SignIn
Kerala Kaumudi Online
Thursday, 17 September 2026 2.50 AM IST

ഡോക്ടറുടെ നാവ് പൊന്നായി, അദിത്യ ആര്യൻ ഡോക്ടറായി

ph
ഡോ. ആദിത്യ ആര്യൻ

കായംകുളം : ബാല്യകാല ഓർമ്മയും ഡോക്ടറുടെ സ്നേഹപൂർവമായ ഉപദേശവും നെഞ്ചിലേറ്റിയ യുവാവ്, ഒടുവിൽ തന്റെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നതിന്റെ ആഹ്ളാദത്തിലാണ്. അവസാന വർഷ എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കായംകുളം സ്വദേശി അദിത്യ ആര്യൻ ഇന്ന് അതിന്റെ ത്രില്ലിലാണ്. ​ആറു വയസുള്ളപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രശസ്ത ന്യൂറോ സർജനായ ഡോ.എസ്.ആർ. ചന്ദ്രയുടെ അടുത്ത് ചികിത്സയ്ക്കായി എത്തിയതാണ് അദിത്യയുടെ ജീവിതത്തിൽ വഴിത്തിരിവായത്. അന്ന് മടിയിലിരുത്തി "ഭാവിയിൽ ആരാകാനാണ് ആഗ്രഹം" എന്ന് ചോദിച്ച ഡോക്ടറോട്, "അച്ഛനെപ്പോലെ പൊലീസ് ഓഫീസറാകണം" എന്നായിരുന്നു കുഞ്ഞ് അദിത്യയുടെ മറുപടി. എന്നാൽ, "അത് വേണ്ട മോനേ, നീ എന്നെപ്പോലെ ഒരു ഡോക്ടറായാൽ മതി" എന്ന് ഡോക്ടർ സ്നേഹത്തോടെ ഉപദേശിച്ചു. ആ വാക്ക് മനസിൽ ഉറപ്പിച്ച അദിത്യ, പിന്നീട് ആരാകണം എന്ന ചോദ്യത്തിന് ഡോക്ടറാകും എന്ന് ഉറപ്പിച്ചു പറയാൻ തുടങ്ങി.

​വർഷങ്ങൾക്ക് ശേഷം കഠിനാധ്വാനത്തിലൂടെയും മാതാപിതാക്കളുടെ പിന്തുണയോടെയും ആ സ്വപ്നം യാഥാർത്ഥ്യമായി. ഹൈസ്കൂൾ വിദ്യാഭ്യാസം അരുണാചൽ പ്രദേശിലെ ഇറ്റാനഗർ വി.കെ.വിയിലും പ്ലസ് ടു കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് സ്കൂളിലും പൂർത്തിയാക്കിയ അദിത്യ, കോഴിക്കോട് കെ.എം.സി.റ്റി മെഡിക്കൽ കോളേജിൽ നിന്നാണ് എം.ബി.ബി.എസ് ബിരുദം നേടിയത്.

എം.ബി.ബി.എസ് അഡ്മിഷൻ ലഭിച്ചശേഷം 2022-ൽ അച്ഛനോടൊപ്പം നിലവിൽ തിരുവനന്തപുരം എസ്.കെ. ഹോസ്പിറ്റലിൽ സേവനമനുഷ്ഠിക്കുന്ന ഡോ. എസ്.ആർ. ചന്ദ്രയെ സന്ദർശിച്ചിരുന്നു. സന്തോഷം പങ്കുവെച്ച അദിത്യയ്ക്ക്, ഡോക്ടർ ശ്രീകൃഷ്ണന്റെ ചിത്രം ഉപഹാരമായി നൽകുകയും അനുഗ്രഹിക്കുകയും ചെയ്തു.

​ അരുണാചൽ പ്രദേശ് പൊലീസിൽ സബ് ഇൻസ്പെക്ടറായ കായംകുളം കണ്ടല്ലൂർ കിണറ്റുകര തത്വമസിയിൽ ശ്രീമോഹൻ കുമാറിന്റെയും അരുണാചലിലെ ഗവ.അദ്ധ്യാപിക ഹേമ സുരേഷിന്റെയും മകനാണ് ഡോ. അദിത്യ ആര്യൻ. സഹോദരൻ അഗസ്ത്യ ആര്യൻ ഒന്നാം വർഷ വെറ്ററിനറി വിദ്യാർത്ഥിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL