
മുഹമ്മ: ഒന്നാം കൃഷിയുടെ നെൽവിലയും പണി സബ്സിഡിയും ലഭിക്കാത്തതിനെത്തുടർന്ന് പെരുന്തുരുത്ത് വടക്കേ കരിയെ കർഷകർ കൈയൊഴിഞ്ഞു. കൃഷിയില്ലാതായതോടെ വരിനെല്ലും കളയും പാടം കൈയടക്കി. കരപ്പുറത്തിന്റെ നെല്ലറയെന്ന് അറിയപ്പെടുന്ന പാടശേഖരമാണ് പെരുരുന്തുരുത്ത് വടക്കേ കരിയും തെക്കേ കരിയും. അതിൽ തെക്കേ കരിയിൽ കോടികളുടെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ കൃഷിയില്ല. കളശല്യവും കീടബാധയും കാരണം കർഷകർ വളരെ പ്രയാസങ്ങൾ സഹിച്ചാണ് വടക്കേ കരിയിൽ
കൃഷിയിറക്കിയത്. സമയത്തിന് വിളവെടുത്ത് നെല്ല് സർക്കാരിന് നൽകിയെങ്കിലും അതിന്റെ പണം കർഷകർക്ക് ഇതുവരെ ലഭിച്ചില്ല. മാത്രമല്ല, പണിക്കൂലിയുടെ സബ്സിഡിയും കർഷകരുടെ കൈകളിലെത്തിയില്ല. ഇത്തരത്തിലുള്ള പ്രയാസങ്ങൾ കാരണം വർഷത്തിൽ രണ്ടു കൃഷി ചെയ്തിരുന്ന കർഷകർ അത് ഒന്നിലേക്ക് ചുരുങ്ങിയിരുന്നു. അതും ഇപ്പോൾ അവതാളത്തിലായതോടെ പാടം കാടുകയറി. ഇനി കൃഷി ചെയ്യണമെങ്കിൽ വലിയ പരിശ്രമം തന്നെ വേണ്ടി വരും.
തടസം നീക്കണം
വടക്കേ കരിയിലെ റോഡ് വികസനത്തിനും എൻജിൻ തറ വികസനങ്ങൾക്കുമായി രണ്ടു വർഷങ്ങൾക്ക് മുമ്പ് ഒരു കോടി തൊന്നൂറ്റി ആറ് ലക്ഷം രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. എന്നാൽ, ഒരു കർഷകൻ അനാവശ്യ കാര്യങ്ങൾ കാണിച്ച് മുഹമ്മ വില്ലേജ് ഓഫീസർക്ക് പരാതി നൽകിയതോടെ തുടർന്ന് സ്റ്റോപ് മെമ്മോ നൽകി. ഇതോടെ ഒരു വർഷമായി പണി നിലച്ചിരിക്കുകയാണ്. കൂടാതെ, ഈ റോഡിന്റെ തുടക്കത്തിലെ വലിയ തൂമ്പും റോഡും സാമൂഹ്യ വിരുദ്ധർ തകർക്കുകയും ചെയ്തു. ഇതോടെ കർഷകർക്ക് ഒരു ഡ്രോളിപോലു പാടത്തേക്ക് കൊണ്ട് വരാൻ കഴിയാത്ത സ്ഥിതിയായി. പദ്ധതി പൂർത്തീകരിച്ചിരുന്നെങ്കിൽ കർഷകർക്ക് വലിയ ആശ്വാസമായേനേ. കൂടാതെ കുഴിക്കേരി ഭാഗത്തുള്ളവർക്ക് എളുപ്പത്തിൽ മണ്ണഞ്ചേരി അമ്പലക്കടവിൽ എത്താനും കഴിയുമായിരുന്നു. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |