കാസർകോട്: ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ച ബേക്കൽ കോട്ട കാണാൻ സഞ്ചാരികളുടെ വൻ ഒഴുക്ക്. 2025 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ 3,94,000 സഞ്ചാരികളാണ് ഈ ചരിത്ര സ്മാരകം സന്ദർശിക്കാനെത്തിയത്. ഇതിൽ 689 വിദേശ സഞ്ചാരികൾ. 15 വയസ്സിൽ താഴെ രണ്ടു ലക്ഷത്തോളം വിദ്യാർത്ഥികളും എത്തി.
2025 ഏപ്രിൽ, ഒക്ടോബർ മാസങ്ങളിലാണ് കൂടുതൽ സഞ്ചാരികളെത്തിയത്. ഏപ്രിലിൽ 42,822 പേരും ഒക്ടോബറിൽ 42,208 പേരും എത്തി. മറ്റു മാസങ്ങളിൽ 20,000 ത്തിനും 40,000ത്തിനും ഇടയിലായിരുന്നു സന്ദർശകർ. വിദേശ സഞ്ചാരികളിൽ ഭൂരിഭാഗവും എത്തിയത് തണുപ്പുകാലത്താണ്. 2024ൽ 3,84,008 സഞ്ചാരികളായിരുന്നു ഇവിടെയെത്തിയത്. ബേക്കലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സന്ദർശക അനുപാതം രേഖപ്പെടുത്തിയത് 2018ലാണ്, 4,60,278 പേർ.
കോട്ടയിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള ബേക്കൽ കടൽത്തീരം കേന്ദ്രീകരിച്ച് നാലാമത് 'ബേക്കൽ ബീച്ച് ഫെസ്റ്റ്' ഒരുങ്ങുകയാണ്. ഈ വരുന്ന ഡിസംബറിൽ നടക്കുന്ന ഫെസ്റ്റിവൽ കൂടി എത്തുന്നതോടെ സഞ്ചാരികളുടെ ഒഴുക്ക് ഇനിയും വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.
കണ്ണൂർ വിമാനത്താവളത്തിലേക്ക് 100 കിലോമീറ്ററും മംഗളൂരുവിലേക്ക് 70 കിലോമീറ്ററുമാണ് ദൂരം. വന്ദേഭാരത് ട്രെയിനുകൾ സർവീസ് തുടങ്ങിയതോടെ ട്രെയിൻ യാത്രയും സുഖകരമായി.
കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്മാരകമാണ് പതിനേഴാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ബേക്കൽ കോട്ട. പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ബേക്കൽ കോട്ട, പള്ളിക്കര വില്ലേജിൽ കടലിനോടു ചേർന്നുള്ള 35 ഏക്കർ സ്ഥലത്താണ് തലയുയർത്തി നിൽക്കുന്നത്. വെട്ടുകല്ലിൽ തീർത്ത 130 അടി ഉയരത്തിലുള്ള കോട്ടയുടെ ആകൃതി ഒരു തക്കോൽ ദ്വാരത്തിന് സമാനമാണ്. 12 മീറ്റർ ഉയരത്തിലാണ് മതിലുകൾ. പുരാതനമായ കദംബ രാജവംശമാണ് ഈ കോട്ട നിർമിച്ചതെന്നാണ് കരുതപ്പെടുന്നത്. തുടർന്ന് കോലത്തിരി രാജാക്കന്മാരും, മൈസൂരു രാജാക്കന്മാരും കൈവശപ്പെടുത്തിയ കോട്ട ഒടുവിൽ ബ്രിട്ടീഷുകാരുടെ അധീനതയിലായി.
വലിയ പീരങ്കികൾ ഘടിപ്പിച്ചിരുന്ന നിരീക്ഷണ ഗോപുരങ്ങളും പടവുകളോടു കൂടിയ ജലസംഭരണിയും തുരങ്കവുമാണ് കോട്ടയിൽ ഇപ്പോഴും ശേഷിക്കുന്ന നിർമിതികൾ. നിലവിൽ ബേക്കൽ കോട്ട കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കീഴിലാണ്. അതീവ സംരക്ഷിത പുരാവസ്തു ആയതിനാൽ ഇവിടെ പരിപാടികൾക്കും മേളകൾക്കും അനുമതിയില്ല.
ഒരു പഞ്ചായത്തിൽ മൂന്ന് പഞ്ചനക്ഷത്ര റിസോർട്ടുകളുള്ള ജില്ലയാണ് കാസർകോട്. കോട്ട ഉൾപ്പെടുന്ന ഉദുമ പഞ്ചായത്തിന്റെ പടിഞ്ഞാറൻ തീരത്ത് ലളിത് റിസോർട്ട് ആൻഡ് സ്പായും ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിന് കീഴിലുള്ള താജ് ബേക്കൽ റിസോർട്ട് ആൻഡ് സ്പായും പ്രവർത്തിക്കുന്നു. മലാംകുന്നിൽ ഐ.എച്ച്.സി.എല്ലിന്റെ ഗേറ്റ് വേ ബേക്കലുമുണ്ട്. ഇതിനുപുറമേ ത്രീസ്റ്റാർ, ഫോർസ്റ്റാർ ഹോട്ടലുകളും ലഭ്യമാണ്.
Bekal Fort in Kasaragod is a major tourist draw. The 17th-century keyhole-shaped fort, Kerala's largest protected monument, reportedly received 3,94,000 visitors between April 2025 and March 2026. This included 689 foreign tourists and nearly two lakh students. An upcoming Bekal Beach Fest in December is expected to further boost visitor numbers.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |