
തൃശൂർ: സ്വകാര്യ ബസ് വ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നവംബർ ആദ്യ വാരം മുതൽ സർവീസ് നിറുത്തിവച്ച് അനിശ്ചിതകാല സമരം നടത്തുമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ. 14ന് ബസ് ഉടമകളും കുടുംബാംഗങ്ങളും സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തുമെന്നും സെൻട്രൽ കമ്മിറ്റി യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
ഒക്ടോബർ അവസാന വാരം സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം അനുഷ്ഠിക്കും. അനുകൂല തീരുമാനമില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കും.പ്രിയദർശിനി സൗജന്യയാത്രാ പദ്ധതി മൂലം നഷ്ടത്തിലായ സ്വകാര്യ ബസുകളെ സംരക്ഷിക്കുക, വിദ്യാർത്ഥി നിരക്ക് ഉൾപ്പെടെ ബസ് ചാർജ് വർദ്ധിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. സ്വകാര്യ ബസുകൾ കിലോമീറ്ററിന് 55 രൂപ നിരക്കിൽ വാടകയ്ക്കെടുക്കാമെന്ന് വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തിട്ടും സർക്കാർ നടപടിയെടുത്തില്ല. ഡീസൽ, ഓയിൽ, സ്‌പെയർ പാർട്‌സ്, ടയർ തുടങ്ങിയവയ്ക്ക് വില കൂടിയിട്ടും 14 വർഷം മുമ്പുള്ള നിരക്കാണ് വിദ്യാർത്ഥികൾക്കുള്ളത്.വാർത്താ സമ്മേളനത്തിൽ ഫെഡറേഷൻ പ്രസിഡന്റ് കെ.കെ.തോമസ്, ജനറൽ സെക്രട്ടറി ഹംസ ഏരികുന്നൻ, ട്രഷറർ എം.എസ്.പ്രേംകുമാർ, വൈസ് പ്രസിഡന്റുമാരായ സി.മനോജ്കുമാർ, കെ.സത്യൻ, ജോയിന്റ് സെക്രട്ടറി വിജയകുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |