SignIn
Kerala Kaumudi Online
Friday, 04 September 2026 6.39 AM IST

ടൗൺ ഹാൾ നിർമ്മാണം, സബ് കമ്മിറ്റി തീരുമാനിക്കും

ആലപ്പുഴ: ടി.വി. തോമസ് സ്മാരക ടൗൺഹാൾ പൊളിച്ച് പുനർനിർമ്മിക്കുന്നതിനുള്ള എല്ലാ സാദ്ധ്യതകളും പഠിക്കാൻ സബ് കമ്മിറ്റി രൂപീകരിക്കാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. ടൗൺഹാൾ പൊളിക്കുന്നത് ഗൗരവപൂർവമായ തീരുമാനമാണെന്നും എല്ലാ സാദ്ധ്യതകളും പഠിച്ചശേഷം മാത്രമേ തുടർതീരുമാനമെടുക്കാവൂവെന്നും നഗരസഭാ സെക്രട്ടറി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കക്ഷി നേതാക്കൾ, സ്ഥിരംസമിതി അദ്ധ്യക്ഷർ, മുൻ നഗരസഭാദ്ധ്യക്ഷ, സെക്രട്ടറി, എൻജിനീയർ എന്നിവർ ഉൾപ്പെട്ടതാകും സബ് കമ്മിറ്റി. രണ്ടാഴ്ചയ്ക്കുള്ളിൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് തുടർനടപടികൾ സ്വീകരിക്കും.

പുനർനിർമ്മാണത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിലും തീരുമാനമെടക്കേണ്ടതുണ്ടെന്ന് സെക്രട്ടറി പറഞ്ഞു. നഗരസഭയുടെ തനത് ഫണ്ട് ലഭ്യമല്ലാത്തതിനാൽ മറ്റ് ഫണ്ടുകൾ കണ്ടെത്തി പുനർനിർമ്മാണം നടത്തുന്നതിനുള്ള മാർഗങ്ങൾ പരിശോധിക്കണമെന്നും നിർദ്ദേശിച്ചു. അതേസമയം, ടൗൺഹാൾ നിർമ്മാണത്തിനായി മുൻ കൗൺസിൽ മൂന്നുകോടി രൂപ ഫിക്‌സഡ് ഡിപ്പോസിറ്റായി നിക്ഷേപിച്ചിട്ടുണ്ടെന്ന് മുൻ നഗരസഭാദ്ധ്യക്ഷ കെ.കെ. ജയമ്മ പറഞ്ഞു. കോടതിപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് നഗരസഭയ്ക്ക് നഷ്ടപരിഹാരമായി ലഭിച്ച തുകയാണിതെന്നും അവർ പറഞ്ഞു.

വീടുവിട്ട് ഇറങ്ങിവരുന്നവരിൽ മാനസിക പ്രശ്‌നമുള്ളവരെ നഗരസഭാ ശാന്തി മന്ദിരത്തിൽ താമസിപ്പിക്കേണ്ടതില്ലെന്നും കൗൺസിൽ തീരുമാനിച്ചു. വിവിധ സാഹചര്യങ്ങളിൽ വീടുവിട്ട് ഇറങ്ങിവരുന്നവരെ പൊലീസിന്റെയും കൗൺസിലർമാരുടെയും സമ്മർദ്ദത്തെ തുടർന്ന് ശാന്തി മന്ദിരത്തിൽ പാർപ്പിക്കേണ്ടിവരുന്നുണ്ട്. ഇത്തരത്തിൽ എത്തുന്നവരിൽ മാനസിക പ്രശ്‌നമുള്ളവരുമുണ്ടെന്നും ഇവരുടെ സാന്നിദ്ധ്യം മറ്റ് താമസക്കാരുടെ സമാധാനം തകർക്കുന്നതായും പ്രതിപക്ഷ നേതാവ് വി.ജി. വിഷ്ണു പറഞ്ഞു.

നഗരത്തിൽ കണ്ണൻവർക്കി പാലത്തിന് സമീപം കുഴിയിൽ വീണ് മരിച്ച മഹേഷ് മാനുവലിന്റെ മരണവുമായി ബന്ധപ്പെട്ട്, നഗരത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ നഗരസഭ പരിശോധിക്കണമെന്ന ആവശ്യവും ഉയർന്നു. മഹേഷിന്റെ കുടുംബത്തിന് നിയമപരമായി ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്ന് നഗരസഭാദ്ധ്യക്ഷ മോളി ജേക്കബ് പറഞ്ഞു.

മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കും

 നിലവിലെ കെട്ടിടം പൊളിച്ചാൽ മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്ന് സെക്രട്ടറി അറിയിച്ചു

 മുൻ കൗൺസിലിന്റെ കാലത്ത് നിർമ്മാണം ഏറ്റെടുത്ത കെല്ലിന് ആദ്യഘട്ടത്തിൽ 15 ലക്ഷം രൂപ നൽകിയിരുന്നു

 കെൽ പിന്മാറിയ സാഹചര്യത്തിൽ ഈ തുക തിരികെ ലഭിച്ചിട്ടണ്ടോയെന്ന് പരിശോധിക്കണമെന്ന് മുൻ നഗരസഭാദ്ധ്യക്ഷ സൗമ്യാ രാജ് ആവശ്യപ്പെട്ടു

 ടൗൺഹാളിന്റെ ആധാരം എവിടെയാണെന്നതും പരിശോധിക്കണമെന്നും അവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL