
ചെറുതുരുത്തി: ഞായറാഴ്ചയാണ്, വീട്ടിൽ നിന്ന് കയ്പഞ്ചേരിയിലെ ബന്ധുവീട്ടിലേക്ക് ബൈക്കിന് പോയതാണ് രതീഷ്. പിന്നിൽ കുതിരക്കുളമ്പടി, ഞെട്ടിത്തിരിയുമ്പോൾ ഒരു ഉശിരൻ വെള്ളക്കുതിര. കുതിരയോട്ട മത്സരത്തിലെന്ന കണക്കെ ഓടിയെത്തി ഇടിച്ചിട്ടു. നാട്ടുകാരെല്ലാം കൂടി പൊക്കിയെടുത്താണ് ആറ്റൂർ മനപ്പടി നരവംകുന്നത്ത് വീട്ടിൽ രതീഷിനെ (35) അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പുലർച്ചെ തൃശൂരിൽ നിന്നുള്ള പത്രക്കെട്ടുകൾ ഓട്ടോടാക്സിയിൽ പ്രദേശത്തെല്ലാം വിതരണം ചെയ്ത് തൃശൂർ ഷൊർണൂർ സംസ്ഥാനപാതയിലെ
ചുങ്കം സെന്ററിൽ എത്തിയതാണ് ചേലക്കര പങ്ങാരപ്പിള്ളി പനംകുറ്റി കീഴോട്ടുവളപ്പിൽ മോഹനൻ. ഒരു നിമിഷം കൊണ്ട് പാഞ്ഞെത്തി കുതിര ഓട്ടോ ടാക്സിക്ക് മുന്നിലൊരു ഇടി. മുൻഭാഗം ചളുങ്ങി. തൃശൂർ - ഷൊർണൂർ സംസ്ഥാനപാതയിൽ ഇന്നലെ രാവിലെ ഒമ്പതോടെയാണ് പ്രദേശവാസികളെ ഭീതിയിലാക്കി വെള്ളക്കുതിര വിളയാടിയത്. കാൽ മണിക്കൂറോളം ആ മരണപ്പാച്ചിൽ നാടിനെ ഭീതിയിലാഴ്ത്തി.
വഴി നീളെ വാഹനങ്ങൾ ഒതുക്കിനിറുത്തി, വഴിയാത്രികർ ചിതറിയോടി. കുതിരസവാരിക്കായെത്തിച്ച ചെറുതുരുത്തി നെടുമ്പര പോക്കാകില്ലത്ത് വീട്ടിൽ കബീറിന്റെ റേസിംഗിനായിറങ്ങിയിരുന്ന വെള്ളക്കുതിരയാണ് പണി പറ്റിച്ചത്. ഒരാഴ്ചയായുള്ളൂ കുതിര ചെറുതുരുത്തിയിലെത്തിയിട്ട്. രാവിലെ ഭാരതപ്പുഴയിൽ കുളിപ്പിക്കാനും പരിശീലനത്തിനുമായി കൊണ്ടുപോയതാണ്. വിരണ്ടോടിയ കുതിര സംസ്ഥാനപാതയിലൂടെ കൊച്ചിൻ പാലം മുതൽ ചെറുതുരുത്തി ടൗൺ വഴി സഞ്ചരിച്ച് നെടുമ്പരയിലെ ഉടമസ്ഥന്റെ വീടിന് മുന്നിലെത്തിനിന്നു. നേരത്തെയുണ്ടായിരുന്ന കുതിര ചത്തതിനെ തുടർന്ന് ചെർപ്പുളശ്ശേരി സ്വദേശിയിൽ നിന്നാണ് കുതിരയെ വാങ്ങിയത്. ഇണങ്ങാത്തതിനാൽ റോഡിലിറക്കരുതെന്ന് മുൻ ഉടമ മുന്നറിയിപ്പ് നൽകിയിരുന്നു.ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി. വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്തിക്കൊടുക്കാമെന്ന് ഉടമ ഉറപ്പുനൽകിയതോടെ വിഷയം ഒത്തുതീർപ്പായി.
മണൽവണ്ടി മുതൽ കുതിര സവാരി വരെ
ഭാരതപ്പുഴയിലെ മണൽവാരി ശേഖരിക്കാൻ കാളവണ്ടികളായിരുന്നു ആദ്യമുണ്ടായിരുന്നത്. പിന്നീട് അതിന് കുതിരകളായി. മണലെടുപ്പ് നിന്നതോടെ കുതിരകളെ വൈകുന്നേരങ്ങളിൽ ഭാരതപ്പുഴയിൽ കുതിരസവാരിക്കും കല്യാണങ്ങൾക്കും ഉപയോഗിച്ച് തുടങ്ങി. കുതിരപ്പുറത്തിരുന്നുള്ള അമ്പെയ്ത്ത് (ഹോഴ്‌സ്ബാക്ക് ആർച്ചറി) പരിശീലിപ്പിക്കാനും ഉപയോഗിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |