
തുറവൂർ: ദേശീയപാതയോരത്തെ ജംഗ്ഷനുകളിൽ ഓട്ടോ, ടാക്സി വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം വന്നതോടെ മേഖലയിലെ ടാക്സി തൊഴിലാളികൾ ആശങ്കയിൽ. തുറവൂർ മുതൽ തെക്കോട്ടുള്ള പ്രധാന ജംഗ്ഷനുകളിലെ ഓട്ടോ-ടാക്സി സ്റ്റാൻഡുകൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ എം.വി.ഡി. നിർദ്ദേശം നൽകിയത്.തുറവൂർ, പുത്തൻചന്ത, പൊന്നാംവെളി, പട്ടണക്കാട്, വയലാർ, തങ്കിക്കവല എന്നിവിടങ്ങളിലെ ഓട്ടോ-ടാക്സി തൊഴിലാളികളെയാണ് ഇത് ബാധിക്കുക. തുറവൂരിൽ മാത്രം 200ലധികം ഓട്ടോ, ടാക്സി വാഹനങ്ങളുണ്ട്.
കഴിഞ്ഞ ദിവസം തുറവൂർ ജംഗ്ഷനിൽ ഉണ്ടായ വാഹനാപകടത്തിനും ഗതാഗതക്കുരുക്കിനും പ്രധാന കാരണങ്ങളിലൊന്ന് പാതയോരങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണെന്നാണ് വിലയിരുത്തൽ. ഉയരപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കാരണം നാലുവരി പാതയിലെ ഗതാഗതം പല ഭാഗങ്ങളിലും ഒറ്റവരിയിലൂടെയാണ് കടത്തിവിടുന്നത്. തുടർച്ചയായി തുറവൂർ ജംഗ്ഷനിൽ അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് കർശന നടപടികളിലേക്ക് കടന്നതെന്നാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നത്.
ഇരുചക്രവാഹന പാർക്കിംഗും വേണ്ട
നിലവിൽ സർവീസ് റോഡിനോട് ചേർന്നുള്ള കാനയുടെ മുകളിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇനി ദേശീയപാതയോരത്ത് ഇത്തരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നാണ് എം.വി.ഡി.യുടെ നിർദ്ദേശം. കാനയുടെ മുകളിൽ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെയും വരും ദിവസങ്ങളിൽ നടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഓട്ടോ-ടാക്സി സ്റ്റാൻഡുകൾ ക്രമീകരിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിൽ അപേക്ഷ നൽകി നിയമാനുസൃത സ്റ്റാൻഡുകൾക്ക് സൗകര്യമൊരുക്കണമെന്നാണ് എം.വി.ഡി. നിർദ്ദേശിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |