മാനന്തവാടി: വീട്ടുകാരറിയാതെ അർദ്ധരാത്രിയിൽ 16കാരിയെ വീട്ടിൽ നിന്ന് ഇറക്കികൊണ്ടുപോയി ലഹരി നൽകിയ സംഭവത്തിൽ ആറുപേർ പിടിയിൽ. തൃശ്ശിലേരി മുത്തുമാരി കണ്ണഞ്ചിറ വീട്ടിൽ റോബിൻ കെ. ജോയ് (20), മാനന്തവാടി കല്ലിയോട്ടുകുന്ന് ലിജു നിവാസിൽ അമൽ കൃഷ്ണ (20), കുറ്റിമൂല കള്ളമ്പറമ്പിൽ കെ.വി. ജിതിൻ (22), എടവക ചാമാടിപ്പൊയിൽ ചിറക്കൽ സി. അജിത്കുമാർ (23), പനമരം അഞ്ചുകുന്ന് കല്ലിട്ടാംകുഴി ജെനിലിയ (19), മാനന്തവാടി കണിയാരം പാലാക്കുളി പോത്തനാട്ടിൽ എ.വി. അജിത്ത് (26) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റുചെയ്തത്. പ്രതികളെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ 12നായിരുന്നു കേസിനാസ്പദമായ സംഭവം.വീട്ടിലെത്തിയവർക്കൊപ്പം ഇറങ്ങിപ്പോയ പെൺകുട്ടി കണിയാരത്ത് ബൈക്ക് അപകടത്തിൽപ്പെട്ടപ്പോഴാണ് വീട്ടുകാർ അറിയുന്നത്. അമലിനൊപ്പമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ വീട്ടിൽ നിന്നിറക്കിക്കൊണ്ടുപോയ സംഘം നിർബന്ധിച്ച് മദ്യം നൽകുകയും സിഗരറ്റ് വലിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പെൺകുട്ടി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മാനന്തവാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ പി. റഫീഖ്, എസ്‌ഐമാരായ കെ.കെ. സോബിൻ, വി.പി. മുഹമ്മദ് അലി, കെ.എൻ. സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |