ആലപ്പുഴ: ഒരു മാസത്തിനിടെ കോഴിവില വൻതോതിൽ ഇടിഞ്ഞതോടെ കർഷകർ കടുത്ത പ്രതിസന്ധിയിൽ. ജൂലായിൽ ഫാം വില കിലോയ്ക്ക് 135 മുതൽ 160 രൂപ വരെ ആയിരുന്നെങ്കിൽ ഇപ്പോൾ 75 മുതൽ 80 രൂപ മാത്രമാണ്. 240 മുതൽ 260 രൂപ വരെയുണ്ടായിരുന്ന ഇറച്ചിവിലയും 130 മുതൽ 140 രൂപയായി കുറഞ്ഞു. ഓണവിപണി ലക്ഷ്യമിട്ട് ഉത്പാദനം വർദ്ധിപ്പിച്ചപ്പോഴാണ് വില കുത്തനെ ഇടിഞ്ഞത്. ഉത്പാദനച്ചെലവിനേക്കാൾ വളരെ താഴ്ന്ന വിലയാണ് ഇപ്പോൾ ലഭിക്കുന്നതെന്ന് കർഷകർ പറയുന്നു. കേരളത്തിലെ ചെറുകിട കർഷകർ ഉത്പാദിപ്പിക്കുന്ന ഇറച്ചിക്കോഴിക്ക് വിപണിയിൽ മതിയായ വില ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതിനിടെ അന്യസംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയിൽ ഇറച്ചിക്കോഴി കേരള വിപണിയിലെത്തിയതോടെ വില വീണ്ടും ഇടിഞ്ഞു. ഇത് ചെറുകിട കർഷകർക്ക് കനത്ത തിരിച്ചടിയായി.
അതേസമയം, കോഴിക്കുഞ്ഞിന്റെയും കോഴിത്തീറ്റയുടെയും വില ദിനംപ്രതി വർദ്ധിക്കുകയാണ്. വൈദ്യുതി, വെള്ളം, തൊഴിൽച്ചെലവ് എന്നിവയും കൂടി കണക്കാക്കുമ്പോൾ മേഖലയിൽ കനത്ത നഷ്ടമാണുണ്ടാകുന്നതെന്ന് കർഷകർ പറയുന്നു. കോഴി ഒരു കിലോ ഭാരമെത്തുന്നതിന് 113 രൂപയാണ് വളർത്തുചെലവ്. സ്വന്തമായി കോഴി വളർത്തുന്നവർക്ക് ജോലിക്കൂലി പോലും പലപ്പോഴും ലഭിക്കാറില്ല.
ഉത്പാദനച്ചെലവ് ഉയർന്നു, വില താഴ്ന്നു
ഉത്പാദനച്ചെലവ് കുതിച്ചുയരുമ്പോൾ വിപണിവില തകർന്നതോടെ കർഷകർ വൻ സാമ്പത്തിക നഷ്ടമാണ് നേരിടുന്നത്
പ്രതിസന്ധി തുടർന്നാൽ നിരവധി ചെറുകിട കർഷകർ പൗൾട്രി മേഖലയിൽ നിന്ന് പിന്മാറേണ്ടിവരും
അന്യസംസ്ഥാനങ്ങളിൽ നിന്ന് അനിയന്ത്രിതമായി ഇറച്ചിക്കോഴി എത്തുന്നത് നിയന്ത്രിക്കണമെന്നാവശ്യമുയരുന്നു
ഇറച്ചിക്കോഴിവില
(കിലോഗ്രാമിന് )
ജൂലായിലെ വില
ഫാംവില- 135-160
ഇറച്ചി വില- 240-260
നിലവിലെ വില
ഫാംവില- 75-80
ഇറച്ചിവില-130-140
പ്രതിസന്ധിയിലായ പൗൾട്രി മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. കേരളത്തിൽ ഇറച്ചിക്കോഴിക്ക് സർക്കാർ തറവില പ്രഖ്യാപിച്ച് കർഷകർക്ക് ന്യായമായ വില ഉറപ്പാക്കണം.
-എസ്.കെ. നസീർ, സംസ്ഥാന ജനറൽ സെക്രട്ടറിഓൾ കേരള പൗൾട്രി ഫെഡറേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |