അന്തിക്കാട്: നാട്ടിൽ അതുൽ കൃഷ്ണ ക്ഷീര കർഷകൻ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ എത്തുമ്പോൾ പവർ ലിഫ്റ്റിംഗിലെ സുവർണതാരം. പശുവളർത്തലിനും സ്പോർട്സിനുമൊപ്പം പഠനത്തിലും മിടുക്കനാണ് അവസാന വർഷ ബിരുദ വിദ്യാർത്ഥിയായ അന്തിക്കാട്ടുകാരൻ.
പുലർച്ചെ 5.30ന് കാലിത്തൊഴുത്തിൽ തുടങ്ങും അതുലിന്റെ ഒരുദിവസം. തൊഴുത്ത് വൃത്തിയാക്കൽ, കറവ, സംഘത്തിൽ പാൽ അളക്കൽ. അതുകഴിഞ്ഞാണ് പഠനം. രണ്ടു നേരവും അതുലാണ് പശുവിനെ കറക്കുന്നത്. വൈകിട്ട് അഞ്ചിന് തൃശൂർ അക്വാട്ടിക് കോംപ്ലക്‌സിൽ പവർലിഫ്റ്റിംഗ് പരിശീലനം. തൃശൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പത്തിൽ പഠിക്കുമ്പോൾ ഷോട്ട്പുട്ടിൽ സ്‌കൂൾ ഉപജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്ലസ് വൺ പഠനകാലത്താണ് പവർലിഫ്റ്റിംഗിലേക്ക് തിരിഞ്ഞത്. കോളേജിലെത്തിയപ്പോൾ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പിൽ സ്വർണവും സ്‌ട്രോംഗ് മാൻ ബഹുമതിയും. ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്‌സിറ്റി പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിലും സ്വർണം. കെ.കെ. കിരണും കൃഷ്ണകുമാറുമാണ് പരിശീലകർ. കൈപ്പിള്ളി കുന്നുപറമ്പിൽ കേബിൾ ടി.വി ഓപ്പറേറ്റർ സുനിൽ കുമാർ - വിദ്യ ദമ്പതികളുടെ മകനാണ്. സഹോദരി അഞ്ജലി കൃഷ്ണ.
പാരമ്പര്യത്തിന്റെ 'ബാലപാഠങ്ങൾ'
വടക്കുംപുറം കൈപ്പിള്ളി ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റായിരുന്ന അച്ഛന്റെ അച്ഛൻ വേലപ്പനാണ് ക്ഷീരകർഷകനിലേക്കുള്ള വഴികാട്ടി. പത്താം വയസിൽ അച്ഛാച്ചന്റെ സഹായിയായി തൊഴുത്തിലിറങ്ങി. അഞ്ച് വർഷം മുൻപ് അച്ഛാച്ചന്റെ വേർപാടോടെ പശുക്കളുടെ സംരക്ഷണം ഏറ്റെടുത്തു. നിലവിൽ നാലു പശുക്കൾ.
മെഡൽ വേട്ട
2024: പഞ്ചാബിൽ നടന്ന ജൂനിയർ പവർലിഫ്റ്റിംഗിൽ വെങ്കല മെഡൽ
2025: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ
2026: ജമ്മു കാശ്മീരിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ
2026: വയനാട്ടിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പഞ്ചഗുസ്തിയിൽ വെങ്കല മെഡൽ
2026: തൃശൂരിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡലും 'സ്‌ട്രോംഗ് മാൻ" ബഹുമതിയും
യുവതലമുറ മടിക്കുന്ന പശു പരിപാലനം പഠനത്തോടൊപ്പം ഏറ്റെടുത്ത് വിജയം കൊയ്യുന്ന അതുൽ യുവാക്കൾക്ക് മാതൃകയാണ്.
പി. ജയപ്രകാശ് (പ്രസിഡന്റ്, കൈപ്പള്ളി ക്ഷീരോല്പാദക സഹകരണ സംഘം)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |