SignIn
Kerala Kaumudi Online
Friday, 11 September 2026 2.49 AM IST

ഷെൽട്ടർ ഹോമുകൾ തേടി പൊലീസിന്റെ പെടാപ്പാട്

ആലപ്പുഴ: രാത്രികാലങ്ങളിൽ കണ്ടെത്തുന്ന മാനസികപ്രശ്നമുള്ളവരെ പാർപ്പിക്കാൻ ഷെൽട്ടർ ഹോം ജീവനക്കാർ മടിക്കുന്നതിനാൽ പൊലീസ് ഉദ്യോഗസ്ഥർ പ്രതിസന്ധിയിൽ. ബുധനാഴ്ച രാത്രി ആലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്ന് കണ്ടെത്തിയ മാനസികവെല്ലുവിളിയുള്ള അമ്മയെയും സ്കൂൾ വിദ്യാർത്ഥിയായ മകനെയും പാർപ്പിക്കാൻ ഇടമില്ലാതെ മണിക്കൂറുകളോളമാണ് ഉദ്യോഗസ്ഥർ അലഞ്ഞത്. ഒടുവിൽ ജില്ലാ പൊലീസ് മേധാവി നേരിട്ട് ഇടപെട്ടാണ് അടിയന്തരഘട്ടങ്ങളിൽ സ്ത്രീകളെയും കുട്ടികളെയും പാർപ്പിക്കാനുള്ള സഖി വൺസ്റ്റോപ്പ് സെന്ററിൽ ഇവർ‌ക്ക് രാത്രിയിൽ കഴിയാൻ ഇടമൊരുക്കിയത്.

ഇന്നലെ രാവിലെ ആലുവയിൽ നിന്ന് കുടുംബമെത്തി സ്ത്രീയെയും മകനെയും കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. രാത്രികാലങ്ങളിൽ അന്തേവാസികളുമായി എത്തുമ്പോൾ വിവിധ ഷെൽട്ടർ ഹോമുകളിൽ സൗകര്യം നിഷേധിക്കുന്നത് വർഷങ്ങളായി തുടരുന്ന പതിവാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഇതോടെ കൈതവന, പുന്നപ്ര, കാട്ടൂർ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന കന്യാസ്ത്രീ മഠങ്ങളിലാണ് പല രാത്രികളിലും അഗതികൾക്ക് അഭയം ഒരുക്കുന്നത്.

മാനസികപ്രശ്നമുള്ളവരെ

താമസിപ്പിക്കാൻ ബുദ്ധിമുട്ടുന്നു

1. മാനസിക വെല്ലുവിളി നേരിടുന്നവർ ഏത് നിമിഷവും അക്രമാസക്തരാകാം എന്ന ഭയമാണ് ഇവരെ ഏറ്റെടുക്കുന്നതിൽ പ്രതിസന്ധിയെന്ന് ഷെൽട്ടർഹോം ജീവനക്കാർ

2. കുടുംബശ്രീക്ക് കീഴിൽ പ്രവർത്തിക്കുന്ന 'സ്നേഹിത'യിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ 3മുതൽ അഞ്ച് വരെ ജീവനക്കാരുണ്ടാകും. ഇവിടെ പൊലീസിന്റെ സ്ഥിരസേവനമില്ല

3. വനിതാശിശുവികസന വകുപ്പിന് കീഴിലുള്ള 'സഖി' സെന്ററുകളിൽ പൊലീസിന്റെ സേവനം ലഭ്യമാണെങ്കിലുംകെട്ടിടനിർമ്മാണം കാരണം ഇവിടെ സൗകര്യമില്ല

4. നിലവിൽ സഖി സെന്റർ ആലപ്പുഴ നോ‌ർത്ത് പൊലീസ് സ്റ്റേഷന്റെ ക്വാർട്ടേഴ്സിലാണ് പ്രവർത്തിക്കുന്നത്. ഇവിടെയാണ് സൗകര്യങ്ങളുടെ കുറവ്

5. തിരുവോണദിവസം ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി ഷെൽട്ടർ ഹോമിലെത്തിച്ച യുവതി ആത്മഹത്യാഭീഷണി ഉയർത്തിയിരുന്നു

താമസിപ്പിക്കേണ്ടെന്ന്

നഗരസഭ തീരുമാനം

വീടുവിട്ട് ഇറങ്ങിവരുന്നവരിൽ മാനസികപ്രശ്‌നമുള്ളവരെ നഗരസഭാ ശാന്തിമന്ദിരത്തിൽ താമസിപ്പിക്കേണ്ടതില്ലെന്നാണ് ആലപ്പുഴ നഗരസഭാ കൗൺസിലിന്റെ തീരുമാനം. വിവിധസാഹചര്യങ്ങളിൽ വീടുവിട്ട് ഇറങ്ങിവരുന്നവരെ പൊലീസിന്റെയും കൗൺസിലർമാരുടെയും സമ്മർദ്ദത്തെ തുടർന്ന് മന്ദിരത്തിൽ പാർപ്പിക്കേണ്ടിവരുന്നുണ്ട്. ഇത്തരത്തിൽ എത്തുന്നവരിൽ മാനസിക പ്രശ്‌നമുള്ളവരുമുണ്ടെന്നും ഇവരുടെ സാന്നിദ്ധ്യം മറ്റ് താമസക്കാരുടെ സമാധാനം തകർക്കുന്നതായും വിലയിരുത്തി.

രാത്രിസുരക്ഷയ്ക്ക് പൊലീസിന്റെ സാന്നിദ്ധ്യം ഉറപ്പാക്കിയാൽ പോലും പല സ്ഥാപനങ്ങളും സ്ത്രീകളെയും കുട്ടികളെയും ഏറ്റെടുക്കാൻ തയാറാകാറില്ല. മാനസികപ്രശ്നം നേരിടുന്നവരുടെ സുരക്ഷ ഉറപ്പാക്കൽ കടുത്ത വെല്ലുവിളിയായി മാറുകയാണ്

- പൊലീസ് ഉദ്യോഗസ്ഥർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL