
തുറവൂർ : അരൂർ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിൽ പ്രവർത്തിക്കുന്ന കാളിയാർ മഠവുമായി ബന്ധപ്പെട്ട് നിയമപോരാട്ടം നടത്തുന്ന പ്രദേശവാസികളുമായി അരൂർ എം.എൽ.എയും ഡെപ്യൂട്ടി സ്പീക്കറുമായ അഡ്വ.ഷാനിമോൾ ഉസ്മാൻ കൂടിക്കാഴ്ച നടത്തി.തുറവൂരിലെ എം.എൽ.എയുടെ ക്യാമ്പ് ഓഫീസിലായിരുന്നു കൂടിക്കാഴ്ച.
കാളിയാർ മഠത്തിന്റെ പ്രവർത്തനം പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതത്തിന് ഗുരുതരമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി പരാതിക്കാർ എം.എൽ.എയെ അറിയിച്ചു. ഒരു വർഷത്തിലേറെയായി ഹൈക്കോടതി ഉൾപ്പെടെ വിവിധ നിയമവേദികളിൽ നടത്തുന്ന പോരാട്ടത്തിന്റെ പശ്ചാത്തലവും നിലവിലെ നടപടിക്രമങ്ങളും അവർ വിശദീകരിച്ചു. പരാതികൾക്ക് പഞ്ചായത്തിൽ നിന്ന് അർഹമായ പരിഗണന ലഭിച്ചില്ലെന്നും, നിയമനടപടികൾ തുടരുന്നതിനിടെ ചാത്തൻ സേവാ കേന്ദ്രത്തിനായി നിർമിച്ച കെട്ടിടത്തിന് വീട് വിഭാഗത്തിൽ ഉൾപ്പെടുത്തി നമ്പർ അനുവദിച്ചതും ചട്ടവിരുദ്ധമാണെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി. പ്രശ്‌നത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനവും നൽകി. സലീം, സേവ്യർ, ജോൺസൺ, രഘുപതി ജയചന്ദ്രൻ, മധു പി. നായർ, സുൽഫിക്കർ, കുര്യൻ, അബി, മേഴ്‌സി എന്നിവരടങ്ങിയ സംഘമാണ് നിവേദനം നൽകിയത്. പരാതിയിൽ ഉന്നയിച്ച വിഷയങ്ങൾ ഗൗരവമായി പരിശോധിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകളുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി പ്രശ്‌നപരിഹാരത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഷാനിമോൾ ഉസ്മാൻ ഉറപ്പുനൽകി. ഡെപ്യൂട്ടി സ്പീക്കറുടെ പേഴ്‌സണൽ സ്റ്റാഫ് അഡ്വ.കെ. ഉമേശൻ, ജില്ലാ പഞ്ചായത്ത് അംഗം പി.ആർ.ജ്യോതിലക്ഷ്മി, അരൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമ , അജയൻ ചാണിയിൽ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |