
ആലപ്പുഴ: ഇരുപത്തിനാല് മണിക്കൂർ ഡ്യൂട്ടിക്കിടയിൽ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ മാർഗമില്ലാതെ ജലഗതാഗത വകുപ്പ് ജീവനക്കാർ. സംസ്ഥാനത്ത് സർവീസ് നടത്തുന്ന 51 ബോട്ടുകളിൽ 36 എണ്ണവും സ്റ്റീൽ ബോട്ടുകളാണ്. ഇവയിൽ പലതിലും ടോയ്ലറ്റ് സംവിധാനമില്ല. ചില ബോട്ടുകളിൽ ഇ - ടോയ്ലറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാലങ്ങളായി മാലിന്യം നീക്കം ചെയ്യാത്തത് കാരണം ഇവയും ഉപയോഗശൂന്യമാണ്. ചുരുക്കത്തിൽ, വിരലിലെണ്ണാവുന്ന സർവീസ് ബോട്ടുകളിലും ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് നടത്തുന്ന സർവീസുകളിലും മാത്രമാണ് ഉപയോഗയോഗ്യമായ ടോയ്ലറ്റുകളുള്ളത്.
മിക്ക സർവീസുകളിലും ജീവനക്കാർ 24 മണിക്കൂർ ഡ്യൂട്ടി നോക്കേണ്ടി വരുന്നുണ്ട്. അവസാന സർവീസിന് ശേഷം ബോട്ട് സ്റ്റേഷനുകളിലോ, ജെട്ടികളിലോ കെട്ടിയിട്ട ശേഷം ജീവനക്കാർ ബോട്ടിൽ കിടന്നുറങ്ങുകയാണ് പതിവ്. ബോട്ടിൽ മാത്രമല്ല, പല സ്റ്റേഷനുകളിലും ടോയ്ലറ്റ് സംവിധാനമില്ലാത്തതിനാൽ ജീവനക്കാർ വലിയ ദുരിതത്തിലാണ്. സഹികെട്ട് വെളിപ്രദേശങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണെന്ന്ജീവനക്കാർ വേദനയോടെ പറയുന്നു. മനുഷ്യാവകാശ കമ്മീഷനിലടക്കം പരാതി നൽകിയിട്ടും പ്രശ്നത്തിൽ ഇടപെടലുണ്ടായിട്ടില്ല.
ക്ലോസറ്റിലിരുന്ന് പ്രതിഷേധിക്കും
ജില്ലയിലെ എടത്വ,നെടുമുടി,കാവാലം,പുളിങ്കുന്ന് എന്നീ ബോട്ട് സ്റ്റേഷനുകളിൽ ടോയ്ലറ്റ് സംവിധാനം പ്രവർത്തിക്കുന്നില്ല
പ്രാഥമിക കൃത്യം നടത്താനാവാതെ മണിക്കൂറുകളോളം ഡ്യൂട്ടി തുടരേണ്ടി വരുന്നത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും
സ്ത്രീകൾ ഉൾപ്പടെ ബോട്ട് മാസ്റ്റർ തസ്തികകളിൽ നിയോഗിക്കപ്പെട്ടിരിക്കുന്ന കാലത്താണ് ഈ അവഗണന
തങ്ങളുടെ നിസഹായാവസ്ഥ സർക്കാരിന്റെ ശ്രദ്ധയിൽകൊണ്ടുവരാൻ പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് ജീവനക്കാരുടെ തീരുമാനം
ആദ്യഘട്ടമായി, വെള്ളിയാഴ്ച രാവിലെ 11ന് ജലഗതാഗത വകുപ്പ് എടത്വ സ്റ്റേഷന് മുന്നിൽ ജീവനക്കാർ ക്ലോസറ്റിലിരുന്ന് ഏകദിനസത്യാഗ്രഹം നടത്തും
സർവീസ് നടത്തുന്ന ബോട്ടുകൾ
51
മണിക്കൂറുകൾ ബോട്ടിൽ തങ്ങേണ്ട ജീവനക്കാർ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ വലിയ പ്രയാസം നേരിടുകയാണ്. പലതവണ പരാതി നൽകിയിട്ടും അധികൃതർ കണ്ണുതുറക്കാത്തതിനാലാണ് സമരത്തിലേക്ക് കടക്കുന്നത്
- ബോട്ട് ജീവനക്കാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |