ആലപ്പുഴ: പകർച്ചവ്യാധികളുടെ പിടിയിലകപ്പെട്ട് ആലപ്പുഴ. രണ്ടാഴ്ചയ്ക്കിടെ ജില്ലയിൽ എലിപ്പനി ബാധിച്ച് രണ്ട് മരണം റിപ്പോർട്ട് ചെയ്തു. ചേർത്തല താലൂക്കിലുള്ളവരാണ് മരിച്ച രണ്ടുപേരും. ആഗസ്റ്റ് 24ന് കടക്കരപ്പള്ളിയിൽ 73 വയസ്സുകാരനും ഈ മാസം നാലിന് പള്ളിപ്പുറത്ത് 58വയസ്സുകാരിയുമാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ 2800ലധികം പേരാണ് പനിബാധിതരായി ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്.
ജില്ലയുടെ വടക്കൻ മേഖലകളിലാണ് മരണം റിപ്പോർട്ട് ചെയ്തതെങ്കിലും, മറ്റ് മേഖലയിലും രോഗം പടരുകയാണ്. മാവേലിക്കര, തൃക്കുന്നപ്പുഴ, തലവടി, കുപ്പപ്പുറം, കഞ്ഞിക്കുഴി മേഖലകളിൽ ഒരാഴ്ചയ്ക്കിടെ എലിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗം നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ മാത്രമേ മരണം ഒഴിവാക്കാനാകൂ. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഉയരുന്നതും ഭീതിപരത്തുന്നു. ദിവസവും ഒട്ടേറെപ്പേർ രോഗലക്ഷണങ്ങളോടെ ചികിത്സ തേടുന്നുണ്ട്. ഈമാസം ഒരു ഡസനിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കെട്ടിക്കിടന്ന വെള്ളത്തിൽ ഈഡിസ് കൊതുകുപെരുകിയതാണ് രോഗവ്യാപനത്തിന് കാരണം. ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതും പ്രതിസന്ധിയാകുന്നുണ്ട്.
പ്രതിരോധമരുന്ന് കഴിക്കണം
മലിനജലത്തിലും മറ്റും ജോലിക്കിറങ്ങുന്നവർ എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിന് കഴിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്ദേശിക്കാറുണ്ട്
പക്ഷേ, പലരും ഇത് കാര്യമായെടുക്കാറില്ല. കാലിലോ കൈയ്യിലോ മുറിവുണ്ടെങ്കിൽ ഒരുകാരണവശാലും അഴുക്കുവെള്ളത്തിലിറങ്ങരുത്.
സമാനമായ ലക്ഷണങ്ങൾ മൂലം പലവിധ പനികൾ തിരിച്ചറിയപ്പെടാതെ പോകാറുണ്ട്. രോഗംതിരിച്ചറിഞ്ഞുള്ള ചികിത്സ അനിവാര്യമാണ്.
ലക്ഷണങ്ങൾ
ഡെങ്കിപ്പനി
ശരീരവേദന, സന്ധിവേദന, വിട്ടുമാറാത്ത ക്ഷീണം, തലവേദനയോടുകൂടിയ ജ്വരം, വിറയൽ. രക്തത്തിൽ പ്ലേറ്റ് ലെറ്റുകളുടെ അളവ് കുത്തനെ കുറഞ്ഞാൽ സങ്കീർണമാകും.
എലിപ്പനി
ശക്തമായ വിറയലോടുകൂടിയ പനി, കുളിര്, തളർച്ച , ശരീരവേദന, തലവേദന , ഛർദ്ദി. ചില ആളുകൾക്ക് വിശപ്പില്ലായ്മ, മനംപുരട്ടൽ, കണ്ണിനു ചുവപ്പ്, നീർവീഴ്ച, വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |