്ട് എല്ലാവരെയും എല്ലായിപ്പോഴും അളക്കാൻ ദയവ് ചെയ്തു തുനിയരുത്.
ഏതെങ്കിലും മഹാനടന്റെ പ്രീതി കിട്ടാനല്ല മറിച്ച്,
പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന യുവ നേതൃത്വങ്ങൾ അകാരണമായി ക്രൂശിക്കപ്പെടരുത് എന്ന ഉറച്ച ബോധ്യം പാർട്ടി ബോധമാണെന്ന തിരിച്ചറിവിൽ ഇത്രയും ഇവിടെ കുറിക്കുന്നു...!
Actor Mammootty's invitation to Left youth leaders sparked cyber attacks from a section of activists. Former SFI President Anusree Keloth defended Mammootty, stating he aimed to address dissatisfaction. She highlighted his long-standing commitment as Kairali TV chairman and stressed his right to personal friendships, urging comrades not to question loyalty.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |