SignIn
Kerala Kaumudi Online
Monday, 03 August 2026 2.04 AM IST

ദുരിതാശ്വാസ ക്യാമ്പിൽ 828 പേർ ജില്ലയിൽ 15 വീടുകൾക്ക് നാശം

ആലപ്പുഴ: മഴ മുന്നറിയിപ്പ് തുടരുകയും കിഴക്കൻ വെള്ളത്തിന്റെ വരവ് വർദ്ധിക്കുകയും ചെയ്തതോടെ ജില്ലയിൽ 17ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. 237 കുടുംബങ്ങളിൽ നിന്ന്​ 828 പേരെ മാറ്റിപാർപ്പിച്ചു​. ഇതിൽ 313 പുരുഷന്മാരും 353 സ്ത്രീകളും 162കുട്ടികളും ഉൾപ്പെടും. ചെങ്ങന്നൂർ എട്ട്​,
കുട്ടനാട് അഞ്ച്​, അമ്പലപ്പുഴ രണ്ട്​, കാർത്തികപ്പള്ളി രണ്ട്​ എന്നിങ്ങനെയാണ്​ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്​. ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുറക്കാൻ സജ്ജമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ 3വീടുകൾക്ക് പൂർണമായും 12 വീടുകൾക്ക് ഭാഗികമായും തകർന്നു. അമ്പലപ്പുഴയിൽ രണ്ട് വീടുകളും ചേർത്തലയിൽ ഒരു വീടുമാണ് പൂർണമായി തകർന്നത്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി എൻ.ഡി.ആർ.എഫിന്റെ 13 അംഗ സംഘം ചെങ്ങന്നൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. 30 അംഗ ഫയർ ആൻഡ് റെസ്ക്യൂ സംഘത്തെ അധികമായി വിന്യസിച്ചിട്ടുണ്ട്.

തോട്ടപ്പള്ളി സ്പിൽവേയിൽ ആകെയുള്ള 40 ഷട്ടറുകളിൽ 39 എണ്ണവും ശനിയാഴ്ച വൈകിട്ടോടെ തുറന്നു. പൊഴി 150 മീറ്റർ മുറിച്ചിട്ടുണ്ട്. സ്പിൽവേയിൽ അടിഞ്ഞുകൂടിയിട്ടുള്ള പായലും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിന് ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകി. തണ്ണീർമുക്കം ബണ്ടിന്റെ 90 ഷട്ടറുകൾ തുറന്നിട്ടുണ്ട്. അന്ധകാരനഴിയിലെ 20 ഷട്ടറുകളിൽ 4 എണ്ണം തുറന്നിട്ടുണ്ട്. ഇവിടെ പൊഴി മുറിച്ച് നീരൊഴുക്ക് സുഗമമാക്കിയിട്ടുണ്ട്. അതേസമയം, കാർത്തികപ്പള്ളി ആറാട്ടുപുഴ, തൃക്കുന്നപ്പുഴ ഭാഗങ്ങളിൽ ശനിയാഴ്ച കടൽക്ഷോഭം രൂക്ഷമായിരുന്നെങ്കിലും നിലവിൽ ശാന്തമാണ്. മഴക്കെടുതികൾ നേരിടാൻ ജില്ലാ ഭരണ കൂടം കൈക്കൊണ്ട നടപടികൾ ജില്ലയുടെ ചുമതലയുള്ള മന്ത്രി എം. ലിജുവിന്റെ നേതൃത്വത്തിൽ വിലയിരുത്തി.ഏത് അടിയന്തര ഘട്ടവും നേരിടാൻ സജ്ജമാണെന്നും മുന്നൊരുക്കങ്ങൾ തൃപ്തികരമെന്നും യോഗം നിരീക്ഷിച്ചു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, മന്ത്രി രമേശ്‌ ചെന്നിത്തല, എം.പിമാരായ കെ.സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ ജി.സുധാകരൻ, പി.പ്രസാദ്, റെജി ചെറിയാൻ, സജി ചെറിയാൻ, എം.എസ് അരുൺകുമാർ എന്നിവരും ജില്ലാ കളക്ടർ, എ.ഡി.എം, തഹസിൽദാർമാർ, റവന്യു ഉദ്യോഗസ്ഥർ, പൊതുമരാമത്ത്, ഇറിഗേഷൻ, കെ.എസ്.ഇ.ബി, തദ്ദേശ, ആരോഗ്യ, കൃഷി, പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. മന്ത്രി എം.ലിജു തോട്ടപ്പള്ളി സ്പിൽവേ പ്രദേശങ്ങൾ സന്ദർശിക്കുകയും സ്പിൽവേയിലെ സുഗമമായ നീരൊഴുക്കിനെടുത്ത നടപടികൾ വിലയിരുത്തുകയും ചെയ്തു.

മഴയ്ക്ക് നേരിയ ശമനം,​

ദുരിതത്തിന് കുറവില്ല

ഇന്നലെ മഴക്ക്​ നേരിയശമനമുണ്ടായെങ്കിലും കിഴക്ക​ൻ​വെള്ളത്തിന്റെ വരവിൽ കുട്ടനാട്​, അപ്പർകുട്ടനാട്​ മേഖലകളിൽ ദുരിതം ഇരട്ടിയായി. അമ്പലപ്പുഴ-തിരുവല്ല പാതയിൽ നെടുമ്പ്രം ഭാഗത്ത്​ വെളളംകയറിതോടെ കെ.എസ്​.ആർ.ടി.സി സർവിസുകൾ പൂർണമായും നിറുത്തി. തിരുവല്ല, ആലപ്പുഴ, എടത്വ, ഹരിപ്പാട്​ ഡിപ്പോകളിൽനിന്നുള്ള സർവിസുകൾ ചക്കുളത്തുകാവ്​ ജംഗ്​ഷൻ വരെയും തിരുവല്ലയിൽനിന്നുള്ള സർവീസുകൾ വൈക്കത്തില്ലം പാലം വരെയുമാണ്​ നടത്തുന്നത്​.
തലവടി, നെടുമ്പ്രം പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ഡിങ്കിബോട്ടിൽ സുരക്ഷിത ഇടങ്ങളിലേക്ക്​ മാറ്റി. ഞായറാഴ്ച പുലർച്ച മുതലാണ്​ കിഴക്കൻ​വെള്ളത്തിന്‍റെ വരവ്​ കൂടിയത്​. തുടർന്ന്​ വെള്ളം ഒഴുക്ക്​ സുഗമമാക്കാൻ തോട്ടപ്പള്ളി സ്​പിൽവേയിലെ 39 ഷട്ടറുകളും തണ്ണീർമുക്കത്തെ 90 ഷട്ടറുകളും അന്ധകാരനഴിയിലെ നാല്​ ഷട്ടറുകളും തുറന്നിട്ടുണ്ട്​. ജലം കടൽ എടുക്കുന്നതിനാൽ നിലവിൽ കുട്ടനാട്ടിൽ പ്രളയസാധ്യതയില്ലെന്നാണ്​ ജില്ലഭരണകൂടത്തിന്റെ വിലയിരുത്തൽ. മഴമുന്നറിയിപ്പ്​ നിലനിൽക്കുന്നതിനൊപ്പം ആഞ്ഞുവീശുന്ന കാറ്റുംഭീതിപരത്തുന്നുണ്ട്​. അമ്പലപ്പുഴ, തൃക്കുന്നപ്പുഴ മേഖലകളിൽ കടലാക്രമണവും രൂക്ഷമാണ്​.
അച്ചൻകോവിലാറും പമ്പാനദിയും കരകവിഞ്ഞതോടെ കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും ജലനിരപ്പ്​ മൂന്നടിയോ​ളമാണ്​ ഉയർന്നത്​. നദികളുടെ ചില ഭാഗങ്ങൾ ഏത്​ സമയവും കരകവിഞ്ഞൊഴുകാവുന്ന സ്ഥിതിയാണ്. നീരേറ്റുപുറം, പള്ളാത്തുരുത്തി, എടത്വ, കാവാലം മേഖകളിൽ ജലനിരപ്പ്​ അപകടനിലക്ക്​ മുകളിലാണ്​. പാട​​ശേഖരങ്ങൾക്ക്​ നടുവിലും പുറംബണ്ടിലുമായി താമസിക്കുന്നവർ ഒറ്റപ്പെട്ടനിലയിലാണ്​.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL