SignIn
Kerala Kaumudi Online
Monday, 29 June 2026 3.02 PM IST

മണിക്കൂറുകൾ കാത്തിരുന്ന് യാത്രക്കാർ, പ്രിയദർശിനി ഇഫക്ടിൽ ബ്രേക്കിട്ടത് 1000 സ്വകാര്യ ബസുകൾ; 14 ദിവസത്തെ നഷ്ടം 30 കോടി

bus
പാലക്കാട് ടൗൺ ബസ് സ്റ്റാന്റ്. (ഫയൽ ഫോട്ടോ; മനോജ് പി.എസ്)

തിരുവനന്തപുരം: പൊതുഗതാഗത രംഗത്ത് സ്ത്രീ സൗഹൃദപരമായ വലിയ ചുവടുവയ്പ്പാണ് കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി. സ്ത്രീകൾ രണ്ട് കയ്യും നീട്ടി സ്വീകരിച്ച പദ്ധതി വാഴ്ത്തപ്പെടുമ്പോഴും പദ്ധതി സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. പല റൂട്ടുകളിലും പ്രിയദർശിനി സൗജന്യ സർവീസുകൾ ആരംഭിച്ചതോടെ സ്വകാര്യ ബസ് യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഒരു വശത്ത് സാധാരണക്കാർക്ക് ആശ്വാസമാകുമ്പോൾ, മറുവശത്ത് ലക്ഷക്കണക്കിന് തൊഴിലാളികളും ഉടമകളും ആശ്രയിക്കുന്ന സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുകയാണ്. പദ്ധതിയെ തുടർന്ന് സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.ജി ഗോപിനാഥൻ കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു.

30 കോടി രൂപയുടെ കുറവ്

കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി ഓരോ റൂട്ടുകളിലും വ്യത്യസ്ത രീതിയിലാണ് സ്വകാര്യ ബസ് മേഖലയെ ബാധിച്ചിരിക്കുന്നത്. കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തുന്ന റൂട്ടുകളുണ്ട്. ഇല്ലാത്ത റൂട്ടുകളുമുണ്ട്. 500 രൂപ മുതൽ 6000 രൂപ വരെ ഒരു ദിവസത്തെ കളക്ഷനെ ബാധിക്കുന്നുണ്ട്. തിരുവനന്തപുരം സിറ്റിയിൽ സർവീസ് നടത്തുന്ന ബസുകളുടെ കളക്ഷൻ പകുതിയായി. പല ദിവസങ്ങളിലും ഡീസലടിക്കാനോ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാനോ കളക്ഷൻ തികയുന്നില്ല. പദ്ധതി തുടങ്ങി 14 ദിവസത്തെ കളക്ഷൻ പരിശോധിക്കുമ്പോൾ കേരളത്തിലെ സ്വകാര്യ ബസുകൾക്ക് മാത്രം ഏകദേശം 30 കോടി രൂപയുടെ കുറവ് ഉണ്ടായിട്ടുണ്ട്.

പ്രിയദർശിനിയെ കാത്ത് യാത്രക്കാർ

സ്ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിച്ചതോടെ വലിയൊരു വിഭാഗം ആളുകളും സ്വകാര്യ ബസുകൾ ഒഴിവാക്കി കെഎസ്ആർടിസി ബസുകളെ കാത്തിരിക്കുകയാണ്. മുൻപ് സ്വകാര്യ ബസുകളിൽ കയറിയിരുന്ന സ്ത്രീ യാത്രക്കാരിൽ പകുതിയോളം പേർ ഇപ്പോൾ കെഎസ്ആർടിസിയെ ആശ്രയിക്കുന്നതാണ് ഈ വരുമാന തകർച്ചയുടെ പ്രധാന കാരണം. വരുമാന നഷ്ടം താങ്ങാനാവാതെ വന്നതോടെ സംസ്ഥാനത്ത് ആയിരത്തോളം സ്വകാര്യ ബസുകളാണ് സർവീസ് അവസാനിപ്പിച്ചത്. ഏറ്റവും കൂടുതൽ സർവീസുകൾ നിർത്തലാക്കേണ്ടി വന്നത് വയനാട്, കാസർകോട് ജില്ലകളിലാണ്. തൃശൂർ, പാലക്കാട്, പത്തനംതിട്ട, കൊല്ലം ജില്ലകളിലും വലിയ പ്രതിസന്ധിയുണ്ട്. കെഎസ്ആർടിസി ഒപ്പത്തിനൊപ്പം ഓടുന്ന എല്ലാ സ്ഥലങ്ങളിലും ജനം പ്രിയദർശിനി ബസുകളെ കാത്തുനിൽക്കുകയാണ്.

bus
കൺസെഷനിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ. (ഫയൽ ഫോട്ടോ; റാഫി എം ദേവസി)

നികുതിയിളവും ഡീസൽവിലയും

കഴിഞ്ഞ ബഡ്ജറ്റിൽ സംസ്ഥാന സർക്കാർ നികുതിയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചതിലൂടെ 38 സീറ്റുള്ള ഒരു ബസിന് ദിവസേന ഏകദേശം 106.50 ടാക്സ് ഇനത്തിൽ ലാഭിക്കാൻ കഴിയുന്നുണ്ട്. എന്നാൽ പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഡീസൽ വില അഞ്ച് തവണയായി മൊത്തം 7.56 രൂപ വർദ്ധിപ്പിച്ചു. ഒരു ബസ് ശരാശരി 80 ലിറ്റർ ഡീസൽ അടിക്കുമ്പോൾ ദിവസേന 600 രൂപയോളം അധികച്ചെലവ് വരുന്നു. അതുകൊണ്ട് തന്നെ സർക്കാർ നൽകിയ നികുതി ഇളവ് കൊണ്ട് ഈ വലിയ പ്രതിസന്ധി മറികടക്കാൻ സാധിക്കില്ല.

പ്രതിസന്ധി എങ്ങനെ പരിഹരിക്കും?

കെഎസ്ആർടിസിക്ക് നൽകുന്നത് പോലെ സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുക. സീറോ ടിക്കറ്റിംഗ് സംവിധാനത്തിലൂടെ ആ തുക സർക്കാർ ബസ് ഉടമകൾക്ക് റീഫണ്ട് ചെയ്തു നൽകുകയും ചെയ്യുക. അതിനുവേണ്ടി സർക്കാർ ചെയ്യുന്ന മോണിറ്ററിംഗ് സംവിധാനങ്ങൾ ഞങ്ങൾ ചെയ്യാം. ടിക്കറ്റ് മെഷിൻ, സോഫ്‌റ്റ‌്‌വെയർ സർക്കാർ ഉണ്ടാക്കിനൽകട്ടെ. ആഴ്ചയിലോ ഒരു മാസത്തിലോ ഉടമകൾക്ക് റീഫണ്ട് ചെയ്യുന്ന രീതിയിൽ പദ്ധതി തയ്യാറാക്കുക. പ്രതിസന്ധി പരിഹരിക്കാനുള്ള മറ്റൊരു നിർദ്ദേശം, മത്സ്യബന്ധന മേഖലയ്ക്ക് നൽകുന്നത് പോലെ സ്വകാര്യ ബസുകൾക്കും ഡീസലിന് പ്രത്യേക സബ്സിഡി അനുവദിക്കുക എന്നതുമാണ്.

bus
കോട്ടയം ജില്ലാ ഹോസ്പിറ്റ്റലിന് സമീപമുള്ള ബസ്റ്റോപ്പിൽ യാത്രക്കാർ (ഫയൽ ഫോട്ടോ; ശ്രീകുമാർ ആലപ്ര)

സമരപരിപാടികൾ

സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ബസ് ഉടമകൾ സമരത്തിലേക്ക് കടക്കാനുള്ള ആലോചനയുണ്ട്. എന്നാൽ ഈ പ്രശ്നം ഉടമകളെ മാത്രം ബാധിക്കുന്ന ഒന്നല്ല. 40,000ഓളം തൊഴിലാളികളെ ബാധിക്കുന്ന വിഷയമാണ്. പ്രതിസന്ധി രൂക്ഷമായതോടെ മഹാഭൂരിപക്ഷം തൊഴിലാളികൾക്കും ശമ്പളം കൊടുക്കാൻ സാധിക്കുന്നില്ല. തൊഴിലാളികളെയും ഉൾപ്പെടുത്തി സമരപരിപാടികളിലേക്ക് കടക്കാനാണ് അസോസിയേഷൻ പദ്ധതിയിടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC PRIYADARSHINI, PRIVATE BUS ISSUE KERALA, KERALA PRIVATE BUS OPERATORS, KSRTC FREE TRAVEL SCHEME, WOMEN FREE BUS TRAVEL KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA