ആലപ്പുഴ: അപ്രതീക്ഷതമായി കിഴക്കൻ വെള്ളം പാഞ്ഞെത്തിയതോടെ കുട്ടനാട് മുങ്ങി. പുലർച്ചെയാണ് കുട്ടനാട്ടിൽ വെള്ളം ഉയർന്നുതുടങ്ങിയത്. മണിക്കൂറുകൾക്കുള്ളിൽ വീടുകൾ വെള്ളത്തിലായി. പലരും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറി. പമ്പയാറും അച്ചൻകോവിലാറും കരകവിഞ്ഞൊഴുകുന്നതാണ് ദുരിതം ഇരട്ടിയാക്കിയത്. മൂഴിയാർഡാം തുറന്നതോടെ പമ്പാനദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു.
മണിക്കൂറൾക്കുള്ളിൽ വീടുകളുടെ മുറ്റത്ത് മുട്ടോളം വെള്ളമെത്തി. പ്രായമായവരും ഗർഭിണികളും അടക്കമുള്ളവർ വലഞ്ഞു. ചെങ്ങന്നൂർ താലൂക്കിലാണ് ദുരിതം വർദ്ധിച്ചത്.
പലയിടത്തും 2018ലെ പ്രളയസമാനസാഹചര്യമാണുള്ളത്. പമ്പയിൽ ജലനിരപ്പ് ഉയർന്നതോടെ പാണ്ടനാട്, തിരുവൻവണ്ടൂർ, ബുധനൂർ പഞ്ചായത്തുകൾ വെള്ളത്തിൽ പൂർണമായും മുങ്ങി. ഇന്നലെ പുലർച്ചയോടെയാണ് സ്ഥിതിമാറിമറിഞ്ഞത്. ഡിങ്കിബോട്ടുകളടക്കം സജ്ജമാക്കി ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും നടന്നുണ്ട്. കൂടാതെ ഡി.ഡി ഫിഷറീസ് മുഖേന രക്ഷാപ്രവർത്തനത്തിന് ചെങ്ങന്നൂരിലേക്ക് വള്ളങ്ങൾ അയക്കുന്ന നടപടികൾ തുടരുന്നുണ്ട്.നിലവിൽ 30 അംഗ ഫയർഫോഴ്സ് സംഘത്തെ അധികമായി വിന്യസിച്ചിട്ടുണ്ട്.ഐ.ടി.ബി.പി നൂറനാട് ഒരു ടീമിനെ നീരേറ്റുപുറത്തേക്ക് രക്ഷാപ്രവർത്തനത്തിന് വേണ്ടി നിയോഗിച്ചു.
മുട്ടാർ, മങ്കൊമ്പ്, രാമങ്കരി, പുളിങ്കുന്ന് തുടങ്ങിയ പഞ്ചായത്തുകളിൽ വെള്ളംകയറി ജനജീവിതം ദുരിതത്തിലായി.കുട്ടനാട് താലൂക്കിൽ നീരേറ്റുപുറം, മങ്കൊമ്പ്, നെടുമുടി, കാവാലം, വീയപുരം എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനിലയിലാണ്. അടിയന്തര സാഹചര്യമുണ്ടായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി 44 ക്യാമ്പുകൾ സജ്ജമാണ്.
ജലനിരപ്പ് ഇനിയും ഉയരാനാണ് സാദ്ധ്യത. അമ്പലപ്പുഴ, ചേർത്തല, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലേക്ക് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിൽ രണ്ടു വീടുകൾക്ക് പൂർണമായും ആറ് വീടുകൾക്ക് ഭാഗികമായും തകർന്നു.
തോട്ടപ്പള്ളി സ്‌പിൽ വേയിലെ ഷട്ടറുകളിൽ മരവും മാലിന്യവുമെല്ലാം അടിഞ്ഞുകൂടിയത് കടലിലേക്കുള്ള നീരൊഴുക്കിന് വലിയ രീതിയിൽ തടസമായിട്ടുണ്ട്. ജില്ലയിൽ ഇനിയും മഴ ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
ബസ് സർവീസുകൾ
നിറുത്തിവച്ചു
തിരുവല്ല-അമ്പലപ്പുഴ പാതയിൽ നെടുമ്പ്രം, ചക്കുളത്തുകാവ്, വെള്ളക്കിണർ എന്നിവിടങ്ങളിൽ വെള്ളംകയറി. എടത്വ-കളങ്ങര-ചങ്ങനാശ്ശേരി, എടത്വ-വീയപുരം-ഹരിപ്പാട്, എടത്വ-പാരേതോട്, കണ്ടംകരി-ചമ്പക്കുളം, കിടങ്ങറ-മൂട്ടാർ റോഡിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇതുവഴിയുള്ള കെ.എസ്.ആർ.ടി.സി ബസ് നിറുത്തിവച്ചു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ ആലപ്പുഴയിൽ നിന്ന് എടത്വ വരെയും, തിരുവല്ലയിൽ നിന്ന് പൊടിയാടി വരെയും നിലവിൽ ഹരിപ്പാട് ഡിപ്പോയിൽ നിന്ന് വീയപുരം പാലം വരെയും വീയപുരം ഹരിപ്പാട് സർവീസും എടത്വ ഡിപ്പോയിൽ നിന്നുള്ള ഇടറൂട്ട് സർവീസായ എടത്വ-തായങ്കരി-ചങ്ങനാശ്ശേരി സർവീസും നടക്കുന്നുണ്ട്. ആലപ്പുഴചങ്ങനാശ്ശേരി റോഡിൽ മനയ്ക്കച്ചിറ മുതൽ കിടങ്ങറവരെയുള്ള ഭാഗത്ത് വെള്ളംകയറി ഗതാഗതതടസമുണ്ടായി. ഇരുചക്രവാഹനങ്ങൾക്ക് പോലും സഞ്ചരിക്കാനാവാത്ത സ്ഥിതിയിലാണ്. കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നുണ്ട്.
ദുരിതാശ്വാസ
ക്യാമ്പുകൾ 41
ജില്ലയിൽ 41 ദുരിതാശ്വാസക്യാമ്പുകൾ തുറന്നിട്ടുണ്ട്. 607 കുടുംബങ്ങളിൽ നിന്നായി 1986 പേരെ മാറ്റിപാർപ്പിച്ചു. ഇതിൽ 811 പുരുഷന്മാരും 859 സ്ത്രീകളും 316 കുട്ടികളും ഉൾപ്പെടും. ചെങ്ങന്നൂർ 25, കുട്ടനാട് 7,
ചേർത്തല 3, കാർത്തികപ്പള്ളി 2, അമ്പലപ്പുഴ1, മാവേലിക്കര 3 എന്നിങ്ങനെ താലൂക്ക് തലത്തിലും ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |