SignIn
Kerala Kaumudi Online
Thursday, 17 September 2026 7.10 PM IST

അതിവേഗ റെയിൽ: 33,700 കോടിയുടെ വായ്പാ വാഗ്ദാനവുമായി ജപ്പാൻ

rail

തിരുവനന്തപുരം: തലസ്ഥാനത്തു നിന്ന് നാല് മണിക്കൂറിൽ കാസർകോട്ടെത്താവുന്ന സെമി-ഹൈസ്പീഡ് റെയിലിന് 33,700 കോടിയുടെ വായ്പാ വാഗ്ദാനവുമായി ജപ്പാൻ. 40 വർഷത്തെ തിരിച്ചടവും അഞ്ചു വർഷം മോറട്ടോറിയവുമാണ് ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയുടെ (ജൈക്ക) വാഗ്ദാനം. 0.2- 0.5ശതമാനമാണ് പലിശ. ഡോളർ വിനിമയനിരക്കിലെ വ്യതിയാനം കണക്കാക്കുമ്പോൾ ഇത് ആറ് ശതമാനത്തോളമാവും. ഭൂമിവിലയൊഴികെ പദ്ധതിച്ചെലവാകെ വായ്പ നൽകാനും ജൈക്ക തയ്യാറാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ജപ്പാൻ സന്ദർശിച്ചപ്പോൾ ജൈക്കയുമായി ചർച്ച നടത്തിയതിന്റെ ഫലമാണിത്.

കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുന്നതിന് പകരമായി ആകെ പർച്ചേസിന്റെ 30 ശതമാനം ജപ്പാനിൽ നിന്നാവണമെന്നാണ് ഉപാധി. കോച്ചുകൾ, സിഗ്നലിംഗ് സംവിധാനം, ലിഫ്‌റ്റുകൾ എന്നിവയെല്ലാം വാങ്ങാം. ബുള്ളറ്റ് ട്രെയിനിന് കോച്ച് നിർമ്മിക്കുന്ന ജപ്പാൻ കമ്പനികൾ റെയിൽവേ വികസന കോർപറേഷനുമായി ചർച്ച തുടങ്ങിയിട്ടുണ്ട്. 1850 മീറ്റർ വിസ്തൃതിയുള്ള വളവുകളിൽപ്പോലും 200 കിലോമീറ്റർ വേഗത്തിൽ തിരിയാൻ കഴിയുന്ന, കുലുക്കമില്ലാത്ത ശീതീകരിച്ച കോച്ചുകളാണ് പ്രത്യേകത. ആശയവിനിമയത്തിന് ഏതു കാലാവസ്ഥയിലും തടസമുണ്ടാവാത്ത ടെലികോം സംവിധാനം, അത്യാധുനിക സിഗ്‌നലിംഗ്, മൊബൈൽ, ഇ-ടിക്കറ്റ് സൗകര്യം എന്നിവയും ജപ്പാൻ സർക്കാരിന് പങ്കാളിത്തമുള്ള കമ്പനികൾ അവതരിപ്പിച്ചിട്ടുണ്ട്.

തിരിച്ചടവു സംബന്ധിച്ച് സംസ്ഥാന സർക്കാർ രേഖാമൂലം ഉറപ്പു നൽകിയാൽ വിദേശവായ്പയ്ക്ക് അനുമതി നൽകാമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനെ അറിയിച്ചിട്ടുണ്ട്. ആദ്യപടിയായ ഭൂമിയേറ്റെടുക്കലിന് 8,656 കോടി വേണം. ഇതിന് ഹഡ്കോ, കിഫ്ബി വായ്പകളെടുക്കും.

തിരിച്ചടയ്ക്കാൻ പല മാർഗങ്ങൾ

 തിരുവനന്തപുരം-കാസർകോട് യാത്രയ്ക്ക് 1457 രൂപ . 67740യാത്രക്കാരുണ്ടാവും.

 ടിക്കറ്റ് വരുമാനം കൊണ്ടുമാത്രം വായ്പ തിരിച്ചടയ്ക്കാനാവില്ല. ഇതര വരുമാന മാർഗങ്ങൾ കണ്ടെത്തേണ്ടിവരും

 ട്രെയിനിൽ ചരക്കു ലോറികൾ കൊണ്ടുപോവുന്ന റോ–റോ സർവീസ് ലാഭകരമായി നടത്താനാവും

 മുടക്കുമുതലിന്റെ 8.1ശതമാനം പ്രതിവർഷം തിരിച്ചുകിട്ടും.

 സ്റ്റേഷനുകളുടെയും നഗരങ്ങളുടെയും വികസനത്തിലൂടെ ഇത് 16ശതമാനമാക്കി ഉയർത്താം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGH SPEED TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA