SignIn
Kerala Kaumudi Online
Monday, 21 September 2026 1.30 AM IST

ഓണത്തിന് കാത്തുനിൽക്കാതെ കുടുംബസമേതം വീടുവിടുന്നു; മലയാളികൾക്കിടയിലെ പുതിയ ട്രെൻഡ്

READ ENGLISH VERSION
home

കൊച്ചി: ഓണത്തിന് കാത്തുനിൽക്കാതെ മലയാളികൾ വിനോദസഞ്ചാരത്തിന് വിദേശത്തേയ്ക്ക് പറക്കുകയാണ്. ഒരാഴ്‌ച നീളുന്ന വിദേശ പാക്കേജുകൾക്ക് വൻഡിമാൻഡാണ് ലഭിച്ചത്. വിമാനടിക്കറ്റുകൾ ലഭിക്കാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് അധികൃതർ പറഞ്ഞു.

മലേഷ്യ, സിംഗപ്പൂർ, അസർബൈജാൻ രാജ്യങ്ങളാണ് ഓണാവധിക്കാലത്ത് കൂടുതൽപ്പേർ തിരഞ്ഞെടുത്തത്. ഒരാഴ്ച നീളുന്ന പാക്കേജുകളിലാണ് ഇവിടങ്ങളിലേയ്‌ക്ക് യാത്രകൾ. യൂറോപ്യൻ രാജ്യങ്ങളിലെ പാക്കേജുകളും തിരഞ്ഞെടുക്കുന്നവരുണ്ട്. കുടുംബസമേതം യാത്ര ചെയ്യുന്നവരാണ് ഇവരിൽ കൂടുതലും.

അതേസമയം,​ ആലപ്പുഴ, കുമരകം എന്നിവിടങ്ങളിലെ ഹൗസ് ബോട്ടുകൾക്ക് ഒക്ടോബർ മുതൽ മുഴുവൻ ദിവസവും ബുക്കിംഗ് ലഭിച്ചുകഴിഞ്ഞു. വിദേശികൾ ഉൾപ്പെടെയാണ് ഹൗസ് ബോട്ടുകളും ഹോട്ടലുകളും ബുക്ക് ചെയ്‌തിട്ടുള്ളത്. വലിയ സംഘങ്ങളും കൊച്ചി, തേക്കടി, മൂന്നാർ, ആലപ്പുഴ എന്നിവിടങ്ങളിലും ബുക്കിംഗുകൾ വർദ്ധിച്ചിട്ടുണ്ട്.

നവരാത്രി ഉൾപ്പെടെ വടക്കേയിന്ത്യയിലെ ഉത്സവകാലങ്ങളിൽ വൻതോതിൽ സഞ്ചാരികൾ എത്താറുള്ളത് ഇക്കുറിയും ആവർത്തിക്കുമെന്നാണ് സൂചനകൾ. മികച്ച സീസൺ ലഭിക്കുമെന്ന പ്രതീക്ഷ നൽകുന്നതാണിതെന്ന് അധികൃതർ പറഞ്ഞു.

കേരളത്തിനകത്ത് മലയാളികൾ രണ്ടോ മൂന്നോ ദിവസം നീളുന്ന യാത്രകൾ നടത്തുന്നത് വർദ്ധിച്ചിട്ടുണ്ട്. കൊച്ചി, മൂന്നാർ, തേക്കടി, ആലപ്പുഴ, ഗവി, വയനാട്, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിലാണ് കൂടുതൽ പേരെത്തുന്നത്. സമീപത്തെ അയൽസംസ്ഥാന വിനോദകേന്ദ്രങ്ങളിലേക്കും മലയാളികൾ സഞ്ചരിക്കുന്നതും വർദ്ധിച്ചു.

ഓണക്കാലത്തും വിനോദയാത്രകൾ മലയാളികൾ ധാരാളം നടത്തുന്നുണ്ട്. യാത്രയുടെ രീതികളിലും ലക്ഷ്യസ്ഥാനത്തിലും പുതിയ ട്രെൻഡുകൾ വരുന്നുമുണ്ട്.- മറിയാമ്മ ജോസ്, സംസ്ഥാന പ്രസിഡന്റ്, ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ.

ഓണം കാണാനെത്തുന്നവർ കുറഞ്ഞു

ഓണക്കാലത്ത് മാവേലിനാട് കാണാനും വള്ളംകളി ആസ്വദിക്കാനും സഞ്ചാരികളുടെ വരവ് കുറഞ്ഞു. ചതിച്ചത് കാലാവസ്ഥ. ഓണാവധിക്കാലം സ്വദേശത്തും വിദേശത്തും വിനോദസഞ്ചാരത്തിന് തിരഞ്ഞെടുത്ത മലയാളികൾ വർദ്ധിക്കുകയും ചെയ്‌തു. ആലപ്പുഴയിലെ നെഹ്റു ട്രോഫി വള്ളംകളി ആസ്വദിക്കാൻ വിദേശികളും അന്യസംസ്ഥാന സഞ്ചാരികളും ധാരാളമായി വരുന്നത് പതിവായിരുന്നു. എന്നാൽ,​ ഇക്കുറി വിദേശികളുടെ എണ്ണം കുറഞ്ഞു. കനത്ത മഴയാണ് സഞ്ചാരികളെ അകറ്റിയതെന്നാണ് ട്രാവൽ, ടൂർ ഓപ്പറേറ്റർമാർ പറയുന്നത്. മഴയും കനത്ത ചൂടും മാറിമാറി വന്നത് സഞ്ചാരികളെ അകറ്റിയെന്നാണ് സൂചനകൾ. വള്ളംകളി കാണാനെത്തിയ വിദേശികളുടെ കൃത്യമായ കണക്ക് ലഭിച്ചിട്ടില്ലെങ്കിലും കുറഞ്ഞുവെന്ന് ടൂറിസം വകുപ്പ് അധികൃതരും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONAM, MALAYALEE, SPECIAL, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA