
തുറവൂർ: കോടിക്കണക്കിന് രൂപ ചെലവിട്ട് നിർമ്മിച്ച തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടം ഉദ്ഘാടനം കഴിഞ്ഞിട്ടും പൂർണമായി പ്രവർത്തനസജ്ജമാകാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. ആധുനിക സൗകര്യങ്ങളോടെ ബഹുനില കെട്ടിടം നിർമ്മിച്ചിട്ടും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആവശ്യമായ ടോയ്ലറ്റ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും ലഭ്യമല്ല.
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നത്. വിവിധ വിഭാഗങ്ങൾ ഇനിയും പൂർത്തിയാകാനുണ്ട്. താലൂക്ക് ആശുപത്രിയെന്ന പദവിയുണ്ടെങ്കിലും ഡോക്ടർമാരുടെയും നഴ്‌സിംഗ് ജീവനക്കാരുടെയും കുറവും ദൈനംദിന പ്രവർത്തനത്തെ ബാധിക്കുന്നു. 2019ഫെബ്രുവരിയിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 51.40 കോടി രൂപയാണ് പുതിയ ആശുപത്രി കെട്ടിടത്തിന് അനുവദിച്ചത്. 2023ജനുവരിയോടെ പ്രധാന പണികൾ പൂർത്തിയായിരുന്നെങ്കിലും വിവിധ സാങ്കേതിക പ്രശ്നങ്ങളും ഭരണപരമായ വീഴ്ചകളും കാരണം നിർമ്മാണം നീണ്ടുപോയി. ഇലക്ട്രിക്കൽ, ഫയർ ആൻഡ് സേഫ്റ്റി, ലിഫ്റ്റ് തുടങ്ങിയ സംവിധാനങ്ങളിൽ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് ചില ഭാഗങ്ങൾ പൊളിച്ചുമാറ്റി വീണ്ടും നിർമ്മിക്കേണ്ടി വന്നു.ബില്ലുകൾ പാസാക്കുന്നതിലും രൂപരേഖകളിൽ അന്തിമ അംഗീകാരം ഉണ്ടായതിലുമുണ്ടായ കാലതാമസം കാരണം കരാറുകാരന് പണം ലഭിക്കാതെ വന്നതും നിർമ്മാണം മന്ദഗതിയിലാക്കി.
ബുദ്ധിമുട്ടി രോഗികൾ
1. ദിവസേന നൂറുകണക്കിന് രോഗികൾ എത്തുന്ന ആശുപത്രിയിൽ പൊതുജനങ്ങൾക്കായി ടോയ്ലറ്റ് സൗകര്യമില്ല
2. സ്ത്രീകൾ, കുട്ടികൾ, വയോധികർ എന്നിവർ ഉൾപ്പെടെയുള്ളവർ ഇത് കാരണം വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്
3. വർഷങ്ങൾക്ക് മുമ്പ് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് പത്ത് ടോയ്ലറ്റുകൾ നിർമ്മിച്ചിരുന്നു
4. പുതിയ കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി അവ പൊളിച്ചുനീക്കിയതോടെ നിലവിൽ രണ്ട് താത്കാലിക കുളിമുറികൾ മാത്രമാണുള്ളത്
നിർമ്മാണ ചെലവ്
₹51.40 കോടി
പുതിയ കെട്ടിടത്തിലെ ശേഷിക്കുന്ന ജോലികൾ അടിയന്തരമായി പൂർത്തിയാക്കി, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ആശുപത്രിയെ പൂർണതോതിൽ പ്രവർത്തനസജ്ജമാക്കുകയും ചെയ്യണം
- രോഗികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |