
വാര്‍ഷിക പലിശ ആറ് ശതമാനം
തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ(കെ.എഫ്.സി) മുഖ്യ പദ്ധതികളിലൊന്നായ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിയിലെ(സി.എം.ഇ.ഡി.പി) വായ്പകളുടെ പരിധി അഞ്ച് കോടി രൂപയായി ഉയര്‍ത്തി. സംസ്ഥാന ബഡ്ജറ്റില്‍ മുഖ്യമന്ത്രി വി. ഡി. സതീശന്‍ പദ്ധതിയുടെ പരമാവധി വായ്പാ പരിധി രണ്ട് കോടിയില്‍ നിന്ന് അഞ്ച് കോടി രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു. വാര്‍ഷിക പലിശനിരക്ക് ആറ് ശതമാനമാണ്.
മുഖ്യ സംരംഭകന്റെ ഉയര്‍ന്ന പ്രായപരിധി 50ല്‍ നിന്ന് 60 വയസാക്കി. വായ്പാ വിതരണം ഉടന്‍ ആരംഭിക്കുമെന്ന് കെ.എഫ്.സി അറിയിച്ചു. പദ്ധതിയിലൂടെ ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ എളുപ്പത്തില്‍ വായ്പ ലഭ്യമാകും. നൂതനവും വിപുലവുമായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ള സംരംഭങ്ങള്‍ വിപുലീകരിക്കുന്നതിനും സംരംഭകര്‍ക്ക് ഇതോടെ അവസരമൊരുങ്ങും.
സംരംഭകത്വവും ചെറുകിട-ഇടത്തരം വ്യവസായ മേഖലയുടെ വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്നതിനായി കെഎഫ്‌സിയുടെ മുന്‍നിര പദ്ധതിയായ സി.എം.ഇ.ഡി.പി ശക്തിപ്പെടുത്താനാണ് ലക്ഷ്യമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. സംസ്ഥാനത്തെ ആയിരക്കണക്കിന് സംരംഭങ്ങള്‍ക്ക് കരുത്തേകിയ പദ്ധതിയാണിതെന്ന് കെ.എഫ്.സി മാനേജിംഗ് ഡയറക്ടര്‍ എന്‍. എസ്. കെ. ഉമേഷ് പറഞ്ഞു. ഇതുവരെ പദ്ധതിയിലൂടെ 3,149 സംരംഭങ്ങള്‍ക്കായി 1,512.38 കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |