ആലപ്പുഴ: കേന്ദ്രം മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതോടെ, ജില്ലയിൽ നൽകാനായത് 50 മുതൽ 70 ശതമാനം ഗുണഭോക്താക്കൾക്ക് മാത്രം. റേഷൻ കടകൾക്കും മത്സ്യത്തൊഴിലാളികൾക്കും നൽകാനുള്ള സ്റ്റോക്കാണ് വെട്ടിക്കുറച്ചത്. ജില്ലയിലെ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നതിനുള്ള മണ്ണെണ്ണയുടെ 56 ശതമാനവും മത്സ്യത്തൊഴിലാളികൾക്ക് നൽകാനുള്ളതിൽ 54 ശതമാനവും മാത്രമാണ് ലഭിച്ചത്. ഇത് വലിയ പ്രതിസന്ധിക്ക് ഇടയാക്കുമെന്നാണ് റേഷൻ വ്യാപാരികളും മത്സ്യത്തൊഴിലാളികളും പറയുന്നത്.
സംസ്ഥാനത്ത് നാല് ഘട്ടങ്ങളിലായാണ് റേഷൻ കടകൾ വഴി മണ്ണെണ്ണ വിതരണം ചെയ്യുന്നത്. ഇതിൽ ജൂലായ്, ആഗസ്റ്റ്, സെപ്തംബർ മാസത്തിലെ വിഹിതമാണ് കേന്ദ്രം വെട്ടിക്കുറച്ചത്. സംസ്ഥാനത്താകെ 16 ലക്ഷം മെട്രിക് ടൺ ലിറ്റർ മണ്ണെണ്ണയാണ് കുറച്ചതെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. എ.എ.വൈ (മഞ്ഞ) കാർഡുകൾക്ക് ഒരു ലിറ്ററും ബാക്കി കാർഡുടമകൾക്ക് അര ലിറ്റർ മണ്ണെണ്ണയുമാണ് വിതരണം ചെയ്യുന്നത്.
ഓണക്കാലത്ത് മണ്ണെണ്ണയ്ക്ക് ആവശ്യം കൂടി. ഒക്ടോബർ, നവംബർ, ഡിസംബർ മാസത്തെ വിഹിതവും കുറയാനാണ് സാദ്ധ്യത. മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതോടെ റേഷൻ കടകളിൽ തർക്കങ്ങൾ രൂക്ഷമാകുമെന്നും ആദ്യമെത്തിയ കാർഡുടമകൾക്ക് മണ്ണെണ്ണ വിതരണം ചെയ്തതോടെ പലയിടത്തും സ്റ്റോക്ക് തീർന്നതായും വ്യാപാരികൾ പറയുന്നു.
മത്സ്യത്തൊഴിലാളികൾക്ക് ദുരിതം
1.മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതോടെ വലിയ ദുരിതത്തിലാണ് ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. ഒരു വള്ളം ഇറങ്ങുമ്പോൾ എൻജിൻ അനുസരിച്ച് 40-130 ലിറ്റർ മണ്ണെണ്ണ വരെ ആവശ്യമാണ്.
2.മണ്ണെണ്ണ കിട്ടാതെ വരുമ്പോൾ ലിറ്ററിന് 140 മുതൽ150 രൂപയ്ക്ക് വരെ പുറത്ത് നിന്ന് മണ്ണെണ്ണ വാങ്ങേണ്ട അവസ്ഥ വരും. ഇത് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും
3. ആദ്യം ചെല്ലുന്നവർക്ക് മാത്രം മണ്ണെണ്ണ ലഭിക്കുകയും ബാക്കിയുള്ളവർക്ക് അത് കിട്ടാതാകുന്നതും വലിയ പ്രതിഷേധങ്ങൾക്കും തർക്കങ്ങൾക്കും ഇടവരുത്തും
മണ്ണെണ്ണ വിഹിതം
(കിലോ ലിറ്ററിൽ)
റേഷൻ കടകൾ
ലഭിക്കേണ്ടത്: 276
ലഭിച്ചത്: 156
റേഷൻ കാർഡുകൾ: 627024
മത്സ്യബന്ധനം
ലഭിക്കേണ്ടത്: 270
ലഭിച്ചത്: 144
മണ്ണെണ്ണ പെർമിറ്രുകൾ: 2127
മണ്ണെണ്ണ വിതരണത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം. പ്രശ്നം പരിഹരിക്കണം. മണ്ണെണ്ണ മുഴുവനായി നൽകാൻ കഴിഞ്ഞില്ലെങ്കിൽ പി.എച്ച്.എച്ച്, എ.എ.വൈ കാർഡുകൾക്ക് മാത്രമായി നിജപ്പെടുത്തണം
-എൻ. ഷിജീർ,
സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി,
കേരള സ്റ്രേറ്റ് റീട്ടേയ്ൽ റേഷൻ ഡീലേഴ്സ് അസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |