കൊച്ചി: തെങ്ങ് ചതിക്കില്ലെന്നാണ് ചൊല്ലെങ്കിലും ഗോപിയെ തേങ്ങ ചതിച്ചു. ഉപജീവനമാർഗമായ തേങ്ങാക്കച്ചവടം തകർന്ന് കടക്കാരനായപ്പോൾ അടിമാലി ചെറുകുന്നേൽ ഗോപി രണ്ടേക്കർ സ്ഥലം പാട്ടത്തിനെടുത്ത് 1985ൽ മറ്റ് കാർഷിക പരീക്ഷണങ്ങളിലേക്ക് കടന്നു. നൂറു കിലോ തൂക്കമുള്ള 'ക്വിന്റൽ വാഴ" കുലകളും 92 കിലോവരെ തൂക്കമുള്ള ചേനയും അസാധാരണ വലിപ്പമുള്ള ഇഞ്ചിയും കപ്പയുമെല്ലാം ഗോപിയിലെ കർഷകനെ ഊർജ്ജസ്വലനാക്കി. 2008ൽ ജാതിയിൽ കൈവച്ചതോടെ ഗോപിയുടെ തലവര ശരിക്കും തെളിഞ്ഞു.
നാല് പതിറ്റാണ്ട് മുമ്പ് കടക്കെണിയിൽ നിന്ന് കരകയറാൻ മണ്ണിലിറങ്ങിയ ഗോപിക്ക് ഇന്ന് 30കോടിയിലധികം രൂപയുടെ ആസ്‌തിയുണ്ട്. സംസ്ഥാന സർക്കാരിന്റെ കർഷകോത്തമ, സ്പൈസസ് ബോർഡ് അവാർഡ്, സംസ്ഥാന കൃഷി വകുപ്പിന്റെ ഇന്നവേഷൻ അവാർഡ്, കൊളംബോ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയുടെ ബഹുമതി തുടങ്ങി നിരവധി പുരസ്കാരങ്ങളും ഗോപിയെ തേടിയെത്തി.
പരീക്ഷണങ്ങളിലൂടെ
കൊയ്തത് നേട്ടങ്ങൾ
ആഴത്തിൽ വേരോട്ടം ഇല്ലാത്തതുകൊണ്ട് എളുപ്പം കടപുഴകുമെന്ന ജാതിമരത്തിന്റെ ചീത്തപ്പേര് മാറ്റിയെഴുതിയ ആളാണ് ഈ കർഷകൻ. കാറ്റിൽ കടപുഴകുന്ന പ്രവണത തടയുകയായിരുന്നു ലക്ഷ്യം. വനങ്ങളിൽ വൻവൃക്ഷമായി വളരുന്ന കാട്ടുജാതി മരങ്ങളുടെ തൈ ശേഖരിച്ച് നാടൻതൈകളിൽ ഗ്രാഫ്റ്റുചെയ്‌ത് ആദ്യഘട്ടം വിജയിപ്പിച്ചു. പിന്നീട് അഞ്ചും ആറും കാട്ടുജാതി മരങ്ങളുടെ തൈയുമായി ഒരു നാടൻ ജാതിതൈ സംയോജിപ്പിച്ച് നടത്തിയ മൾട്ടിറൂട്ട് പരീക്ഷണം വിജയമായി. കാറ്റിൽ കടപുഴകാത്ത ഗ്യാരന്റിയുള്ള ജാതി തൈകൾ വൻതോതിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്തു.
ഏറ്റവും വലിപ്പവും തൂക്കവും ഗുണമേന്മയുമുള്ള 'മാങ്ങാ ജാതി" ഇനം മൾട്ടിറൂട്ടിൽ അവതരിപ്പിച്ചത് വലിയ നേട്ടമായി. 'ചെറുകുന്നേൽ മൾട്ടിറൂട്ട് ജാതി" തൈകൾ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകരും ഏറ്റെടുത്തു. മാർക്കറ്റിൽ നല്ല വില കിട്ടുന്ന ദൃഢമായ പത്രിയാണ് ഇതിന്റെ മറ്റൊരു സവിശേഷത.
ശരാശരി തൂക്കം
മാങ്ങാജാതി : സാധാരണ ഇനം
പത്രി 4 ഗ്രാം : 2 ഗ്രാമിൽ താഴെ
ജാതിക്ക 17 ഗ്രാം : 10 ഗ്രാം
ഏറ്റവും കുറച്ച് മാനവശേഷി ഉപയോഗിക്കുന്ന ആധുനിക തോട്ടം ഒരുക്കുന്ന പരീക്ഷണത്തിലാണിപ്പോൾ. വെള്ളത്തൂവൽ മാങ്കടവിൽ ആ തോട്ടം അവസാനഘട്ടത്തിലാണ്.
ഗോപി ചെറുകുന്നേൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |