
ആലപ്പുഴ: നെഹ്രുട്രോഫി വള്ളംകളിയും തൊട്ടുപിന്നാലെ ഓണവും വരാനിരിക്കെ ചെളിക്കുളമായി മാറി കോടതിപ്പാലം - ഔട്ട് പോസ്റ്റ് റോഡ്. കോടതിപ്പാലം നവീകരണ പ്രവൃത്തികളുടെ ഭാഗമായി ഔട്ട് പോസ്റ്റ് മുതൽ ചെത്ത് മദ്യവ്യവസായ തൊഴിലാളി യൂണിയൻ ഓഫീസ് വരെയുള്ള ഫ്ളൈ ഓവറിന്റെ തൂണുകളുടെ നിർമ്മാണമാണ് നഗര ഹൃദയത്തിലെ അര കിലോമീറ്ററോളം ദൂരമുള്ള റോഡ് ചെളിയിൽ കുഴഞ്ഞുമറിയാൻ ഇടയാക്കിയത്.
ഗതാഗതം നിരോധിച്ചെങ്കിലും തൂണുകൾ നിർമ്മിക്കുന്നതിനായി റിഗ്ഗുകൾ ഉപയോഗിച്ച് നടത്തുന്ന പൈലിംഗിൽ കുന്നുകൂടുന്ന ചെളിയും എക്കലും കനത്ത മഴയിൽ റോഡിലേക്ക് ഒലിച്ചിറങ്ങുന്നതാണ് യാത്ര ദുഷ്കരമാക്കിയത്. ഔട്ട് പോസ്റ്റ് ജംഗ്ഷൻ മുതൽ കോടതിപ്പാലം വരെ ഓടയുടെ നിർമ്മാണവും നടന്നുവരികയാണ്. നിർമ്മാണത്തിന്റെ ഭാഗമായി ഇതുവഴിയുള്ള വാഹന ഗതാഗതം നഗരത്തിലെ മറ്റ് റോഡുകൾ വഴി വഴി തിരിച്ചുവിട്ടെങ്കിലും പ്രധാന വാണിജ്യ കേന്ദ്രമായ മുല്ലയ്ക്കൽ തെരുവിലേക്കുള്ള പ്രധാന മാർഗമാണിത്. വൈ.എം.സി.എ ജംഗ്ഷനിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ, ബോട്ട് ജെട്ടി എന്നിവിടങ്ങളിലേക്ക് ഏറ്റവുമധികമാളുകൾ എത്തുന്നതും ഇതുവഴിയാണ്.
ഓട നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കുകയും ഓടയുടെ വശത്തുകൂടി ഉയരത്തിൽ നടപ്പാത സജ്ജമാക്കുകയും ചെയ്താൽ പാലം പൂർത്തിയാകും വരെ കാൽനടക്കാരുടെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും.
നടപ്പാത ഒരുക്കണമെന്ന് ആവശ്യം
യാത്രക്കാർക്ക് കാൽനടയായി പോകാൻ നിലവിലെ റോഡിന്റെ അരികിലൂടെ മണ്ണിട്ട് ഉയർത്തി നടപ്പാത സജ്ജമാക്കണമെന്നാവശ്യം
ഇതോടെ ചെളിയുംവെള്ളവും ചവിട്ടാതെയും തെന്നിവീണ് അപകടങ്ങളുണ്ടാകാതെയും പോകാനാകുമെന്ന് യാത്രക്കാർ
വഴി വിളക്കുകളില്ലാത്തതിനാൽ രാത്രികാലങ്ങളിൽ മൊബൈൽ ഫോണിന്റെ വെളിച്ചത്തിലും മറ്റും തപ്പിതടഞ്ഞാണ് യാത്രക്കാർ ഇതുവഴി പോകുന്നത്
നിലവിലെ സ്ഥിതിഗതികൾ വച്ച് കോടതിപ്പാലം നവീകരണം പൂർത്തിയാകാൻ കുറഞ്ഞത് ഒരുവർഷമെങ്കിലും സമയമെടുക്കും
മഴയാണ് റോഡ് സ്ഥിരമായി ചെളിയിൽ മുങ്ങാൻ കാരണമാകുന്നത്. ഡ്രെയിനേജ് നിർമ്മാണം പൂർത്തിയായാലുടൻ യാത്രക്കാർക്ക് സുരക്ഷിതമായി നടന്നുപോകാനുള്ള സംവിധാനം സജ്ജമാക്കുന്നതിനെപ്പറ്റി ആലോചിക്കും
- പ്രോജക്ട് ഓഫീസ്, കെ.ആർ.എഫ്.ബി , ആലപ്പുഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |