ആലപ്പുഴ : തകർന്ന പടിക്കെട്ടുകൾ, വെളിച്ചവുമില്ല... മാതാജെട്ടിക്ക് സമീപത്തെ പാലത്തിന്റെ സ്ഥിതിയാണിത്. ഇത് കടക്കണമെങ്കിൽ അഭ്യാസം പഠിക്കണം. ഇരുകരകളിലും പടിക്കെട്ടുകൾ തകർന്ന പാലത്തിലൂടെ ദിവസവും നിരവധി പേരാണ് യാത്ര ചെയ്യുന്നത്. രാത്രിയായാൽ യാത്രകൂടുതൽ അപകടകരമാണ്. പാലത്തിൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തിക്കാത്തതിനാൽ തകർന്ന പടികൾ ഇരുട്ടിൽ തപ്പിത്തടയേണ്ടിവരും.
മാതാജെട്ടിയിൽ ബോട്ടിൽ ഇറങ്ങുന്നവരും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വന്നിറങ്ങുന്നവരും ഉൾപ്പെടെ പുന്നമട ഭാഗത്തേക്ക് പോകാൻ ആശ്രയിക്കുന്ന പ്രധാന നടപ്പാലമാണിത്. ഇരുകരകളിലുമായി ഒന്നിലധികം പടികൾ തകർന്നിട്ടുണ്ട്. പകൽസമയത്ത് വെളിച്ചക്കുറവ് വലിയ പ്രശ്‌നമല്ലെങ്കിലും രാത്രിയിൽ പാലം കടക്കുന്നത് ഏറെ സാഹസികമാണ്.
കാൽതെറ്റി വീഴും
തകർന്ന പടികൾ വ്യക്തമായി കാണാൻ കഴിയാത്തതിനാൽ കാൽതെറ്റി വീഴാനുള്ള സാദ്ധ്യതയുമുണ്ട്
അടിയന്തരമായി അറ്റകുറ്റപ്പണി നടത്തേണ്ട സാഹചര്യമുണ്ടായിട്ടും നഗരസഭയുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുണ്ടായില്ല
കഴിഞ്ഞ നെഹ്രുട്രോഫി വള്ളംകളിക്ക് ശേഷം പുന്നമട ഭാഗത്തേക്ക് പോകാൻ എത്തിയവർ കൂട്ടത്തോടെ ഈ പാലത്തെയാണ് ആശ്രയിച്ചത്
വള്ളംകളി കഴിഞ്ഞ് ഒരേസമയം നിരവധി പേർ എത്തിയതോടെ പാലത്തിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്
മതിയായ വെളിച്ചമോ സുരക്ഷാസംവിധാനങ്ങളോ ഇല്ലാതെയാണ് ഇത്രയധികം പേർ പാലത്തിലൂടെ സഞ്ചരിച്ചത്
പാലത്തിന്റെ തകർന്ന പടികൾ അടിയന്തരമായി നിർമ്മിക്കുകയും ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കുകയും വേണം
- യാത്രക്കാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |