
കൊച്ചി: വിദേശ മലയാളികൾക്ക്, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് അതത് രാജ്യങ്ങളിൽ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, ലോകരാജ്യങ്ങളെ മേഖലകളായി തിരിച്ച് 'ഗ്ലോബൽ നോർക്ക കോ ഓർഡിനേഷൻ കൗൺസിലുകൾ' നവംബറോടെ രൂപീകരിക്കും. ഓരോ കൗൺസിലിന് കീഴിലും നാല് ഹെൽപ് ഡെസ്‌കുണ്ടാകും. ഇതോടെ, പ്രവാസി ക്ഷേമ പ്രവർത്തനങ്ങളുടെ ഏകോപനം കൂടുതൽ കാര്യക്ഷമമാകും. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി കൂടിയാണ് കൗൺസിൽ രൂപീകരണം.
ഓരോന്നിലും നാല് മുതൽ 12 വരെ സന്നദ്ധപ്രവർത്തകർ അംഗങ്ങളാകും. ആഗോളതലത്തിലുള്ള പ്രവർത്തനങ്ങളുടെ സംയോജനത്തിനായി ഏകോപന ഡെസ്‌ക്, കുടിയേറ്റ ബോധവത്കരണത്തിനായുള്ള ഡെസ്‌ക്, അടിയന്തരസഹായത്തിന് ഡിസ്ട്രസ് സപ്പോർട്ട് ഡെസ്‌ക്, വികസനത്തിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കേരള ഡെവലപ്‌മെന്റ് ഡെസ്‌ക് എന്നിവയുണ്ടാകും. ഇമിഗ്രേഷൻ, നിയമപ്രശ്നം, പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, അടിയന്തരസാഹചര്യം തുടങ്ങിയവയിൽ മാർഗനിർദ്ദേശവും നൽകും. പൈലറ്റുപദ്ധതി കാനഡയിൽ വിജയകരമായി നടപ്പാക്കിയിരുന്നു. ലോകകേരള സഭാംഗങ്ങൾ, പ്രവാസി സംഘടനാ പ്രതിനിധികൾ, എൻ.ആർ.കെ പ്രമുഖർ തുടങ്ങിയവരുടെ പങ്കാളിത്തം കൗൺസിലിലുണ്ടാകും.
11 മേഖലകൾ
1. ജർമ്മനി, ബെൽജിയം, നെതർലാൻഡ്സ്, ലക്സംബർഗ്
2. ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്
3. വെസ്റ്റ് ആൻഡ് നോർത്തേൺ ആഫ്രിക്ക
4. ഈസ്റ്റ് ആഫ്രിക്ക
5. സൗത്ത് ആൻഡ് സെൻട്രൽ ആഫ്രിക്ക
6. നോർഡിക് മേഖല (ഡെന്മാർക്ക്, ഫിൻലാൻഡ്, ഐസ്‌ലാൻഡ്, നോർവേ, സ്വീഡൻ)
7. ഈസ്റ്റ് ഏഷ്യ
8. ആസിയാൻ രാജ്യങ്ങൾ
9. ഈസ്റ്റേൺ യൂറോപ്പ് ആൻഡ് റഷ്യ
10. ഇറ്റലി ആൻഡ് മാൾട്ട
11. യു.കെ ആൻഡ് അയർലൻഡ്
നിലവിൽ പ്രവാസി അസോസിയേഷൻ മുഖേന നടക്കുന്ന പ്രവർത്തനങ്ങളെ ഒന്നുകൂടി ഘടനാപരമാക്കുകയാണ് കോ-ഓർഡിനേഷൻ കൗൺസിലിലൂടെ ഉദ്ദേശിക്കുന്നത്. കൂടുതൽ പ്രവാസികളെ ക്രിയാത്മകമായ പ്രവർത്തനങ്ങളുടെ ഭാഗമാക്കാനും വിവിധ വിഷയങ്ങളിൽ കൃത്യമായി ഇടപെടാനും കഴിയും.
രാജേഷ് മാധവൻ
സി.ഇ.ഒ
നോർക്ക റൂട്സ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |