SignIn
Kerala Kaumudi Online
Monday, 03 August 2026 2.16 AM IST

കുരുക്കഴിക്കാൻ കയർമേഖല ഒറ്റക്കെട്ട്

ആലപ്പുഴ: കേരളകൗമുദി ഒരുക്കിയ കയർ കോൺക്ലേവ് കയർ മേഖലയുടെ ഒരോ കോണിലും നിലനിൽക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാമെന്ന് പരസ്പരം മനസ്സിലാക്കാനുള്ള അവസരമൊരുക്കി. തൊഴിലാളികൾ, തൊഴിലാളി സംഘടനാ നേതാക്കൾ, ഉത്പാദകർ, കയറ്റുമതിക്കാർ, പൊതുമേഖലാ സ്ഥാപന മേധാവികൾ തുടങ്ങിയവർ ഒരു കുടക്കീഴിൽ അണിനിരന്നു. കൗമുദി ടി.വി ഡെപ്യൂട്ടി എഡിറ്റർ ലിയോ രാധാകൃഷ്ണൻ ക്ലോൺക്ലേവിൽ മോഡറേറ്ററായി. കയർ വ്യവസായത്തിന്റെ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് വ്യക്തികൾ അഭിപ്രായങ്ങൾ പങ്കുവച്ചു.

#സാജൻ ബി. നായ‌ർ

സംസ്ഥാന ജനറൽ സെക്രട്ടറി,​

ഫെഡറേഷൻ ഒഫ് ഇന്ത്യൻ കയർ എക്സ്പോ‌ർട്ടേഴ്സ് അസോസിയേഷൻ

ആലപ്പുഴയിൽ നിന്ന് 1800-2000 കോടി രൂപയുടെ കയറ്റുമതി നടക്കുന്നുണ്ട്. എന്നാൽ അസംസ്കൃത വസ്തുക്കളുടെ ലഭ്യത വലിയ പ്രശ്നം തന്നെയാണ്. 90 ശതമാനവും തമഴിനാട്ടിൽ നിന്നാണ് എത്തിക്കുന്നത്. അവിടെ നിലവാരമുള്ള യന്ത്രങ്ങളുണ്ട്. കയർ ലഭ്യത, വില, പരിപാലനം എന്നിവ പ്രശ്നമാണ്. കേരളത്തിൽ മാത്രമേ കയർ വകുപ്പുള്ളു. തീ‌ർച്ചയായും വൈവിദ്ധ്യവത്കരണം ആവശ്യമാണ്.

...................................

#കെ.ആ‌ർ. രാജേന്ദ്ര പ്രസാദ്

സംസ്ഥാന പ്രസിഡന്റ്,​

കയർ ഗുഡ്സ് പ്രൊഡ്യുസേഴ്സ്

കയർ പിരി മേഖലയിൽ സ്ത്രീകളാണ് കൂടുതൽ. ഇവരുടെ സ്ഥിതി പരിതാപകരമാണ്. 350 രൂപ മാത്രമാണ് കൂലി. ചകിരി ഉത്പാദനം ഫലപ്രദമല്ല. ഡീഫൈബറിംഗ് മില്ലുകൾ പ്രവ‌ർത്തിക്കുന്നില്ല. തമിഴ്നാട്ടിൽ യന്ത്രവത്കരണമുണ്ട്. ഇവിടെ അതില്ല. കയറ്റുമതി കൂടുതലും സ്വകാര്യ മേഖലയിലാണ്. സർക്കാർ‌ വിദേശ, ആഭ്യന്തര വിപണിയിൽ ഇടപെടണം. കയർ പിരിക്കാൻ പറ്റിയ മെഷീൻ കൊണ്ടുവരണം. കയറ്റുമതി വർദ്ധിപ്പിച്ച് ഒരുവീട്ടിൽ കയർ ഉത്പന്നം എന്ന നിലയിൽ കൊണ്ടുവന്നാൽ മാറ്റം വരും.

.........................

#എ.കെ. രാജൻ

സംസ്ഥാന പ്രസിഡന്റ്,​

കയ‌ർ ലേബർ യൂണിയൻ

സഹകരണ സംഘങ്ങൾ നിലനിൽക്കണം. അവർക്ക് മൂലധനം നൽകണം. സംഘങ്ങൾ പകുതിയോളം മാത്രമേ പ്രവർ‌ത്തിക്കുന്നുള്ളു. ഹരിത ക‌‌ർമ്മ സേനയെക്കൊണ്ട് തൊണ്ട് സംഭരിക്കാമെന്ന നിർദ്ദേശങ്ങളുണ്ട്. അത് നടക്കില്ല. തെങ്ങുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് തൊണ്ട് സംഭരിക്കണം.

...........................

#കെ.ആർ. ഭഗീരഥൻ

ഫോംമാറ്റിംഗ്സ് മുൻ ചെയ‌‌ർമാൻ

തൊഴിലാളികൾക്ക് മെച്ചപ്പെട്ട കൂലി നൽകണം. അവരും നികുതി നൽകുന്നവരാണ്. ചകിരി ദൗർലഭ്യം രൂക്ഷമാണ്. ഡിപ്പോക്കാർ മേഖലയെ ചൂഷണം ചെയ്യുന്നുണ്ട്. അതിന് അറുതിവരുത്തണം.

....................

#മനു ജോ തോമസ്

പൂണിയിൽ കാ‌ർപ്പറ്റ് ഉടമ,​

കയർ പ്രോഡക്ട്സ് മാനുഫാക്ചറിംഗ് മേഖല പ്രതിനിധി

കയർ വ്യവസായം കുറച്ച് സ്ഥലങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. പുതിയ തലമുറയിലുള്ളവർക്കായി പദ്ധതികൾ ആവിഷ്കരിക്കണം. പഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി താഴെ തട്ടിൽ നിന്ന് പരിശീലനം നൽകണം. പുതിയ ഉത്പന്നങ്ങൾക്കായി ഗവേഷണങ്ങൾ നടക്കുന്നുണ്ട്. കയ‌‌ർ പ്ലൈവുഡ് നിർമ്മാണം കേരളത്തിലില്ല. ഇതുകൊണ്ട് ഷർട്ട് ഹാംഗറുകൾ, തുണിക്കടകളിലെ ഡമ്മി, ട്രാഫിക് ബോർഡുകൾ എന്നിവയെല്ലാം നി‌ർമ്മിക്കാനാകും. മാറ്റത്തിന് വിമുഖത കാണിക്കുന്നുണ്ട്. ഗുണങ്ങൾ മനസിലാക്കണം. സർക്കാർ മാറ്റങ്ങൾ കൊണ്ടുവരണം

....................

#ശശികുമാർ

പ്രസിഡന്റ്,​

കേരള കയ‌ർ കോ‌ർപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ

കയർ മേഖലയിൽ ഉത്പാദനം കൂട്ടാൻ കയർഫെഡും കയർ കോ‌ർപ്പറേഷനും മികച്ച രീതിയിൽ പ്രവ‌ർത്തിക്കണം. സംഘം ജീവനക്കാർക്ക് ഫണ്ട് നൽകുന്നില്ല. 80 ലക്ഷം വരെ ലഭിക്കാനുള്ള സംഘങ്ങളുണ്ട്. മെക്കാനിസം ശരിയല്ല. ഗുണമേന്മയുള്ള യന്ത്രങ്ങളിവിടെയില്ല. ഇത്തരം കാര്യങ്ങളിൽ മാറ്റങ്ങൾ വരണം.

..........................

#എം.ജി. സാബു

ജില്ലാ പ്രസിഡന്റ്,​

കയ‌ർ ഗുഡ് മാനുഫാക്ചേഴ്സ് അസോ.

കയർമേഖലയിൽ ആധുനികവത്കരണം നടപ്പിലാക്കണം. എല്ലാവ‌ർക്കും മികച്ച കൂലി ലഭിക്കണം. 2016ന് ശേഷം കൂലി വ‌ർദ്ധനവ് ഉണ്ടായിട്ടില്ല. 500-600 രൂപവരെ കൂലിയാക്കിയാൽ തൊഴിലുറപ്പിലേക്ക് പോയ സ്ത്രീകൾ കയർ മേഖലയിലേക്ക് തിരികെ വരും.

..................

#സി.പി. ഭോസ് ലാൽ

കയർ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോ.

കയർമേഖലയിൽ വരുത്തിയ മാതൃകാപരമായ മാറ്റം ആദ്യം ചൂണ്ടിക്കാണിക്കുന്നു. ഞങ്ങളുടെ ഫാക്ടറിയിൽ തൊഴിലാളികൾക്ക് ഇ.എസ്.ഐ നൽകിത്തുടങ്ങി. ഇത്തരത്തിൽ മാറ്റങ്ങൾ വരുത്താൻ എല്ലാവർക്കും സാധിച്ചാൽ കൂടുതൽ തൊഴിലാളികൾ തിരികെയെത്തും. രമേശ് ചെന്നിത്തല വകുപ്പ് ഏറ്റെടുത്തതിൽ സന്തോഷമാണ്. വലിയ പ്രതീക്ഷയാണുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL